• പുതിയ ഹോട്ടലില്‍ നിന്നും നൂറോളം പേര്‍ക്ക് മഞ്ഞപ്പിത്തബാധ, ഒരു മരണം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

പുതിയതായി ആരംഭിച്ച ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച നൂറോളം പേര്‍ക്ക് മഞ്ഞപ്പിത്ത ബാധ കണ്ടെത്തി. രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന കാളികാവ് സ്വദേശി അച്ചിപ്പാറ സത്താർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. സാഹചര്യം ഗുരുതരമായതോടെ ആരോഗ്യവകുപ്പ് ഈ മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് . നിലവില്‍ 18പേരാണ് ചികിത്സയിലുളളത്. ഇതില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞ മാസം 3 മുതല്‍ 18വരെ  ഈ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവരിലാണ് രോഗം കണ്ടെത്തിയത്.  ഹോട്ടല്‍ ജീവനക്കാര്‍ക്ക് തന്നെയാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്ക്വാഡുകളെ ഉപയോഗിച്ച് പഞ്ചായത്തുകളിലെ ജീവനക്കാര്‍ വീടുകൾ തോറും കയറി തുടങ്ങി. തട്ടുകടകൾ ഉൾപ്പെടെയുള്ള ഭക്ഷണശാലകളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുചിത്വം ഉറപ്പാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. വണ്ടൂർ, തിരുവാലി, കാളികാവ് പഞ്ചായത്തിലുള്ളവർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുള്ളത്. 

പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി വണ്ടൂരിലെ റസ്റ്ററന്റുകള്‍, കൂള്‍ബാര്‍, കന്റീന്‍ എന്നിവിടങ്ങളില്‍ ആരോഗ്യവിഭാഗം പരിശോധന ഊര്‍ജിതമാക്കിയിരിക്കുകയാണ്. നഗരസഭയുടെ സമീപ പ്രദേശങ്ങളിലെല്ലാം മഞ്ഞപ്പിത്തം വ്യാപിക്കുന്ന സാഹചര്യത്തിലായിരുന്നു പരിശോധന. ഏതാനും സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. നഗരസഭ ക്ലീൻ സിറ്റി മാനേജർ, ജെ.എ.നുജൂമിന്റെ നേതൃത്വത്തിൽ രണ്ട് സ്ക്വാഡ് ആണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് സെക്രട്ടറി വൈ.പി.മുഹമ്മദ് അഷ്റഫ് പറഞ്ഞു.

ENGLISH SUMMARY:

Nearly 100 people have contracted jaundice after eating at a newly opened hotel in the Kaalikavu–Wandoor region of Malappuram district, Kerala. Kaalikavu native Achippara Sattar, who was undergoing treatment for the infection, died recently, while 18 people are currently receiving treatment and one patient is reportedly in critical condition at a private hospital in Kozhikode. The infections were reported among people who ate at the hotel between October 3 and 18, with hotel employees among the first confirmed cases on October 11. Health officials have intensified preventive measures, including house-to-house surveillance, water quality checks and inspections of restaurants, cool bars and canteens in Wandoor, Thiruvali and Kaalikavu.