TAGS

ഏറ്റവും എളുപ്പം ഉണ്ടാക്കാവുന്നതുകൊണ്ടുതന്നെ നമ്മുടെയൊക്കെ തീന്‍മേശയില്‍ ദിനവും കാണുന്ന ഒരു വിഭവമാണ് മുട്ട. പുഴുങ്ങിയും പൊരിച്ചും പല രൂപത്തിലും ഭാവത്തിലും മുട്ട നമ്മള്‍ കഴിക്കാറുമുണ്ട്. എന്നാൽ ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണോ? ഒരു ദിവസം എത്ര മുട്ട വരെ കഴിക്കാം? എന്നീ സംശയങ്ങൾ എല്ലാവർക്കും ഉണ്ടാകാറുണ്ട്. 

വർഷങ്ങൾക്ക് മുമ്പ് ആഴ്ചയിൽ ഒന്നോ രണ്ടോ മുഴുവന്‍ മുട്ടകളിൽ കൂടുതൽ കഴിക്കരുതെന്നായിരുന്നു ഉപദേശം. മുട്ടയുടെ മഞ്ഞക്കരുവിൽ ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ ഉള്ളതാണ് പ്രധാന പ്രശ്നം. എന്നാല്‍ മഞ്ഞക്കരുവിലെ കൊളസ്ട്രോളില്‍ മാറ്റമില്ലെങ്കിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മുട്ട കഴിക്കുന്നവരുടെയും കഴിക്കുന്ന മുട്ടകളുടെയും എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 

സമീപകാല പഠനങ്ങൾ ഇപ്പോഴും ഒരു ശരിയായ ഉത്തരം നൽകുന്നില്ലെങ്കിലും ശരാശരി ആരോഗ്യമുള്ള വ്യക്തി ആഴ്ചയിൽ ഏഴ് മുട്ടകൾ വരെ, അതായത് ദിവസവും രണ്ട് മുട്ടയൊക്കെ കഴിക്കുന്നത് കൊണ്ട് ഒരു ദോഷവും സംഭവിക്കാൻ സാധ്യതയില്ലെന്നാണ് പറയുന്നത്. ഇനി ജിമ്മില്‍ പോകുന്ന ആളുകളോ കായിക അധ്വാനം കൂടുതലുള്ള തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോ ആണെങ്കില്‍ നാല് മുട്ട വരെ കഴിക്കാം. മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രമാണെങ്കില്‍ പത്തെണ്ണവും കഴിക്കാം. ഒരു ഡയറ്റീഷ്യനെ കണ്ട് വിദഗ്ധാഭിപ്രായമെടുക്കുന്നതായിരിക്കും ഏറ്റവും ഉചിതം.

വാസ്തവത്തിൽ, മുട്ടകൾ പോഷകസമൃദ്ധമായ ഒരു ഭക്ഷണമാണ്. അവയിൽ കലോറിയും പൂരിത കൊഴുപ്പും താരതമ്യേന കുറവാണ്, കൂടാതെ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നവുമാണ്. കണ്ണുകൾക്ക് നല്ലതായ ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ പോഷകങ്ങളും തലച്ചോറിനെയും നാഡീവ്യവസ്ഥയെയും പിന്തുണയ്ക്കാൻ സഹായിക്കുന്ന കോളിനും അവയിൽ അടങ്ങിയിട്ടുണ്ട്.

ENGLISH SUMMARY:

Daily egg consumption is a common practice, and this article clarifies the optimal daily intake of eggs. It addresses common concerns about cholesterol and provides insights from recent studies on healthy egg consumption.