എണ്ണമറ്റ റെക്കോർഡുകൾ സ്വന്തം പേരിലുള്ള ഫുട്‍ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയോട് കരിയറിലെ ഏറ്റവും വലിയ നേട്ടം എന്താണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ.. 'അതെന്റെ കുടുംബമാണ്'. ഫുട്ബാളിലൂടെ ലോകത്തിന്‍റെ നെറുകയിൽ നിൽക്കുമ്പോഴും ഒരു നല്ല പിതാവാകാൻ ശ്രമിച്ചുകൊണ്ടേ ഇരിക്കുന്നയാളാണ് റൊണാൾഡോ. ഏറ്റവും തിരക്കേറിയ, കഠിനമായ കായികജീവിതത്തിനിടയിലും മക്കളെ വളർത്തുന്നത്തിനായി അദ്ദേഹം സമയം കണ്ടെത്തുന്നു.
ക്രിസ്റ്റ്യാനോ ജൂനിയർ, ഇരട്ടകളായ ഇവാ, മാറ്റിയോ, അലാന മാർട്ടിന, ബെല്ല എസ്മെറാൾഡ എന്നീ അഞ്ച് കുട്ടികളുടെ പിതാവാണ് റൊണാൾഡോ. ആഡംബരം ഇല്ലാത്തതും വ്യത്യസ്തവുമായ റൊണാൾഡോയുടെ പാരന്‍റിങ് രീതികൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്. തന്‍റെ കുട്ടികൾക്കായി റൊണാൾഡോ വീട്ടിൽ നടപ്പിലാക്കിയ ഏഴ് കർശന നിയമങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ജങ്ക് ഫുഡിനോട് 'നോ'
റൊണാൾഡോയുടെ വീട്ടിൽ ജങ്ക് ഫുഡിന് കർശന വിലക്കാണ്. ഫാസ്റ്റ് ഫുഡ്, മധുരപലഹാരങ്ങൾ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവയൊന്നും അനുവദിക്കില്ല. ഗ്രിൽ ചെയ്ത മീൻ, പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, ധാരാളം വെള്ളം എന്നിവയടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമമാണ് കുട്ടികൾ പിന്തുടരുന്നത്. യുറോ കപ്പ് വാര്‍ത്താസമ്മേളനത്തിനിടയില്‍ തന്‍റെ മുന്നിലിരുന്ന കൊക്കകോള കുപ്പികൾ മാറ്റി വെച്ച്, വെള്ളക്കുപ്പി ഉയർത്തിക്കാട്ടിയത് നമ്മൾ കണ്ടതാണ്. അത് ലോകത്തിന് നൽകിയ സന്ദേശം മാത്രമല്ല, സ്വന്തം ജീവിതത്തിൽ അദ്ദേഹം പാലിക്കുന്ന നിയമം കൂടിയാണ്.
സ്മാർട്ട്‌ഫോൺ ഫ്രീ ബാല്യം
കുട്ടികൾക്ക് സ്മാർട്ട്‌ഫോണുകൾ നൽകാറില്ല. ചെറിയ പ്രായത്തിൽ സ്മാർട്ട്‌ഫോണുകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. കുട്ടികൾ സ്ക്രീനുകളിൽ നോക്കി സമയം കളയാതെ പഠനത്തിലും കായിക വിനോദങ്ങളിലും യഥാർഥ ജീവിതാനുഭവങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. മൂത്തമകനായ ക്രിസ്റ്റ്യാനോ ജൂനിയർ പലതവണ ആവശ്യപ്പെട്ടിട്ടും അവന് ഒരു സ്മാർട്ട്‌ഫോൺ വാങ്ങി നൽകാൻ റൊണാൾഡോ തയാറായിട്ടില്ല എന്നത് വലിയ വാർത്തയായിരുന്നു.
പഠനത്തിന് എപ്പോഴും ഒന്നാം സ്ഥാനം
തന്‍റെ വീട്ടിൽ കളിക്ക് മുൻപ് പഠനത്തിനാണ് സ്ഥാനമെന്ന് റൊണാൾഡോ വ്യക്തമാക്കുന്നു. സ്കൂൾ ഹോംവർക്കുകളും പഠനകാര്യങ്ങളും പൂർത്തിയാക്കാതെ കുട്ടികളെ ഫുട്ബോൾ പരിശീലനത്തിനോ മറ്റ് വിനോദങ്ങൾക്കോ അദ്ദേഹം അനുവദിക്കാറില്ല.വിദ്യഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകുനു.
സ്വന്തം വഴി അവർ തിരഞ്ഞെടുക്കട്ടെ
മക്കൾ തന്‍റെ വഴി തന്നെ പിന്തുടരണമെന്ന് ഒരിക്കലും റൊണാൾഡോ നിർബന്ധിക്കാറില്ല. 'എന്‍റെ മക്കളുടെ മേൽ യാതൊരുവിധ സമ്മർദവുമില്ല. ക്രിസ്റ്റ്യാനോ ജൂനിയറിന് വേണമെങ്കിൽ നല്ലൊരു ഫുട്ബോളറാകാം, പക്ഷേ അത് അവന്‍റെ താൽപര്യവും കഠിനാധ്വാനവും കൊണ്ടായിരിക്കണം' എന്നാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്. കുട്ടികൾക്ക് അവരുടെ കഴിവ് തിരിച്ചറിയാനുള്ള സ്വാതന്ത്ര്യമാണ് നൽകേണ്ടത്, അല്ലാതെ മാതാപിതാക്കളുടെ പ്രതീക്ഷകളുടെ ഭാരമല്ല എന്നത് അദ്ദേഹം വ്യക്തമാക്കുന്നു.
അമിതമായ ലാളനയില്ല
ശതകോടികളുടെ ആസ്തിയുണ്ടായിട്ടും, മക്കൾ ആവശ്യപ്പെടുന്നതെല്ലാം വാങ്ങി നൽകാൻ അദ്ദേഹം തയാറല്ല. ചോദിക്കുന്നതെല്ലാം എളുപ്പത്തിൽ ലഭിച്ചാൽ അവർക്ക് കഠിനാധ്വാനത്തിന്‍റെ വില മനസ്സിലാകില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു. സമ്മാനങ്ങൾ വേണമെങ്കിൽ അത് കഠിനാധ്വാനത്തിലൂടെ നേടിയെടുക്കണം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കിയും, സാധാരണക്കാരോട് പെരുമാറുന്ന രീതി കാണിച്ചുകൊടുത്തും വിനയത്തിന്‍റെ പാഠങ്ങളാണ് അദ്ദേഹം മക്കൾക്ക് പകർന്നു നൽകുന്നത്.
ഫിറ്റ്നസ് ജീവിതത്തിന്റെ ഭാഗം
ഫിറ്റ്നസ് എന്നത് കായികതാരങ്ങൾക്ക് മാത്രം വേണ്ട ഒന്നാണെന്ന് റൊണാൾഡോ കരുതുന്നില്ല. അദ്ദേഹത്തിന്‍റെ വീട്ടിൽ വ്യായാമം എന്നത് ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും പോലെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാണ്. നീന്തുക, ഓടുക, കളിക്കുക എന്നിവയിലൂടെ കുട്ടികൾ എപ്പോഴും സജീവമായിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കുന്നു. ഒരിക്കൽ കുട്ടികൾക്ക് ഐസ്ക്രീം വാങ്ങി നൽകിയ ശേഷം റൊണാൾഡോ മകനോടൊപ്പം സൈക്കിൾ ചവിട്ടുന്ന വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. മധുരം കഴിച്ച് ശരീരത്തിലെത്തുന്ന അമിത ഊർജത്തെ വ്യായാമത്തിലൂടെ ഇല്ലാതാക്കണമെന്ന പാഠമാണ് അദ്ദേഹം അവിടെ നൽകിയത്.
ബഹുമാനവും വിനയവും
ഭക്ഷണം, വിദ്യാഭ്യാസം, ഫിറ്റ്നസ് എന്നിവയ്ക്കപ്പുറം റൊണാൾഡോ തന്‍റെ മക്കളെ പഠിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം 'ബഹുമാനമാണ്'. സ്കൂളിലെ ജീവനക്കാർ, ടീമിലെ സഹതാരങ്ങൾ, ആരാധകർ, കളിക്ക് ശേഷം ഡ്രസ്സിങ് റൂം വൃത്തിയാക്കുന്നവർ... അങ്ങനെയുള്ള എല്ലാവരെയും ഒരേ അന്തസ്സോടെയും ബഹുമാനത്തോടെയും കാണാൻ കുട്ടികൾക്ക് കഴിയണം. അച്ഛന്റെ പ്രശസ്തിയോ പണമോ മറ്റുള്ളവരെ ചെറുതായി കാണാനുള്ള കാരണമല്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.