CristianoRonaldo

ലോകകപ്പ് അവസാനത്തോടടുക്കുന്തോറും കിരീടം കൈവിട്ട രാജാക്കന്മാരുടെ പട്ടിക വലുതാകുന്നു. ലൂക്കാ മോഡ്രിച്ച്, നെയ്മാര്‍ ഇപ്പൊഴിതാ ക്രിസ്റ്റ്യാനോ. പക്ഷേ നിങ്ങള്‍ വിഷമിക്കേണ്ടതില്ല. ഫുട്ബോളിന്‍റെ ആത്മാവറിഞ്ഞവരായിട്ടും ലോകകിരീടം വഴുതിപ്പോയ ഇതിഹാസങ്ങളോടൊപ്പമാണ് നിങ്ങളുടെയും ഇരിപ്പിടം. അവര്‍ ലോകകിരീടം കൂടി നേടട്ടെയെന്ന്  ഫുട്ബോളിനെ നെഞ്ചേറ്റുന്നവരെല്ലാം നിരുപാധികം ആഗ്രഹിച്ചിട്ടുണ്ട്. നിറമോ മണമോ ഇല്ലാത്ത കാറ്റ് നിറഞ്ഞ പന്തിന് മാരിവില്‍ വര്‍ണങ്ങളും വസന്തഋതുവിന്‍റെ സുഗന്ധവും നല്‍കിയവരാണവര്‍.

ആ പട്ടികയിലെ ആദ്യത്തെയാളാണ് നെതര്‍ലന്‍ഡ്സിന്‍റെ യൊഹാന്‍ ക്രൈഫ്. ടോട്ടൽ ഫുട്ബോൾ എന്ന ആശയത്തിലൂടെ കളിയുടെ തന്നെ വ്യാകരണം മാറ്റിയെഴുതിയെ ക്രൈഫ് 1974-ൽ നെതർലൻഡ്സിനെ ഫൈനലിലെത്തിച്ചു. പക്ഷേ പടിഞ്ഞാറൻ ജർമ്മനിയോട് തോറ്റതോടെ ലോകകപ്പ് സ്വപ്നമായി മാറി. ഫറങ്ക് പുഷ്കാസ് എന്ന ഹംഗേറിയൻ മാന്ത്രികനും അതേ വിധി നേരിട്ടു. 1954ൽ അപരാജിതരായി മുന്നേറിയ ഹംഗറിയെ ഫൈനലിൽ പശ്ചിമ ജർമ്മനി വീഴ്ത്തി. പന്ത് പാസ് ചെയ്യുന്നതില്‍ അഗ്രണ്യനായ മിഷേല്‍ പ്ലാറ്റിനി ഫ്രാന്‍സിനെ യൂറോപ്യന്‍ ചാംപ്യന്മാരാക്കി.  1982ലും 1986ലും ഫ്രാൻസിനെ ലോകകപ്പിന്‍റെ  സെമിഫൈനലിലെത്തിച്ചെങ്കിലും ലോക കിരീടം കൈവിട്ടു. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച മധ്യനിര താരങ്ങളിൽ ഒരാളായ ബോബി ചാള്‍ട്ടണ്‍ 1966 ല്‍ ലോകകപ്പ് നേടി, എന്നാൽ അദ്ദേഹത്തിന്റെ പിൻഗാമികള്‍ക്ക് പിന്നീടൊരിക്കലും കപ്പില്‍ മുത്തമിടാന്‍ കഴിഞ്ഞിട്ടില്ല. ഡേവിഡ് ബെക്കാം, സ്റ്റീവന്‍ ജെറാഡ്, ഫ്രാങ്ക് ലാംപാര്‍ഡ് എന്നിവരുടെ സുവർണതലമുറയ്ക്ക് പോലും. 

1994-ൽ ബ്രസീലിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ ഫൈനൽ നഷ്ടപ്പെട്ട റോബെര്‍ട്ടോ ബാജിയോയുടെ കണ്ണീർ ഇന്നും ആരാധകര്‍ക്ക് നീറ്റലാണ്. ഇറ്റലിയുടെ പൗളോ മാള്‍ഡീനിക്കും ലോകകപ്പ് എടുക്കാനായില്ല. നെതർലൻഡ്സിന്റെ മാര്‍ക്കോ വാന്‍ബാസ്റ്റണും, റൂ‍ഡ് ഗള്ളിറ്റും അടങ്ങുന്ന ടീം കപ്പ് നേടണമെന്ന് ആഗ്രഹിച്ചവര്‍ക്കും നിരാശയായിരുന്നു ഫലം. 

ഈ ലോകകപ്പില്‍ ആരാധകര്‍ ആദ്യം വിഷമിച്ചത്  ലൂക്കാ മോഡ്രിച്ചിന് വേണ്ടിയായിരുന്നു. 2018ൽ ക്രൊയേഷ്യയെ ആദ്യമായി ഫൈനലിലെത്തിച്ചെങ്കിലും ഫ്രാൻസിനോട് കീഴടങ്ങേണ്ടിവന്നു. ഇത്തവണ പോര്‍ച്ചുഗലിനോടും. 

നെയ്മാറാണ് പിന്നീട് വേദനയായത്. മോഡ്രിച്ചിനും നെയ്മാറിനും പിന്നാലെ ക്രിസ്റ്റ്യാനോയും വെറുംകയ്യോടെ, നിറകണ്ണുകളോടെ കളംവിട്ടു. തന്‍റെ മുന്‍ഗാമിയായ യൂസേബിയോയുടെ വിധി പിന്തുടര്‍ന്നെത്തി പിടികൂടുമെന്ന് ക്രിസ്റ്റ്യാനോ സ്വപ്നത്തില്‍പ്പോലും ചിന്തിച്ചിട്ടുണ്ടാകില്ല. ക്രൈഫ്, പുഷ്കാസ്, യൂസേബിയോ, പ്ലാറ്റിനി,ബെക്കാം, ബാജിയോ എന്നിവരുടെയൊക്കെ കൂട്ടത്തില്‍ ഇതാ കുറച്ചുപേരുകള്‍ കൂടി. മോഡ്രിച്ച് , നെയ്മാര്‍, ക്രിസ്റ്റ്യാനോ. അടുത്തതാര് എന്നാണ് ചോദ്യം... കാരണം ആരാധകര്‍ തീവ്രമായി ആഗ്രഹിച്ചാല്‍ അത് യാഥാര്‍ഥ്യമാക്കാന്‍ ഗൂഢാലോചന നടത്തുന്ന പ്രപഞ്ചമൊന്നുമല്ലല്ലോ ഫുട്ബോള്‍.

ENGLISH SUMMARY:

World Cup legends like Johan Cruyff, Roberto Baggio, and recently Cristiano Ronaldo, Neymar, and Luka Modric have never won the ultimate prize in football. Despite their incredible talent and contributions, these footballing titans have had the World Cup trophy elude them, leaving fans to wonder who might be next in line for such heartbreak.