ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ എല്ലാവർക്കും ചില സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ടാകും. എന്നാൽ, ഇത്തരത്തില്‍ തന്‍റെ പങ്കാളി എങ്ങിനെയായിരിക്കണമെന്ന് ഒരു യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണ് വൈറലാകുന്നത്. വേദിക (@Crushtology_) എന്ന എക്സ് ഹാന്‍ഡിലില്‍ നിന്നാണ് പോസ്റ്റ് വന്നിരിക്കുന്നത്. തന്‍റെ ഭാവി പങ്കാളിക്കുണ്ടായിരിക്കേണ്ട ‘ഗുണങ്ങളുടെ’ ഒരു നീണ്ട പട്ടികയാണ് യുവതി പങ്കിട്ടത്. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ലെന്നും യുവതി കുറിച്ചു. 

ആദ്യത്തെ ഡിമാന്‍റ് കന്യകനായിരിക്കണം (Virgin) എന്നതാണ്. മാത്രമല്ല, പ്രതിമാസം കുറഞ്ഞത് 2 ലക്ഷം രൂപ വരുമാനം വേണം, സൗന്ദര്യമുള്ളവനായിരിക്കണം, 6 അടി ഉയരം വേണം. തീര്‍ന്നില്ല... പാചകം ചെയ്യാൻ അറിയണം, സ്ത്രീവിരുദ്ധ മനോഭാവം പാടില്ല, സോഷ്യൽ മീഡിയ ഉപയോഗിക്കരുത്, സ്ത്രീ സുഹൃത്തുക്കൾ പാടില്ല, എവിടേക്ക് പോകുന്നതിന് മുൻപും അനുവാദം ചോദിക്കണം, 24 മണിക്കൂറും ലൈവ് ലൊക്കേഷൻ ഷെയർ ചെയ്യണം,വിദേശ യാത്രകൾ കൊണ്ടുപോകണം. എന്നിങ്ങനെ നീളുന്നു ‘ഗുണങ്ങളുടെ’ ലിസ്റ്റ്. ഇങ്ങനെയൊരാളെ തനിക്ക് എവിടെ കിട്ടും എന്ന് ചോദിച്ചാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

യുവതിയുടെ പോസ്റ്റിന് പിന്നാലെ വിമർശനങ്ങളും ട്രോളുകളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഈ ആവശ്യങ്ങൾ ‘അപ്രായോഗികം’ ആണെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. ഇത്രയും യോഗ്യതയുള്ളയാള്‍ പിന്നെ എന്തിനാണ് നിന്നെ വിവാഹം കഴിക്കുന്നത് എന്നാണ് പലരും യുവതിയോട് ചോദിച്ചത്. മാത്രമല്ല ഇലോൺ മസ്കിനെ ടാഗ് ചെയ്തുകൊണ്ട്, ‘അന്യഗ്രഹജീവിയെ കണ്ടെത്തുകയാണെങ്കില്‍’ ഇവര്‍ക്ക് എത്തിച്ചു കൊടുക്കണം’ എന്ന രീതിയിൽ പരിഹാസങ്ങളുമുണ്ട് പോസ്റ്റിന് താഴെ.

അതേസമയം, ‘നിങ്ങൾക്ക് ഭർത്താവിനെ അല്ല വേണ്ടത്. കന്യകയായ ഒരു എടിഎം, 6 അടി ഉയരമുള്ള അംഗരക്ഷകൻ, പേഴ്‌സണൽ ഷെഫ്, ജിപിഎസ് വഴി ട്രാക്ക് ചെയ്യാന്‍ പറ്റുന്ന വേലക്കാരൻ, വിദേശ യാത്രാകള്‍ക്കായി സ്പോൺസർ അങ്ങനെ സാമൂഹിക ജീവിതം ഇല്ലാത്ത ഒരു പുരുഷനെയാണെന്നാണ് ഒരാള്‍ കുറിച്ചത്. ഇങ്ങനെയൊരു പുരുഷനെ എവിടെ കണ്ടെത്തും എന്നതിന് ഉത്തരം കണ്ടുകിട്ടില്ലെന്നാണെന്നും ആളുകള്‍ കുറിക്കുന്നു. വിവാഹം എന്നത് ഒരു പങ്കാളിത്തമാണെന്നും ഇത്തരം ഉപാധികൾ വെക്കുന്നത് ശരിയല്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം, ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ ഓരോ വ്യക്തിക്കും തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളും മുൻഗണനകളും തുറന്നു പറയാനുള്ള അവകാശമുണ്ടെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. മാത്രമല്ല, യുവതിയുടേത് ഒരു പരിഹാസ പോസ്റ്റാണെന്നും കമന്‍റിടുന്നവര്‍ക്ക് അത് മനസിലായില്ലെന്നും പറയുന്നവരുണ്ട്. തന്‍റെ പങ്കാളിയെ കുറിച്ച് പുരുഷന്‍മാര്‍ക്ക് ആഗ്രഹങ്ങളും സ്വപ്നങ്ങളും ആകാമെങ്കില്‍ എന്തുകൊണ്ട് ഒരു സ്ത്രീക്ക് ആയിക്കൂടാ എന്നും ചോദിക്കുന്നവരുണ്ട്.

ENGLISH SUMMARY:

A woman’s social media post detailing impractical demands for her future partner—from salary requirements to lifestyle restrictions—has triggered a fierce debate and viral trolls.