Image: instagram.com/athirasphotography

കാൻസർ ചികിത്സയുടെ ഭാഗമായുള്ള പ്രതിസന്ധികളെയും വെല്ലുവിളികളെയും നിറഞ്ഞ പുഞ്ചിരിയോടെ നേരിടുന്ന നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേണു സുധിയുടെ പുതിയ ഓണം ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ടിട്ടും തളരാത്ത ആത്മവിശ്വാസത്തോടെ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്ത രേണുവിന്‍റെ ചിത്രങ്ങൾ സോഷ്യല്‍മീ‍ഡിയയില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.

കീമോതെറാപ്പിയെ തുടർന്ന് മുടി കൊഴിഞ്ഞുതുടങ്ങിയപ്പോൾ അത് പൂർണമായി നീക്കം ചെയ്ത ലുക്കിലാണ് രേണു ഇത്തവണ ഓണം ഫോട്ടോഷൂട്ടിനായി എത്തിയത്. കേരള സാരിയും അതിനോടിണങ്ങുന്ന കടുംപച്ച ബ്ലൗസും ലളിതമായ ആഭരണങ്ങളും മിനിമൽ മേക്കപ്പുമാണ് ചിത്രങ്ങളിലെ ഹൈലൈറ്റ്. ഫോട്ടോഗ്രാഫറായ ആതിര ജോയ് ആണ് രേണുവിന്‍റെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയത്. ആതിര തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

‘പ്രതിസന്ധികളിൽ തളരാതെ, ആത്മവിശ്വാസത്തിന്‍റെ ചിരിയുമായി മുന്നേറുന്ന രേണു... ഈ ഓണം അതിജീവനത്തിന്‍റെയും  പ്രത്യാശയുടെയും മനോഹരമായ ഓർമ്മപ്പെടുത്തലാണ്. ഹൃദയം നിറഞ്ഞ ഓണാശംസകൾ’ ചിത്രം പങ്കുവച്ച് ആതിര കുറിച്ചു.

സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾ വൈറലായി. നിരവധിപ്പേരാണ് രേണുവിന്‍റെ പോസിറ്റീവ് മനോഭാവത്തെയും ധൈര്യത്തെയും പ്രശംസിച്ച് കമന്‍റുകളുമായി രംഗത്തെത്തിയത്. ‘പ്രതിസന്ധികൾ തോൽപ്പിക്കാൻ നോക്കുമ്പോഴൊക്കെ, പുഞ്ചിരിയോടെ അവൾ വീണ്ടും പോരാടുന്നു, കണ്ണ് കിട്ടാതിരിക്കട്ടെ. അടിപൊളി ആയിട്ടുണ്ട്, ചേച്ചി ഹാപ്പി ആയിട്ട് ഇരിക്കുന്നത് കാണാനാണ് എനിക്ക് ഇഷ്ടം’ എന്നിങ്ങനെ നീളുന്നു കമന്‍റുകള്‍.

ENGLISH SUMMARY:

Actress and social media influencer Renu Sudhi has captured hearts across the internet with her stunning and inspiring Onam photoshoot. Facing the challenges of cancer treatment with a radiant smile, she boldly embraced her shaved head resulting from chemotherapy. Wearing a traditional Kerala sari paired with minimal makeup, her photographs radiate resilience, hope, and unwavering confidence. Fans and social media users have flooded her post with praises, celebrating her courageous spirit and positive outlook.