Image: x.com/africatodayMG
ആഫ്രിക്കന്‍ രാജ്യമായ കെനിയയുടെ ഉൾഗ്രാമത്തിൽ ആട് മേയ്ക്കുന്നതിനിടയിൽ ആട്ടിടയന് ലഭിച്ച സ്വർണ്ണക്കട്ടി മൂലം ഗ്രാമത്തിലേക്ക് സ്വർണ്ണം തേടി ഒഴുകിയെത്തിയത് ആയിരക്കണക്കിന് ആളുകൾ. ഏതാനും ആഴ്ചകൾക്കുമുമ്പ് ചെപൊറോർ ഗ്രാമത്തിലാണ് യുവാവിന് സ്വര്‍ണം ലഭിക്കുന്നത്. വാര്‍ത്ത വൈറലായതോടെ കെനിയയിൽ നിന്നും അയൽരാജ്യമായ ഉഗാണ്ടയിൽ നിന്നും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് ഭാഗ്യം തേടിയെത്തുന്നത്. പ്രാദേശികമായി ചെറിയ അളവിൽ സ്വർണ്ണം ലഭിക്കാറുണ്ടെങ്കിലും ‘സ്വര്‍ണക്കട്ട’ തന്നെ ലഭിച്ചതാണ് ആളുകളെ കൂട്ടത്തോടെ ആകർഷിച്ചത്.
33 കാരനായ മനാസ്സെ ലോമച്ചാർ എന്ന യുവാവാണ് തന്റെ കാണാതായ ആടിനെ അന്വേഷിച്ചിറങ്ങിയപ്പോള്‍ അവിചാരിതമായി സ്വർണം കണ്ടെത്തിയത്. നദീതീരത്ത് സ്വർണ്ണം അരിച്ചെടുക്കുന്ന ഒരുസംഘം സ്ത്രീകളെ കണ്ട ഇയാള്‍ അവരോടൊപ്പം ചേരുകയായിരുന്നു. തനിക്ക് ലഭിച്ച 3 ഗ്രാം സ്വർണ്ണം 36,000 കെനിയൻ ഷില്ലിങിന് വിറ്റതായി അദ്ദേഹം വ്യക്തമാക്കിയതോടെയാണ് ഈ വിവരം കാട്ടുതീ പോലെ പടർന്നത്. പിന്നാലെ ആളുകളുടെ ഒഴുക്കായി.
അങ്ങിനെ മാസങ്ങൾക്ക് മുമ്പ് വെറും കാടായിരുന്ന ഈ പ്രദേശം വലിയ കുഴികളും മൺകൂനകളും താൽക്കാലിക ഖനന ക്യാമ്പുകളുമായി മാറി. ഉഗാണ്ടയിൽ നിന്നും കെനിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ ഇവിടെ ക്യാമ്പ് ചെയ്ത് ഖനനം ആരംഭിച്ചു. ഏകദേശം പതിനായിരത്തോളം ആളുകൾ ഇവിടെ എത്തിയിരുന്നതായി പ്രാദേശിക ഭരണകൂടം കണക്കാക്കുന്നു. വിളവെടുപ്പ് വേണ്ടരീതിയില്‍ ലഭിക്കാഞ്ഞതോടെ കഷ്ടത്തിലായ കർഷകരും തൊഴിലാളികളുമാണ് സ്വർണ്ണവേട്ടയിൽ പ്രധാനമായും പങ്കെടുക്കുന്നത്. മക്കളുടെ സ്കൂൾ ഫീസ് അടയ്ക്കാനും കുടുംബം പുലർത്താനും വേണ്ടിയാണ് തങ്ങൾ ഈ കഠിനാധ്വാനത്തിൽ ഏർപ്പെട്ടിരിക്കുന്നതെന്ന് പ്രദേശവാസിയായ പാട്രിക് ലോക്കോലിയയും 18 കാരിയായ അബിഗെയ്ൽ ചെലെംഗട്ടും ബി.ബി.സിയോട് പറഞ്ഞു.
അതേസമയം, ഗ്രാമത്തിലേക്ക് ആളുകൾ ഇരച്ചെത്തിയത് പ്രദേശത്ത് വലിയ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചുള്ള പ്രശ്നങ്ങൾക്കും കാരണമായിട്ടുണ്ട്. കുടിവെള്ളമില്ലായ്മയും ശുചിത്വക്കുറവും വലിയ വെല്ലുവിളിയാണെന്ന് ആളുകൾ വ്യക്തമാക്കുന്നു. ആരോഗ്യ വകുപ്പും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഭക്ഷണവും വെള്ളവും വിൽക്കുന്ന നൂറുകണക്കിന് ചെറിയ കച്ചവട സ്ഥാപനങ്ങളും പ്രദേശവാസികള്‍ ഇവിടെ ആരംഭിച്ചിട്ടുണ്ട്.
ചെപൊറോർ ഗ്രാമത്തിലെ സ്വർണ്ണ നിക്ഷേപത്തിന്റെ യഥാർത്ഥ അളവും അത് വ്യാവസായികമായി ലാഭകരമാണോ എന്നകാര്യവും ഇതുവരെ വ്യക്തമായിട്ടില്ല. എങ്കിലും ഖനനം പൂർണ്ണമായി നിരോധിക്കുന്നതിന് പകരം, കൂടുതൽ സുരക്ഷിതവും ശാസ്ത്രീയവുമായ രീതിയിൽ സ്വർണ്ണം കണ്ടെത്താൻ സർക്കാരിന്റെ ഭാഗത്തുനിന്ന് മെറ്റൽ ഡിറ്റക്ടറുകൾ ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകണമെന്ന് ലോമച്ചാർ പറയുന്നു. ഈ സ്വർണ്ണവേട്ട തങ്ങളുടെ ദാരിദ്ര്യം മാറ്റുമെന്ന പ്രതീക്ഷയിലാണ് ഗ്രാമവാസികളും പുറത്തുനിന്നെത്തിയവരും.