ശബരിമലയും, ഗുരുവായൂരും ഉള്‍പ്പെടുന്ന പ്രധാന ക്ഷേത്രങ്ങളിലെ സ്വര്‍ണത്തിന്‍റെ ശുദ്ധി പരിശോധിക്കാനായി ലാബ് സംവിധാനമൊരുക്കാന്‍ ദേവസ്വം ബോര്‍ഡുകളോട് സര്‍ക്കാര്‍ ആവശ്യപ്പെടും. സ്വര്‍ണവുമായി ബന്ധപ്പെട്ടുള്ള ക്രമക്കേട് ഒഴിവാക്കാനുള്ള മികച്ച മാര്‍ഗം നിര്‍ദേശിച്ച് ദേവസ്വം സെക്രട്ടറി എം.ജി രാജമാണിക്യം നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് തീരുമാനം. ശബരിമല സ്വര്‍ണക്കൊള്ളയുടെ പശ്ചാത്തലത്തിലാണ് വിശദമായ പഠനത്തിന് ശേഷം കഴിഞ്ഞദിവസം സെക്രട്ടറി ദേവസ്വം മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.

വഴിപാട് സ്വര്‍ണത്തിന്‍റെ മാറ്ററിയുന്നതിനൊപ്പം ക്രമക്കേടും തടയണം. ശബരിമലയും, ഗുരുവായൂരും ഉള്‍പ്പെടുന്ന പ്രധാന ക്ഷേത്രങ്ങളില്‍ നേര്‍ച്ചയായി ലഭിക്കുന്ന സ്വര്‍ണം സ്വീകരിക്കാന്‍ പ്രത്യേക കൗണ്ടറുണ്ടാവണം. നേര്‍ച്ച സ്വര്‍ണവും ഭണ്ഡാരത്തില്‍ നിക്ഷേപിക്കുന്നതും വേര്‍തിരിച്ച് ലാബിലേക്ക് മാറ്റി തൂക്കവും ഗുണനിലവാരവും പരിശോധിച്ച് പ്രത്യേക ബാര്‍കോഡ് നല്‍കി സൂക്ഷിക്കണം. നേര്‍ച്ചയായി നല്‍കിയ സ്വര്‍ണത്തിന്‍റെ കൃത്യത അറിയാന്‍ ആഗ്രഹിക്കുന്ന ഭക്തന് പരിശോധന രേഖയും കൈമാറാനാവും. ക്ഷേത്രത്തിന് നിലവില്‍ സ്വന്തമായുള്ള സ്വര്‍ണവും ഈമട്ടില്‍ പരിശുദ്ധി ഉറപ്പിക്കാം. പഴയ സ്വര്‍ണത്തിന് പകരം മറ്റാരുമറിയാതെ പുതിയ സ്വര്‍ണം ചേര്‍ത്താല്‍ ഒറ്റ ക്ലിക്കില്‍ തട്ടിപ്പ് തിരിച്ചറിയാനാവും. ശബരിമല സ്വര്‍ണക്കൊള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സ്വര്‍ണത്തിന്‍റെ പരിശുദ്ധി തിരിച്ചറിയാനും തട്ടിപ്പ് തടയാനുമുള്ള ശാസ്ത്രീയ നര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് എം.ജി രാജമാണിക്യം സര്‍ക്കാരിന് കൈമാറിയത്. വഴിപാടായി നല്‍കുന്നത് യഥാര്‍ഥ സ്വര്‍ണമാണോ, എത്രമാത്രം ശുദ്ധിയും മൂല്യവുമുണ്ട് എന്ന് ഇത് കൃത്യമായി പരിശോധിച്ചുറപ്പിച്ചാല്‍ ഡിജിറ്റലൈസ് പൂര്‍ത്തിയാക്കാനാവും.

 ഓരോ ക്ഷേത്രത്തിന്‍റെയും കൈവശമുള്ള സ്വര്‍ണത്തിന്‍റെ അളവും നവീകരണത്തിനുള്ള സമയക്രമവും വ്യക്തമാവും. ക്ഷേത്രത്തിന് സ്വന്തമായുള്ള സ്വര്‍ണത്തിന്‍റെ തോതും തുടര്‍നടപടികളും സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഫയലുകള്‍ പരിശോധിക്കാതെ തിരിച്ചറിയാനും കഴിയും. രാജമാണിക്യം റിപ്പോര്‍ട്ട് പരിഗണിച്ച് പ്രധാന ക്ഷേത്രങ്ങളെന്ന നിലയില്‍ ശബരിമലയിലും ഗുരുവായൂരിലും ആദ്യഘട്ടമായി സ്വര്‍ണപരിശോധന ലാബ് സൗകര്യം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കും. 

Kerala Temples to Implement Gold Purity Testing Labs:

Temple gold purity checks will be implemented in major temples like Sabarimala and Guruvayoor following a report by Devswom Secretary M.G. Rajamanickam. This initiative aims to prevent gold-related malpractices and ensure the authenticity of donations