ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത് വരാതിരിക്കുന്നവരെക്കുറിച്ച് പൊലീസും അന്വേഷിക്കുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ബുക്കിങ് വിശദാംശങ്ങളുടെ റിപ്പോര്‍ട്ട് തേടി. അരവണ വിറ്റുവരവില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പത്ത് കോടിയുടെ കുറവുണ്ടായിട്ടുണ്ട്. ബുക്കിങ് രീതികളില്‍ അടിയന്തര പരിഷ്കാരവും ഉണ്ടാകും.
വെര്‍ച്വല്‍ ക്യൂ കൂട്ടത്തോടെ ബുക്ക് ചെയ്യുന്നവരുണ്ടോ? എന്തുകൊണ്ടാണ് ഇരുപതിനായിരത്തിലധികം പേര്‍ ബുക്ക് ചെയ്ത് വരാതിരിക്കുന്നത്? തുടങ്ങിയ കാര്യങ്ങളാണ് പൊലീസും പരിശോധിക്കുന്നത്. ബുക്ക് ചെയ്തവരുടെ വിവരങ്ങള്‍ തേടി പമ്പ പൊലീസ് ദേവസ്വംബോര്‍ഡിന് കത്ത് നല്‍കിയിട്ടുണ്ട്. വിവരം കിട്ടുന്ന മുറയ്ക്ക് അന്വേഷിക്കും. സൈബര്‍ ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ദേവസ്വം വിജിലന്‍സും അന്വേഷിക്കുന്നുണ്ട്. ഗുരുതര സാഹചര്യമില്ലെന്നും വെര്‍ച്വല്‍ ക്യൂവില്‍ മാറ്റങ്ങളില്ലെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു.
ആദ്യ ഒരാഴ്ചത്തെ കണക്കെടുക്കുമ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ 44 ശതമാനം കുറവ് തീര്‍ഥാടകരാണ് ഇത്തവണ വന്നത്. കഴിഞ്ഞ മണ്ഡലകാലത്ത് ഏഴ് ദിവസം കൊണ്ട് 19 ലക്ഷം ടിന്‍ അരവണ വിറ്റിടത്ത് ഇത്തവണ 9 ലക്ഷമായി ചുരുങ്ങി. മറ്റ് വഴിപാടുകളിലും നടവരവിലും അന്നദാന ഫണ്ടിലും നഷ്ടമുണ്ട്.
വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത് വരാതിരിക്കുകയും കാന്‍സല്‍ ചെയ്യാതെയും ഇരിക്കുന്നവര്‍ക്ക് ഇനി ഈ മണ്ഡലകാലത്ത് ബുക്കിങ് കിട്ടില്ല. ആധാര്‍ വാലിഡേഷന്‍ അടക്കമുള്ള നടപടികളുടെ ട്രയല്‍ റണ്‍ അടുത്തമാസം ആരംഭിക്കും. മുറികളുടെ ബുക്കിങ്ങും ഡോളി സര്‍വീസും ഇതിനൊപ്പം ചേര്‍ക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ തീര്‍ഥാടകര്‍ എത്തും എന്നാണ് പ്രതീക്ഷ.