ശബരിമല തീര്‍ഥാടകര്‍ക്കിടയിലൂടെ അതിവേഗത്തില്‍ പായുന്ന ശ്രീധരന്‍ സ്വാമിമാര്‍ക്ക് ഒരു കൗതുകമാണ്. സമയം വൈകും മുന്‍പ് സന്നിധാനത്തെല്ലാം ഓടിയെത്തി ഇരുനൂറ്റി അന്‍പതോളം പത്രങ്ങള്‍ വിവിധ ഓഫിസുകളിലും കടകളിലും എത്തിക്കും. എന്നാല്‍ ഈ മലകയറ്റം മണ്ഡലകാലത്ത് മാത്രമല്ല, കഴിഞ്ഞ 27 വര്‍ഷമായി മുടങ്ങാതെ എല്ലാദിവസും മലകയറി ശബരിമലയില്‍ പത്രങ്ങള്‍ എത്തിക്കുന്നുണ്ട് 68 വയസുകാരനായ ശ്രീധരന്‍ സ്വാമി.
വയനാട് സ്വദേശിയാണ് ശ്രീധരന്‍. പത്രവിതരണം തന്നെയായിരുന്നു ജോലി. മുപ്പത്തിയെട്ടാം വയസില്‍ അമ്മ മരിച്ചു. ആ സങ്കടത്തില്‍ കുടജാദ്രിയിലേക്ക് പോയി. ഒന്നര വര്‍ഷം മൗനവ്രതം. അങ്ങിനെയിരിക്കെയാണ് ശബരിമലയ്ക്ക് പോകണമെന്ന് ഉള്‍വിളിയുണ്ടായത്. രണ്ടായിരത്തില്‍ ശബരിമലയിലെത്തി. പിന്നെ പമ്പയിലായി താമസം. കുടുംബമില്ല. മറ്റ് ബന്ധുക്കളുമായും അടുപ്പമില്ല.
നട അടച്ചിരിക്കുന്ന കാലത്തും ശ്രീധരന്‍ മലകയറും മേല്‍ശാന്തിയക്കം 15പേര്‍ക്ക് പത്രം നല്‍കണം. വിജനമായ വഴിയിലൂടെ മലകയറുമ്പോള്‍ പലവട്ടം കാട്ടാനകളുടെ മുന്നിലും പെട്ടിട്ടുണ്ട്. ഒരിക്കല്‍ ശബരീപീഠത്തില്‍ പ്രസവിച്ചു കിടന്ന ആനയുടെ മുന്നില്‍പ്പെട്ടിട്ടുമുണ്ട്. എന്നാല്‍ ഈ മലകയറ്റമാണ് ആരോഗ്യത്തിന്‍റെ രഹസ്യമെന്നും ശ്രീധരന്‍ പറയുന്നു. രാവിലെ ഒന്‍പതിന് മലകയറിയാല്‍ വൈകിട്ട് നാലിന് പമ്പയിലെത്തും. ഇതുവരെ മടുപ്പ് തോന്നിയിട്ടില്ലെന്നും ശ്രീധരന്‍.
അമര്‍നാഥ് തീര്‍ഥയാത്രയ്ക്ക് പോകുമ്പോള്‍ മാത്രമാണ് മറ്റാരെയെങ്കിലും പത്രവിതരണം ഏല്‍പ്പിക്കുക. എന്നും ശബരിമല കയറുന്ന തനിക്ക് മഞ്ഞുമലകള്‍ കയറാനും പ്രയാസമില്ലെന്നാണ് ശ്രീധരന്‍റെ പക്ഷം. 24 വര്‍ഷം തുടര്‍ച്ചയായി അമര്‍നാഥിലും പോയിട്ടുണ്ട്.