ഡേറ്റിങ് എന്നത് ഒരാൾ മാത്രം എടുക്കുന്ന തീരുമാനമല്ല. സുഹൃത്തുക്കള്‍ പലപ്പോഴും പ്രണയബന്ധങ്ങളിലെ നിശബ്ദമായ സാന്നിധ്യമാകാറുണ്ട്. ഡേറ്റിങ് പ്രൊഫൈലുകൾ പരിശോധിക്കുന്നത് മുതൽ സന്ദേശങ്ങൾ വിശകലനം ചെയ്യുന്നതും റെഡ് ഫ്ലാഗുകളെക്കുറിച്ച് സൂചിപ്പിക്കുന്നതും വരെ ഇതിൽ ഉൾപ്പെടുന്നു. ‘ഫ്രണ്ട്ഫ്ലുവൻസിങ്’ ആണ് ഡേറ്റിങ് ലോകത്തെ പുതിയ ട്രെന്‍ഡ്.
സുഹൃത്തുക്കൾ ഒരാളുടെ പ്രണയ തീരുമാനങ്ങളിൽ സജീവമായി ഇടപെടുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്നതിനെയാണ് ‘ഫ്രണ്ട്ഫ്ലുവൻസിങ്’ എന്ന് വിളിക്കുന്നത്. പരമ്പരാഗതമായ മാച്ച് മേക്കിങ്ങില്‍ നിന്ന് വ്യത്യസ്തമായി, ഇത് തികച്ചും വികാരപരമായ ഒരു ഇടപെടലാണ്. ജാതകമോ ബയോഡാറ്റയോ നോക്കുന്നതിന് പകരം, അവർ പങ്കാളിയുടെ സ്വഭാവം, രീതികൾ, ഉദ്ദേശ്യങ്ങൾ എന്നിവയാണ് വിലയിരുത്തുന്നത്.
ഇന്നത്തെ ഡേറ്റിങ് ലോകം അനിശ്ചിതത്വങ്ങൾ നിറഞ്ഞതാണ്. ഡേറ്റിങ് ആപ്പുകളിൽ ധാരാളം ഓപ്ഷനുകൾ ഉണ്ടെങ്കിലും വ്യക്തത കുറവാണ്. സിറ്റുവേഷൻഷിപ്പുകളും ഇന്ന് സാധാരണമായി മാറിയിരിക്കുന്നു. ഇന്ത്യൻ സാഹചര്യത്തിൽ, കുടുംബ സമ്മർദങ്ങൾക്കും സാമൂഹിക പ്രതീക്ഷകൾക്കുമിടയിൽ സുഹൃത്തുക്കളാണ് വിശ്വസ്തരായ മധ്യസ്ഥർ. നിങ്ങളുടെ മുൻകാല പ്രണയ പരാജയങ്ങളും സ്വഭാവ രീതികളും അറിയാവുന്നതുകൊണ്ട് തന്നെ, നിങ്ങൾ അവഗണിക്കാൻ സാധ്യതയുള്ള അപകട സൂചനകൾ അവർ കൃത്യമായി തിരിച്ചറിയുന്നു.
ഡേറ്റിങ്ങുമായി ബന്ധപ്പെട്ട ഏറ്റവും സത്യസന്ധമായ സംഭാഷണങ്ങൾ നടക്കുന്നത് സുഹൃത്തുക്കള്‍ക്കിടയിലാണ്. മാച്ചുകളെ വിശകലനം ചെയ്യുന്നതും, ഇൻസ്റ്റാഗ്രാം പ്രൊഫൈലുകൾ നോക്കുന്നതും, ആദ്യ ഡേറ്റിന് പോകേണ്ട വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതും സുഹൃത്തുക്കളാണ്. ഇത് വെറും പിന്തുണയല്ല, മറിച്ച് ഒരു സുരക്ഷാ കവചം കൂടിയാണ്.
ഇന്ന് പ്രണയങ്ങളിൽ പങ്കാളിയോടുള്ള ഇഷ്ടംപോലെ തന്നെ പ്രാധാന്യം സുഹൃത്തുക്കളുടെ അംഗീകാരത്തിനും ലഭിക്കുന്നുണ്ട്. ഒരാളെ ഇഷ്ടപ്പെട്ടാലും, സുഹൃത്തുക്കളുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം മാത്രം മാനസികമായി അടുക്കാൻ ആഗ്രഹിക്കുന്നവർ ഒട്ടേറെയാണ്. സുഹൃത്തുക്കൾ പ്രണയത്തിൽ നേരിട്ട് ഉൾപ്പെടാത്തതുകൊണ്ട് തന്നെ അവർക്ക് കാര്യങ്ങളെ കുറച്ചുകൂടി വ്യക്തമായി കാണാൻ സാധിക്കും. അവർ നൽകുന്ന ഒരു ചെറിയ മുന്നറിയിപ്പ് പോലും പലപ്പോഴും ഒരാളുടെ കാഴ്ചപ്പാടിനെ മാറ്റിയേക്കാം. സങ്കീർണമായ ഇന്നത്തെ ലോകത്ത് ‘ഫ്രണ്ട്ഫ്ലുവൻസിങ്’ പ്രണയത്തെ കുറച്ചുകൂടി വ്യക്തതയുള്ളതാക്കുന്നു.