പാരമ്പര്യത്തിന്‍റെയും ആധുനികതയുടെയും സവിശേഷമായ സംയോജനം കൊണ്ട് എപ്പോഴും അത്ഭുതപ്പെടുത്തുന്ന ഒരു രാജ്യമാണ് ജപ്പാന്‍. ജപ്പാനിലെ കിനോകാവ നഗരത്തിലെ കിഷി റെയില്‍വേ സ്റ്റേഷനില്‍ സ്റ്റേഷന്‍ മാസ്റ്ററായി നിയമിച്ചത് ഒരു പൂച്ചയാണെന്ന് കേട്ടാല്‍ വിശ്വസിക്കുമോ? അതെ, അതൊരു കെട്ടുകഥയല്ല. ജനുവരി 7ന് യോന്‍റാമ എന്ന കാലിക്കോ ഇനത്തിൽപ്പെട്ട ഒരു പൂച്ചയെ ഔദ്യോഗികമായി ആ ചുമതലയേല്‍പ്പിച്ചു. പ്രദേശവാസികളെയും സന്ദര്‍ശകരെയും ഒരുപോലെ സന്തോഷിപ്പിച്ച ഒരു നിയമനമായിരുന്നു അത്
മിത്സുബിഷി കോർപ്പറേഷന്‍റെ മുൻ സിഇഒ യോറിഹിക്കോ കൊജിമ, തന്‍റെ കൈകളിൽ ഓമനത്തമുള്ള പൂച്ചയുമായി പോസ് ചെയ്യുന്ന വിഡിയോ എക്സില്‍ വൈറലാണ്. വേദിയിൽ അദ്ദേഹത്തോടൊപ്പം റെയിൽവേ ജീവനക്കാരും നാട്ടുകാരും ഉണ്ടായിരുന്നു. പൂച്ചയ്ക്ക് ഒരു മെഡൽ കഴുത്തിലണിയിച്ചുകൊണ്ടായിരുന്നു ഈ അതുല്യമായ ചടങ്ങ് നടന്നത്. അതിൽ അവളുടെ പുതിയ പദവി കൊത്തി വെച്ചിരുന്നു.
ടോക്കിയോ വീക്കെൻഡറിന്‍റെ റിപ്പോർട്ട് അനുസരിച്ച്, ജപ്പാനിലെ വകയാമ ഇലക്ട്രിക് റെയിൽവേയുടെ കിഷിഗാവ ലൈനിൽ റെയിൽവേ സ്റ്റാഫ് അംഗമായി പൂച്ചയെ നിയമിക്കുന്ന പാരമ്പര്യം പ്രചാരത്തിലുണ്ട്. ആചാരപരമായ റെയിൽവേ വേഷങ്ങൾക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്ന സ്ഥിരം പൂച്ചകളുടെ ഒരു നിര തന്നെയുണ്ട്. പൂച്ചയുടെ ഔദ്യോഗിക കർത്തവ്യങ്ങള്‍ എന്തെല്ലാമാണെന്നല്ലേ? യാത്രക്കാരെ സ്വാഗതം ചെയ്യുക, അവര്‍ക്കൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്യുക, മനോഹരമായ സ്റ്റേഷൻ മാസ്റ്റർ തൊപ്പിയും രാജകീയ ആഭരണങ്ങളും ധരിച്ച് സ്റ്റേഷനിൽ അധ്യക്ഷത വഹിക്കുക എന്നിവയാണ് യോന്റാമ പൂച്ചയുടെ പ്രധാന ഉത്തരവാദിത്തങ്ങള്‍. 2007 മുതൽ ആരംഭിച്ച ഈ പാരമ്പര്യം ലോകമെമ്പാടുമുള്ള പൂച്ച പ്രേമികളെയും വിനോദസഞ്ചാരികളെയും വകയാമയിലേക്ക് ആകർഷിച്ചു.
കിഷി റെയില്‍വേ സ്റ്റേഷനിലെ രസകരമായ കൗതുകങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. യോന്റാമയുടെ നിയമനത്തിന് പുറമേ, റെയിൽവേ അധികൃതർ മറ്റൊരു കാലിക്കോ പൂച്ചയായ റോക്കുട്ടാമയെയും അടുത്ത സ്റ്റേഷന്‍മാസ്റ്റര്‍ സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചു! വിടർന്ന കണ്ണുകളുള്ള ഈ ‘സ്ഥാനാര്‍ഥി’ ഇപ്പോള്‍ സ്റ്റേഷൻ മാസ്റ്റർ ചുമതലകളുടെ അടിസ്ഥാനകാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. പരിശീലനം നേടിക്കഴിഞ്ഞാൽ, റോക്കുട്ടാമ അടുത്ത തലമുറയിലെ സ്റ്റേഷൻ ജീവനക്കാരെ പ്രതിനിധീകരിക്കുമെന്ന് പ്രതീക്ഷിക്കാം.
കഴിഞ്ഞ വർഷം, കിഷി സ്റ്റേഷനിൽ പൂച്ച സ്റ്റേഷൻ മാസ്റ്ററായി സേവനമനുഷ്ഠിക്കുന്ന നിതാമ എന്ന പൂച്ചയുടെ ഓര്‍മകള്‍ക്ക് ചടങ്ങില്‍ റെയിൽവേ കമ്പനി ആദരാഞ്ജലി അര്‍പ്പിച്ചു. നവംബർ 20 ന് 15 വയസ്സുള്ളപ്പോഴാണ് അവൾ ജീവന്‍ വെടിഞ്ഞത്. ഇത്തരത്തില്‍ ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് പൂച്ചകളെ നിയമിക്കുന്നത് വിചിത്രമായൊരു തമാശയെന്ന് കരുതി തള്ളിക്കളയാന്‍ വരട്ടെ. ഒരു പ്രാദേശിക റെയില്‍വേ സ്റ്റേഷനെ ആഗോള ഭൂപടത്തിലേക്ക് അടയാളപ്പെടുത്തുകയാണ് ഇതിലൂടെ ജപ്പാന്‍ ലക്ഷ്യം വയ്ക്കുന്നത്.