കൊച്ചി കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപത്തെ പില്ലറിന് മുകളിൽ കുടുങ്ങിയ പൂച്ചയെ പിടികൂടാനുള്ള ദൗത്യം രാത്രി പതിനൊന്നിന് ശേഷം തുടരും. മെട്രോ സർവീസ് നിർത്തിവച്ച് അഗ്നിരക്ഷാസേനയും, അനിമൽ റെസ്ക്യൂ ടീം അംഗങ്ങളും ഇന്ന് രണ്ട് പ്രാവശ്യമായി നടത്തിയ രക്ഷാദൗത്യത്തിലും പൂച്ചയെ പിടികൂടാനായില്ല. ക്രെയിൻ ഉപയോഗിച്ച് മുകളിലെത്തി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷാദൗത്യം നടത്തുമ്പോൾ പൂച്ച റോഡിലേക്ക് വീണ് അപകടം ഉണ്ടാകാതിരിക്കാൻ താഴെ വല വിരിച്ചിരുന്നു. അവശനിലയിലുള്ള പൂച്ചയ്ക്ക് കഴിക്കാൻ മത്സ്യവും എത്തിച്ചു

 

 രക്ഷാപ്രവർത്തകരെ കബളിപ്പിച്ച് പൂച്ച പില്ലറിനുള്ളിലൂടെ ഓടിക്കളിക്കുന്നത് തുടരുകയാണ്. ഇതോടെയാണ് രക്ഷാദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചത്. ഫയർഫോഴ്സ് സംഘവും ആനിമൽ റെസ്ക്യൂ സംഘവും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സുഭാഷ് എന്ന് പേരുള്ള പൂച്ചയാണ് മെട്രോ പില്ലറിൽ കുടുങ്ങിയത്. 385ാം പില്ലറിന്റെ സമീപത്ത് ആദ്യം പരിശോധിച്ചെങ്കിലും പൂച്ചയെ കണ്ടെത്താൻ കഴിഞ്ഞില്ല. മെട്രോ സർവീസുകൾ അവസാനിച്ച ശേഷം രാത്രിയിൽ വൈദ്യുതി ലൈൻ ഓഫ് ചെയ്ത് രക്ഷാപ്രവർത്തനം നടത്താനാണ് അധികൃതർ തീരുമാനിച്ചിരുന്നത്. എന്നാൽ പൂച്ച അവശ നിലയിലാണെന്ന ദൃശ്യങ്ങൾ ഇന്ന് പുറത്തുവന്നതോടെ, രക്ഷാപ്രവർത്തനം ഉടൻ വേണമെന്ന ആവശ്യം കടുക്കുകയായിരുന്നു. റെസ്ക്യൂ ടീമും മൃഗസ്നേഹികളും സ്ഥലത്തെത്തി പ്രതിഷേധിച്ചു

 

ഹൈഡ്രോളിക് ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് രക്ഷാദൗത്യം ആദ്യം തടസപ്പെട്ടു. പകരം പുതിയ ലിഫ്റ്റ് എത്തിച്ചാണ് രക്ഷാദൗത്യം ആരംഭിച്ചത്. ഓടി നടക്കുന്നതിനാൽ പൂച്ചയുടെ ആരോഗ്യസ്ഥിതിയിൽ പ്രശ്‌നങ്ങളില്ലെന്നു കണ്ടാണ് രക്ഷാശ്രമം നിർത്തിയതെന്നാണ് അധികൃതർ പറയുന്നത്.

ENGLISH SUMMARY:

The cat rescue mission for 'Subhash', a cat stuck on a Kochi Metro pillar, has been temporarily halted. Despite multiple attempts by the fire brigade and animal rescue teams, the elusive cat managed to evade capture.