കൊച്ചി കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷൻ പില്ലറിന് മുകളിൽ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു. ഫയർഫോഴ്സും അനിമൽ റസ്ക്യൂ ടീമും ചേർന്ന് നടത്തിയ ദൗത്യം പുലർച്ചെ 1.15ഓടെയാണ് ഫലം കണ്ടത്. കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപം പില്ലർ നമ്പർ 556ന് മുകളിൽ പൂച്ച കുടുങ്ങിയിട്ട് ദിവസങ്ങളായിരുന്നു. ഇന്നലെ പകൽ ഉൾപ്പെടെ പൂച്ചയെ രക്ഷിക്കാൻ ഫയർഫോഴ്സും അനിമൽ റസ്ക്യൂ ടീമും പരിശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. ഒടുവിൽ രാത്രി പതിനൊന്നിന് മെട്രോ സർവീസ് നിർത്തിയതിന് പിന്നാലെ ദൗത്യം പുനരാരംഭിച്ചു.
രക്ഷിക്കാൻ ഉടനടി സാധിച്ചില്ലെങ്കിൽ കൂട് വച്ച് കെണിയൊരുക്കി പോരുക എന്നതായിരുന്നു ലക്ഷ്യം. ക്രെയിൻ എത്തിച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും അനിമൽ റസ്ക്യൂ സംഘാംഗവും പില്ലറിന് മുകളിലേക്ക്. പില്ലറിന് മുകളിലെ വലിയ ഗർഡറിൽ ഇറങ്ങി വിശദമായ പരിശോധന. സമയമേറെ എടുത്ത് ഒടുവിൽ പൂച്ചയെ വരുതിയിലാക്കി. താഴെ എത്തിച്ച് തോപ്പുംപടിയിലെ മൃഗാശുപത്രിയിലേക്ക് ആംബുലൻസിൽ പൂച്ചയെ കൊണ്ടുപോയി.
അതോടെ കണ്ട് നിന്നവർ ആഘോഷവും ആർപ്പുവിളികളുമായി സ്റ്റേഡിയം ജംക്ഷൻ നിറഞ്ഞു. നിർജലീകരണം സംഭവിച്ച പൂച്ചയ്ക്ക് വിദഗ്ധ ചികിൽസ നൽകുമെന്ന് എസ്.പി.സി.എ. ഇത് മൂന്നാം തവണയാണ് മെട്രോ പില്ലറിന് മുകളിൽ പൂച്ച കുടുങ്ങുന്നത്. നേരത്തെ ആലുവയിലും വൈറ്റിലയിലുമാണ് സമാന സംഭവം നടന്നത്.