തൃശൂർ റെയിൽവേ സ്റ്റേഷൻ ഇരുചക്ര പാർക്കിങ് കേന്ദ്രത്തിൽ തീപിടിത്തം ഉണ്ടായി ആഴ്ചകൾ കഴിഞ്ഞിട്ടും നഷ്ടപരിഹാരം അകലെ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് പരാതി കൊടുത്ത് ടൂ വീലർ യൂസേഴ്സ് അസോസിയേഷൻ
തീപിടിത്തം ഉണ്ടായി മണിക്കൂറുകൾ കഴിഞ്ഞപ്പോൾ തന്നെ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായില്ല എന്ന് പറഞ്ഞു. ദക്ഷിണ റെയിൽവേ വാർത്തക്കുറിപ്പിട്ടു. ശേഷം ഇത്ര ദിവസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. നഷ്ടപരിഹാരം നൽകുന്ന കാര്യങ്ങൾ റെയിൽവേ അറിയാത്ത മട്ടിലാണ്. പരിഹാരം ഉടൻ കാണണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് പരാതി കൊടുത്തിരിക്കുകയാണ് ടൂ വീലർ യൂസേഴ്സ് അസോസിയേഷൻ.
കത്തി നശിച്ച ബൈക്കുകളും, തീപിടുത്തത്തിൻ്റെ തീവ്രത മനസ്സിലാക്കാൻ സാധിക്കുന്ന അവശിഷ്ടങ്ങളും ഇപ്പോഴും പാർക്കിങ് കേന്ദ്രത്തിൽ കാണാം. അവ മാറ്റുന്നതിനും പാർക്കിംഗ് കേന്ദ്രം പുനക്രമീകരിക്കുന്നതിനും നടപടികളില്ല. ഇത്രവലിയ ദുരന്തം ഉണ്ടായിട്ടും ആവശ്യമായ പരിശോധന നടത്താനോ സുരക്ഷ ഉറപ്പാക്കാനോ അധികൃതർ തുനിഞ്ഞിട്ടില്ലെന്നാണ് യാത്രക്കാരുടെ പ്രധാന ആരോപണം.