Ai Generated Image
2025 വിട പറയുകയാണ്. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകം ഒരുങ്ങിക്കഴിഞ്ഞു. 2026 ഭാഗ്യവര്‍ഷമായി മാറാന്‍ പല ഭാഗ്യപരീക്ഷണങ്ങളും നടത്തുന്ന സമയം കൂടിയാണ് ന്യൂ ഇയര്‍ രാത്രിക്ക് മുന്‍പുളള മണിക്കൂറുകള്‍. അക്കൂട്ടത്തില്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി മാറിയിരിക്കുന്ന ഒന്നാണ് 12 മുന്തിരി (ട്വല്‍വ് ഗ്രേപ്സ്) തിയറി. ഇന്ത്യയിലടക്കം ഈ ട്രെന്‍ഡ് ഏറ്റുപിടിച്ചിരിക്കുകയാണ് സോഷ്യല്‍ ലോകം. അര്‍ദ്ധരാത്രിയില്‍ മേശക്കടിയിലിരുന്ന് 12 മുന്തിരി കഴിക്കുന്നതിലൂടെ പുതുവര്‍ഷത്തില്‍ ഭാഗ്യം, പ്രണയ സാഫല്യം , സാമ്പത്തിക ഉയര്‍ച്ച എന്നിവയെല്ലാം സഫലമാകുമെന്നാണ് വിശ്വാസം. വെറുമൊരു സോഷ്യല്‍ മീഡിയ ട്രെന്‍ഡ് ആണെന്ന് പറഞ്ഞു തളളിക്കളയാന്‍ വരട്ടെ. സ്പെയിനില്‍ ഇന്നും പിന്തുടരുന്ന ഈ ആചാരത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
12 മുന്തിരി തിയറി?
ഒരു വര്‍ഷത്തിലെ പന്ത്രണ്ട് മാസത്തെയാണ് 12 മുന്തിരി പ്രതിനിധീകരിക്കുന്നത്. അര്‍ദ്ധരാത്രി 12 മണിക്കാണ് ഈ പന്ത്രണ്ട് മുന്തിരിയും കഴിക്കേണ്ടത്. ക്ലോക്കിലെ അവസാനത്തെ മണിമുഴങ്ങുന്നതിന് തൊട്ടുമുന്‍പ് ഈ മുന്തിരിയെല്ലാം കഴിച്ചുതീര്‍ക്കുകയും വേണം. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ (ഏകദേശം 1880-കളിൽ) സ്പെയിനിലാണ് 'പന്ത്രണ്ട് മുന്തിരികൾ' അഥവാ 'uvas de la suerte' എന്ന പുതുവത്സര ആചാരം ഉത്ഭവിച്ചത്. സമ്പന്നരായ പാരിസുകാര്‍ അക്കാലത്ത് പുതുവല്‍സരപ്പുലരിയില്‍ ഷാംപെയ്‌നിനൊപ്പം മുന്തിരി കഴിക്കുന്ന ശീലം പിന്തുടര്‍ന്നിരുന്നു. അവരുടെ ഈ ശീലത്തെ കളിയാക്കിക്കൊണ്ടാണ് സ്പെയ്നില്‍ 12 മുന്തിരി കഴിക്കല്‍ ആചാരം തുടങ്ങിയതെന്നും കഥകളുണ്ട്.
അതേസമയം ഈ ആചാരത്തിന്‍റെ ഉത്ഭവത്തിന് പിന്നില്‍ ഒരു മാര്‍ക്കറ്റിങ് തന്ത്രമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 1909-ൽ അലിസാന്റെ മേഖലയിലെ മുന്തിരി കര്‍ഷകര്‍ തങ്ങളുടെ വിളവെടുപ്പിലെ അധികം വന്ന മുന്തിരികൾ വിറ്റഴിക്കുന്നതിനായി ഈ ആചാരത്തെ പ്രോത്സാഹിപ്പിച്ചെന്നും പറയപ്പെടുന്നു. ഭാഗ്യമുന്തിരികള്‍ കഴിക്കുന്നതിലൂടെ പുതുവര്‍ഷം ഐശ്വര്യപൂര്‍ണമാകുമെന്ന ആശയം മുന്നോട്ടുവച്ചതും പിന്നീടൊരു ആചാരമായെന്നും പറയപ്പെടുന്നു. ഡിസംബർ 31 അർധരാത്രിയിൽ മാഡ്രിഡിലെ പ്യൂർട്ട ഡെൽ സോൾ ചത്വരത്തിലെ ക്ലോക്കിൽ 12 തവണ മണി മുഴങ്ങുമ്പോള്‍ അവിടുത്തുകാര്‍ 12 മുന്തിരി കഴിക്കുമായിരുന്നു. ആ ആചാരം ഇന്നും നിലനിന്നുപോരുന്നുണ്ട്. ഓരോ മണിമുഴക്കത്തിനനുസരിച്ചാണ് ഓരോ മുന്തിരിയും കഴിക്കേണ്ടത്. അവസാന മണിമുഴക്കം തീരുംമുന്‍പ് 12ാമത്തെ മുന്തിരിയും കഴിച്ചിരിക്കണം എന്നതാണ് ആചാരം.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഈ ആചാരം ഇന്നും നിലനിന്നുപോരുന്നുണ്ട്. ചിലര്‍ ഒറ്റയ്ക്കാണ് ഇത് ആചരിക്കുന്നതെങ്കില്‍ ചിലര്‍ കുടുംബവുമായി ഒന്നിച്ചിരുന്ന് ആഘോഷിക്കും. എന്നാല്‍ അടുത്തകാലത്താണ് മേശക്കടിയിലിരുന്ന് മുന്തിരി കഴിച്ചാല്‍ കൂടുതല്‍ ഭാഗ്യം ലഭിക്കും എന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഒരുപക്ഷേ ഇതൊരു സോഷ്യല്‍ മീഡിയ ട്രെന്‍ഡാകാം. അമേരിക്കയിലെയും യൂറോപ്യന്‍ നാടുകളിലെയും ആളുകള്‍ മേശക്കടിയിലിരുന്ന് പുതുവല്‍സരപ്പുലരിയില്‍ മുന്തിരി കഴിക്കുന്ന വിഡിയോ പങ്കുവച്ചതോടെ സോഷ്യല്‍ ലോകത്തും ഇത് ട്രെന്‍ഡ് ആയിമാറി. ഇപ്പോഴിതാ ഇന്ത്യയിലെ ജെന്‍സി വിഭാഗവും ഈ ട്രെന്‍ഡ് ഏറ്റെടുത്തിരിക്കുകയാണ്. ഈ ട്രെന്‍ഡിന്‍റെ ഭാഗമായി കടകളിലും മറ്റും പെട്ടെന്ന് കഴിക്കാവുന്ന തൊലികളഞ്ഞ മുന്തിരി, കുരുകളഞ്ഞ മുന്തിരി എന്നിവയുടെയെല്ലാം വില്‍പ്പനയും ആരംഭിച്ചുകഴിഞ്ഞു. 12 മുന്തിരി കഴിക്കുന്നതിലൂടെ ഭാഗ്യം വരുമോ ഇല്ലയോ എന്ന് കാത്തിരുന്ന് തന്നെ കാണാം. ഏവര്‍ക്കും പുതുവല്‍സരാശംസകള്‍.