പ്രണയത്തെ കുറിച്ച് ഒരോ കാലത്തും ഓരോ സങ്കല്പങ്ങളാണ്. തങ്ങള്‍ ജീവിക്കുന്ന കാലത്തെ പ്രണയമാണ് ഏറ്റവും ഉദാത്തമെന്നും നല്ലതെന്നുമൊക്കെയാണ് ഓരോ തലമുറയുടെയും അവകാശവാദം. മാറി മാറി വരുന്ന ഡേറ്റിങ് രീതികളൊക്കെ പരീക്ഷിക്കുന്ന ജെൻസിയുടെ പ്രണയത്തിനത്ര ചന്തം പോരെന്നാണ് മില്ലേിനിയൽസിന്‍റെ ആരോപണം. ഇവരുടെ ബന്ധങ്ങളില്‍ സ്ഥിരത ഇല്ലെന്നും അമിതമായി പ്രായോഗികതയില്‍ വിശ്വസിക്കുന്നവരെന്നുമൊക്കെയാണ് തലമൂത്ത തലമുറയുടെ പരാതി. പലതരം ട്രെന്‍ഡുകളുടെ ലോകത്ത് ജീവിതം തുടങ്ങിയവര്‍ എന്ന രീതിയില്‍ ഇതില്‍ തീരെ കാര്യമില്ലെന്ന് പറയാനും വയ്യ. എന്തായാലും ബെയ്ജ് ഫ്ളാഗ്, ഷെർക്കിങ്, ടർബോ ഡേറ്റിങ്, ക്രൊമാൻസ്, അഫോഡേറ്റിങ്, കാസ്പെറിങ്, സൺ സെറ്റ് ക്ലോസ് എന്നിവയടങ്ങിയ ഡേറ്റിങ് ലോകത്ത് ഇടം പിടിച്ച ഒരു പുതിയ ട്രെന്‍ഡാണ് 6-7 ഡേറ്റിങ്. പ്രണയത്തില്‍ വൈകാരികതയ്ക്കാണോ പ്രായോഗികതയ്ക്കാണോ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് എന്നൊരു ചിന്തയ്ക്ക് വഴിയൊരുക്കുന്ന ഡേറ്റിങ് ട്രന്‍ഡ് കൂടിയാണ് ഈ 6.7 ഡേറ്റിങ്.
എന്താണ് 6-7 ഡേറ്റിംഗ്?
സിംപിളായി പറഞ്ഞാല്‍ കുട്ടിക്കാലത്തെ ചിത്രകഥകളില്‍ വായിച്ച രാജകുമാരന്‍, രാജകുമാരി സങ്കല്‍പം തീര്‍ത്തും അസംബന്ധമാണെന്ന് ബോധ്യമുള്ള പുതിയ തലമുറയുടെ വളരെ പ്രായോഗികമായ ഡേറ്റിങ് രീതിയാണിത്. പെർഫക്ട് പാർട്ണറെന്ന സങ്കൽപ്പം ഇല്ലാതാക്കുകയാണ് 6-7 ഡേറ്റിങ്. നൂറുശതമാനം തികഞ്ഞ ഒരാളെ കാത്തിരിക്കാനൊന്നും ജെന്‍സിക്കാര്‍ക്ക് സമയമില്ല. സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയ്ക്കാണ് അവര്‍ മുൻഗണന . 60–70ശതമാനം അല്ലെങ്കില്‍ പത്തില്‍ ഒരു ആറ് മുതൽ ഏഴ് വരെ റേറ്റിങ് കൊടുക്കാവുന്ന ഒരാളെയാണ് ഇവർ റിലേഷൻഷിപ്പുകളിൽ പാർടണറായി തിരഞ്ഞെടുക്കുന്നത്. ഇതില്‍ അമിതമായ ആകര്‍ഷണമോ ആവേശമോ ഒന്നും ഇല്ല. എന്നാല്‍ വൈകാരികമായി സ്ഥരതയും വിശ്വസിക്കാന്‍ കൊള്ളാവുന്നതുമായ ആളായാല്‍ മതിയെന്നേയുള്ളു.
എന്തുകൊണ്ട് 6-7 ഡേറ്റിംഗ് ട്രെൻഡ് മികച്ചതാകുന്നു എന്ന് ചോദിച്ചാല്‍ ഈ ബന്ധത്തിന് യാഥാര്‍ഥ്യബോധം കൂടുതലാണ് എന്നതാണ് ഉത്തരം. 6-7 സ്കെയിലിലുള്ള ഒരു പങ്കാളിയില്‍ സ്ഥിരത, വൈകാരിക പക്വത, സമാധാനം, ദയ, വിശ്വാസ്യത, ആശ്വാസം എന്നിവയ്ക്കാണ് മുന്‍ഗണന. ഡേറ്റിങ് ആപ്പുകളുടെയും മറ്റും കാലത്ത് ബന്ധങ്ങളിൽ പലർക്കും പെട്ടെന്ന് മടുപ്പ് അനുഭവപ്പെടുന്നത് സ്വാഭാവികം. അതിനാല്‍ അമിതമായ ആവേശത്തേക്കാൾ വൈകാരിക സുരക്ഷിതത്വത്തിനും സമാധാനത്തിനും മുൻഗണന നൽകുന്നവരാണ് 6–7 ട്രെൻഡിനെ സ്വാഗതം ചെയ്യുന്നത്. ചിലര്‍ക്ക് ഇതൊരു പുതിയ കാലഘട്ടത്തില്‍ പൊതിഞ്ഞ പഴയ സിദ്ധാന്തമായി തോന്നിയേക്കാം. എന്നാല്‍ സാങ്കല്‍പ്പികമായ പത്തില്‍ പത്ത് പങ്കാളിയേക്കാള്‍ പരസ്പര ബഹുമാനവും കരുതലും നൽകുന്ന 6–7 പങ്കാളി ദീർഘകാല ബന്ധങ്ങൾക്ക് കൂടുതൽ അനുയോജ്യരാണെന്ന് തന്നെ ഈ ഡേറ്റിങ് ഇഷ്ടപ്പെടുന്നവര്‍ വാദിക്കും.
ഇതൊരു റെഡ് ഫ്ലാഗ് ആണോ ?
എന്നാല്‍ ഈ ഡേറ്റിങ് രീതിയെ ഒരു റെഡ് ഫ്ലാഗ് ആയി കരുതുന്നവരുമുണ്ട്. മികച്ച ഒരാളെ കണ്ടെത്താൻ കഴിയില്ലെന്ന ഭയത്താൽ നമ്മൾ ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുകയാണോ എന്നതാണ് ആശങ്കയ്ക്ക് കാരണം. വേണ്ടത്ര ആകർഷണമോ താൽപ്പര്യമോ ഇല്ലാതെ ഒരു ബന്ധം തുടങ്ങുന്നത് പിന്നീട് മടുപ്പിനും അകൽച്ചയ്ക്കും കാരണമായേക്കാം എന്ന് സംശയിക്കുന്നവരുമുണ്ട്. പങ്കാളിയെ വെറുമൊരു 'നമ്പർ' ആയി കാണുന്നതും അവർക്ക് നമ്മളിലുള്ള താൽപ്പര്യം തിരിച്ചറിയാതെ പോകുന്നതും ബന്ധത്തെ തകർക്കും. എന്താണെങ്കിലും '6-7' ട്രെൻഡ് പഠിപ്പിക്കുന്നത് ബന്ധങ്ങളിൽ അമിതമായ പ്രതീക്ഷകൾ വെക്കാതിരിക്കാനാണ്. എന്നാൽ വെറും വിട്ടുവീഴ്ച മാത്രമായി ബന്ധങ്ങളെ കാണുന്നതും ഊഷ്മളത നഷ്ടപ്പെടുത്തും. കാരണം പരസ്പര ബഹുമാനവും വൈകാരികമായ ഒത്തുചേരലും ഒരുപോലെ ഉണ്ടെങ്കിലേ ഏത് ബന്ധവും സുന്ദരമാകൂ.