താനും ആന്‍റണി തട്ടിലും തമ്മിലുള്ള പ്രണയം അമ്മയും മുതിര്‍ന്ന നടിയുമായ മേനക എങ്ങനെയാണ് അറിഞ്ഞതെന്ന രസകരമായ വിവരം പങ്കുവെച്ച് നടി കീര്‍ത്തി സുരേഷ്. 15 വർഷത്തെ പ്രണയത്തിന് ശേഷം 2024 ഡിസംബറിലാണ് കീർത്തിയും ആന്റണിയും വിവാഹിതരായത്. പന്ത്രണ്ടാം ക്ലാസ് പഠനത്തിന് തൊട്ടുപിന്നാലെയാണ് ഇരുവരുടെയും പ്രണയം ആരംഭിക്കുന്നത്. 'കേർളി ടേൽസിന്' നൽകിയ അഭിമുഖത്തിലാണ് കോളജ് പഠനകാലത്ത് തന്റെ ഡയറി വായിച്ചതിലൂടെ അമ്മ പ്രണയവിവരം അറിഞ്ഞ സംഭവം കീർത്തി വെളിപ്പെടുത്തിയത്. പ്രണയത്തെക്കുറിച്ചുള്ള കാര്യങ്ങൾ ഡയറിയിൽ എഴുതിവയ്ക്കുന്നശീലമുണ്ടായിരുന്നെന്നും എന്നാൽ അമ്മ അത് വായിച്ചതോടെ ഡയറിയെഴുത്ത് പൂർണ്ണമായും നിർത്തിയെന്നും താരം പറഞ്ഞു.

"എന്‍റെ ഭർത്താവുമായുള്ള പ്രണയം വളരെ പണ്ടേ തുടങ്ങിയതാണ്. കൃത്യമായി പറഞ്ഞാൽ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ ഉടനെ. ഞാൻ കോളജിൽ പഠിക്കുമ്പോഴാണ് അമ്മ എന്‍റെ ഡയറി വായിക്കുന്നത്. ഞങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അതിലുണ്ടായിരുന്നു. 'ഞാൻ നിന്‍റെ അമ്മയല്ലേ, എനിക്ക് നിന്‍റെ ഡയറി വായിക്കാം' എന്നായിരുന്നു അമ്മയുടെ നിലപാട്. അമ്മ അത് വായിച്ചതോടെ ഞാൻ ഡയറിയെഴുത്ത് എന്നെന്നേക്കുമായി നിർത്തി. എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. എഴുതുന്നത് എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. ആ ഡയറി ഇപ്പോൾ എവിടെയുണ്ടെന്ന് പോലും എനിക്കറിയില്ല. അത് തിരികെ കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു. പക്ഷേ അമ്മ അത് കത്തിച്ചുകളഞ്ഞിട്ടുണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്" കീർത്തി പറഞ്ഞു.

ആന്‍റണിയുമായുള്ള പ്രണയം തുടങ്ങിയതിനെക്കുറിച്ചും വിവാഹത്തിന് മുമ്പ് നേരിട്ട വെല്ലുവിളികളെക്കുറിച്ചും കീർത്തി സംസാരിച്ചു. 2009 ഡിസംബറിൽ സുഹൃത്തുക്കൾ വഴിയാണ് ഇരുവരും കണ്ടുമുട്ടുന്നത്. അടുത്ത മാസം തന്നെ പ്രണയം തുടങ്ങി. വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ടവരായതിനാൽ തുടക്കത്തിൽ വീട്ടിൽ നിന്ന് എതിർപ്പുകൾ നേരിടേണ്ടി വന്നിരുന്നുവെന്നും താരം പറഞ്ഞു. താന്‍ അഭിനയരംഗത്ത് വരുന്നതിന് മുന്‍പാണ് ആന്‍റണിയെ കണ്ടുമുട്ടിയതെന്നും തങ്ങള്‍ ഒന്നിച്ച് വളരുകയായിരുന്നുവെന്നും കീര്‍ത്തി പറഞ്ഞു. വിവാഹവാർത്ത പുറത്തുവന്നതോടെ ആന്റണിക്ക് വലിയ മാനസികസമ്മർദ്ദം ഉണ്ടായിരുന്നുവെന്നും താരം വെളിപ്പെടുത്തി. ഒരു സെലിബ്രിറ്റിയുമായി ബന്ധപ്പെട്ട് വരുന്ന മാധ്യമശ്രദ്ധയും ക്യാമറക്കണ്ണുകളും ആന്റണിക്ക് ശീലമില്ലായിരുന്നു. "വിവാഹം പ്രഖ്യാപിച്ചതോടെ പുള്ളി ഭയങ്കര സ്ട്രെസ്സിലായിരുന്നു. എവിടെയെങ്കിലും ക്യാമറയുണ്ടോ, പാപ്പരാസികൾ ഉണ്ടോ എന്നൊക്കെ എപ്പോഴും ചോദിച്ചുകൊണ്ടിരിക്കും" കീർത്തി പറഞ്ഞു.

വർഷങ്ങളോളം പ്രണയം രഹസ്യമായി സൂക്ഷിച്ച ശേഷം 2024 ഡിസംബർ 12-നാണ് കീർത്തിയും ആന്‍റണിയും ഗോവയിൽ വെച്ച് വിവാഹിതരായത്. തമിഴ്- ബ്രാഹ്മണ, മലയാളി-ക്രിസ്ത്യൻ ആചാരങ്ങൾ കോർത്തിണക്കിയായിരുന്നു ചടങ്ങുകൾ. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. സ്വന്തമായി ബിസിനസ്സ് നടത്തുകയാണ് ആന്‍റണി. ധർമ്മരാജ് ഷെട്ടി സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്സ് പരമ്പരയായ 'അക്ക'യിലാണ് കീർത്തി സുരേഷ് അവസാനമായി അഭിനയിച്ചത്. 

Keerthy Suresh Reveals How Her Mother Found Out About Her Love Story:

Keerthy Suresh love story and marriage details reveal how her mother Menaka discovered her 15-year relationship through a diary. The Malayalam entertainment news highlights her journey with Antony Thattil leading up to their December 2024 wedding