Image: Instagram: ponyprakashraj

ചലച്ചിത്രതാരം പ്രകാശ് രാജുമായുള്ള വിവാഹജീവിതത്തെക്കുറിച്ചും ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ചും മനസ്സുതുറന്ന് പ്രശസ്ത നൃത്തസംവിധായിക പോണി വർമ്മ. വിവാഹവാർത്ത അറിഞ്ഞപ്പോൾ സുഹൃത്തുക്കളും കുടുംബാംഗങ്ങളും നടത്തിയ പ്രതികരണങ്ങൾ, പ്രകാശ് രാജിന്റെ ആദ്യ വിവാഹത്തിലെ മക്കളുമായുള്ള ബന്ധം എന്നിവയെക്കുറിച്ചെല്ലാം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പോണി വെളിപ്പെടുത്തിയത്. 2010-ലാണ് പ്രകാശ് രാജും പോണി വർമ്മയും വിവാഹിതരായത്. തന്നേക്കാൾ 12 വയസ്സ് പ്രായക്കൂടുതലുള്ള ഒരാളെ വിവാഹം കഴിക്കുന്നതിൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നതായി പോണി പറഞ്ഞു.

‘ദക്ഷിണേന്ത്യക്കാരെക്കുറിച്ച് എന്റെ കുടുംബത്തിന് വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ല. ദിവസവും സാമ്പാർ മാത്രം കഴിച്ച് നീ മരിച്ചുപോകുമെന്നാണ് അവർ പറഞ്ഞത്. എനിക്ക് സാമ്പാർ ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞു. എന്നാൽ, എന്തിനാണ് 12 വയസ്സ് മൂത്ത ഒരാളെ വിവാഹം കഴിക്കുന്നതെന്ന് ചോദിച്ച് സുഹൃത്തുക്കളെല്ലാം വലിയ ബഹളമുണ്ടാക്കി’– പോണി പറഞ്ഞു. എന്നാൽ, തങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസം ബന്ധം കൂടുതൽ ശക്തമാക്കുകയാണ് ചെയ്തതെന്നാണ് പോണിയുടെ പക്ഷം. തന്നെപ്പോലൊരാളെ മനസ്സിലാക്കാൻ പ്രകാശ് രാജിനെപ്പോലെ ജീവിതാനുഭവങ്ങളുള്ള ഒരാൾക്ക് മാത്രമേ കഴിയൂ എന്നും അവർ പറയുന്നു.

തന്റെ സ്വഭാവത്തിന് പ്രകാശ് രാജിന്റെ പക്വത എങ്ങനെയാണ് തുണയായതെന്നും പോണി വിശദീകരിച്ചു. തിരക്കുപിടിച്ച ജീവിതശൈലിയിൽനിന്ന് തന്നെ മോചിപ്പിച്ച് പ്രകാശ് രാജ് ചേർത്തുപിടിച്ചുവെന്നാണ് അവരുടെ വാക്കുകൾ. ‘ഞാൻ എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കുകയും ടെൻഷനടിക്കുകയും ചെയ്യുന്ന സ്വഭാവക്കാരിയായിരുന്നു. എന്നാൽ, പ്രകാശ് രാജ് എന്റെ ജീവിതത്തിലേക്ക് ശാന്തത കൊണ്ടുവന്നു. സാവധാനം ഭക്ഷണം കഴിക്കാനും ജീവിതം ആസ്വദിക്കാനും എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്’– പോണി പറഞ്ഞു. പ്രകാശ് രാജിന്റെ ലളിതമായ പെരുമാറ്റവും സത്യസന്ധതയുമാണ് തന്നെ അദ്ദേഹത്തിലേക്ക് ആകർഷിച്ച പ്രധാന ഘടകങ്ങളെന്നും അവർ കൂട്ടിച്ചേർത്തു.

പ്രകാശ് രാജിന്റെ ആദ്യഭാര്യ ലളിതാ കുമാരിയിലുള്ള മക്കളായ പൂജ, മേഘ്ന എന്നിവരുമായി വളരെ അടുത്ത ബന്ധമാണ് പോണി സൂക്ഷിക്കുന്നത്. വിവാഹച്ചടങ്ങുകളിൽപ്പോലും ഇരുവരും തങ്ങൾക്കൊപ്പമുണ്ടായിരുന്നുവെന്നും അവർ ഓർത്തെടുത്തു. ‘പൂജയും മേഘ്നയും ഞങ്ങളുടെ വീട്ടിലേക്ക് എപ്പോഴും വരാറുണ്ട്. എല്ലാ വിശേഷങ്ങളിലും ആഘോഷങ്ങളിലും ഞങ്ങൾ ഒന്നിച്ചുകൂടാറുണ്ട്. പരസ്പരം ഏറെ സ്നേഹത്തോടെയാണ് ഞങ്ങൾ ഈ ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നത്’– പോണി പറഞ്ഞു. മുംബൈ വിട്ട് ഹൈദരാബാദിലേക്ക് താമസം മാറിയതിൽ ഇപ്പോൾ തനിക്ക് യാതൊരു വിഷമവുമില്ലെന്നും പ്രകാശ് രാജിനൊപ്പമുള്ള കുടുംബജീവിതം ഏറെ സന്തോഷകരമാണെന്നും പോണി വ്യക്തമാക്കി.

1994-ലാണ് പ്രകാശ് രാജ് നടി ലളിതാ കുമാരിയെ വിവാഹം കഴിച്ചത്. ഇവർക്ക് മേഘ്ന, പൂജ, സിദ്ധു എന്നീ മൂന്ന് മക്കളാണുള്ളത്. 2004-ൽ പത്താം വയസ്സിലാണ് മകൻ സിദ്ധു മരിച്ചത്. 2010 ഓഗസ്റ്റ് 24-നാണ് പ്രകാശ് രാജും പോണി വർമ്മയും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ പഞ്ചാബി ചടങ്ങിലായിരുന്നു വിവാഹം. ദമ്പതികൾക്ക് വേദാന്ത് എന്നൊരു മകനുണ്ട്. 2000 മുതൽ ഹിന്ദി, തെലുങ്ക്, തമിഴ് സിനിമകളിൽ പ്രവർത്തിച്ചുവരുന്ന നൃത്തസംവിധായികയാണ് പോണി വർമ്മ.

ENGLISH SUMMARY:

Renowned choreographer Pony Verma recently opened up about her married life with acclaimed actor Prakash Raj and addressed their 12-year age gap in a YouTube interview. She revealed that her family and friends initially voiced strong concerns regarding their age difference and cultural disparities before their wedding in 2010. However, Pony highlighted that Prakash Raj's maturity and calm nature brought emotional stability to her fast-paced life, making their bond even stronger over the years. She also shared that she shares a warm, loving relationship with Prakash Raj's daughters from his previous marriage, Meghna and Pooja, and is thoroughly enjoying her family life in Hyderabad.