നടൻ മണികണ്ഠൻ പട്ടാമ്പിയുടെ മകൾ സാന്ദ്ര വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. ഹരികൃഷ്ണനാണ് വരൻ. വിനോദ് കോവൂരാണ് വിവാഹച്ചടങ്ങിന്റെ വിഡിയോയും ചിത്രവും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഗുരുവായൂരിലെ വിവാഹച്ചടങ്ങുകൾക്ക് ശേഷം പട്ടാമ്പിയിൽ വിവാഹവിരുന്നും സംഘടിപ്പിച്ചിരുന്നു.
മഴവിൽ മനോരമയിലൂടെ സംപ്രേഷണം ചെയ്യുന്ന ‘മറിമായം’ പരമ്പരയിലെ സഹപ്രവർത്തകരും മണികണ്ഠന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. സ്നേഹ ശ്രീകുമാർ, വിനോദ് കോവൂർ എന്നിവരും വിവാഹത്തിനെത്തി. ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഹിറ്റായ ആക്ഷേപ ഹാസ്യ പരമ്പരയായ മറിമായത്തിലെ സത്യശീലൻ എന്ന കഥാപാത്രമായാണ് മണികണ്ഠൻ പട്ടാമ്പി ശ്രദ്ധേയനായത്.
മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരവും മണികണ്ഠൻ കരസ്ഥമാക്കിയിട്ടുണ്ട്. 'മൺകോലങ്ങൾ' എന്ന ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. ഈ ചിത്രത്തിലെ പ്രകടനം സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ സമിതിയുടെ പ്രത്യേക പരാമർശം നേടി. 'മീശമാധവൻ', 'രസികൻ', 'അറബിക്കഥ', 'അച്ഛനുറങ്ങാത്ത വീട്', 'കഥ പറയുമ്പോൾ', 'ചക്കരമുത്ത്', 'നിദ്ര', 'ഈ അടുത്ത കാലത്ത്' തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.