മഴവില്‍ മനോരമയിലെ ആക്ഷേപഹാസ്യ പരമ്പരയായ മറിമായത്തിലെ സാമൂഹിക വിമര്‍ശനങ്ങള്‍ ഒരുപാട്‌ നല്ല മാറ്റങ്ങള്‍ ഇടയാക്കിയിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി വി.ഡി സതീശന്‍. മറിമായം 1000മത്‌ എപ്പിസോഡിലേക്ക്‌ കടന്നതിന്റെ ആഘോഷത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തു. മറിമായത്തിലെ ഓരോ കഥാപത്രങ്ങളെയും അഭിനേതാക്കളെയും കഥാസന്ദര്‍ഭങ്ങളെയും ഓര്‍ത്തെടുത്ത്‌ സംസാരിച്ച്‌ മുഖ്യമന്ത്രി എല്ലാവരെയും അമ്പരപ്പിച്ചു. തന്നെയും പരിസഹിക്കാതെ വിടരുതെന്ന്‌ നെഹ്‌റൂവിയന്‍ ശൈലിയില്‍ മറിമായം ടീമിനോട്‌ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ചരിപ്പിച്ചും ചിന്തിപ്പിച്ചും സര്‍വലോക മലയാളിയുടെ ഹൃദയം തൊട്ട പരമ്പര. നര്‍മത്തിന്റെ മര്‍മമറിഞ്ഞ മറിമായം. കുറിക്കുകൊള്ളുന്ന സാമൂഹിക വിമര്‍ശനത്തിന്റെ പതിനഞ്ച്‌ വര്‍ഷങ്ങള്‍. ചിരിമായത്തിന്‌ ആയിരത്തിന്റെ നിറവേകാന്‍ പൂക്കിച്ചിരി.

മറിമായത്തിന്റെ പരമാവധി എപ്പിസോഡുകള്‍ താന്‍ കാണാറുണ്ടെന്ന്‌ പറഞ്ഞ മുഖ്യമന്ത്രി ഓരോ കഥാപത്രങ്ങളെയും അഭിനേതാക്കളെയും കഥാസന്ദര്‍ഭങ്ങളെയും ഓര്‍ത്തെടുത്ത്‌ പറഞ്ഞ്‌ കയ്യടി വാങ്ങി. രാഷ്ട്രീയത്തില്‍ താന്‍ ടീം സ്‌പിരിറ്റില്‍ വിശ്വസിക്കുന്നതുപോലെ പരസ്‌പര മല്‍സരം നിറഞ്ഞ ടീം സ്‌പിരിറ്റാണ്‌ മറിമായത്തിന്റെയും വിജയഘടകമെന്ന്‌ മുഖ്യമന്ത്രി നിരീക്ഷിച്ചു.

കേരളത്തിന്റെ രുചി വൈവിധ്യവും മലയാളത്തിന്റെ തദ്ദേശീയമായ സംഭാഷണ ശൈലികളുമെല്ലാം സംവാദത്തില്‍ വിഷയമായി. തന്നെയും പരിഹസിക്കാതെ വിടരുതെന്ന്‌ കാര്‍ട്ടൂണിസ്റ്റ്‌ ശങ്കറിനോട്‌ നെഹ്‌റു പറഞ്ഞതുപോലെ മറിമായം ടീമിനോട്‌ മുഖ്യമന്ത്രിയുടെ സ്‌നേഹപൂര്‍വമായ നിര്‍ദേശം.