കിഫ്ബി ക്രമക്കേടുകളില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. കിഫ്ബിയുടെ പേരില്‍ ധൂര്‍ത്താണ് നടന്നത്. 396 കോടി രൂപയാണ് ഒരു വര്‍ഷം അധികപലിശ. ഭൂമി ഏറ്റെടുക്കലില്‍ വ്യാപക ക്രമക്കേട് നടന്നു. ചട്ടങ്ങളും നിയമങ്ങളും  ലംഘിച്ചു. ധനവകുപ്പിനെ നോക്കുകുത്തിയാക്കിയ കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായാണ് പ്രവര്‍ത്തിച്ചത്. 1250 കോടിയുടെ അധികചെലവും മസാല ബോണ്ട് നഷ്ടം 183 കോടിയും സംഭവിച്ചു. വിദഗ്ധസമിതി ശുപാര്‍ശകള്‍ നടപ്പാക്കും. നേരത്തെ പറഞ്ഞ കാര്യങ്ങളെക്കാള്‍ ഭീകരമാണ് അവസ്ഥയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

റൂള്‍സ് ഓഫ് ബിസിനസ് ലംഘിച്ചു. പദ്ധതി നിര്‍വഹണത്തിലെ അധികചിലവ് 13, 103 കോടിയായിരുന്നു. ജില്ലകളോട് വിവേചനം കാണിച്ചു. 3 ജില്ലകള്‍ക്ക് കൂടുതല്‍ തുക അനുവദിച്ചു. 

 ഭൂമി ഏറ്റെടുക്കലില്‍ വ്യാപക ക്രമക്കേട് നടന്നു. കൂടിയ വിലയ്ക്ക് സ്ഥലം ഏറ്റെുടുത്തു. കണ്ണൂരില്‍ ഏറ്റെടുത്ത 1000 ഏക്കറില്‍ ഒരു വ്യവസായവും നടന്നില്ല. 5821 കോടി  ബാങ്കില്‍ നിക്ഷേപിച്ചു, ഇത് എന്തിന് ?. പരസ്യചിലവിലും ദുരൂഹതയുണ്ട്.  21.16 കോടിയാണ് കണക്കില്‍ കാണിക്കുന്നത്. ചിലവ് 203 .72 കോടിയും. 

Also Read: കിഫ്ബി പ്രവര്‍ത്തിച്ചത് സ്വതന്ത്ര സാമ്രാജ്യമായി; ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചു: മുഖ്യമന്ത്രി

അനധികൃത നിയമനം നടത്തി. സര്‍ക്കാര്‍ അംഗീകരിച്ചത് 40 തസ്തികകളായിരുന്നു. നിയമിച്ചത് 498 പേരെയും.  സര്‍ക്കാര്‍ അനുമതി ഇല്ലാതെ ശമ്പളം വര്‍ധിപ്പിച്ചു . 2041-42 വരെ 70415.54 കോടി സര്‍ക്കാരിന് ബാധ്യതവരും. നേരത്തെ പറഞ്ഞ കാര്യങ്ങളെക്കാള്‍ ഭീകരമാണ് അവസ്ഥ. മന്ത്രിസഭ വീണ്ടും റിപ്പോര്‍ട്ട് പരിഗണിക്കും . മുന്‍കൂട്ടി പ്രതികളെ കണ്ടെത്തുകയല്ല വേണ്ടത്. തുടങ്ങിവച്ച  പദ്ധതികള്‍ പൂര്‍ത്തിയാക്കും . നടന്നുവന്ന പദ്ധതികള്‍ ഒരു സുപ്രഭാതത്തില്‍ നിര്‍ത്താനാവില്ല. സര്‍ക്കാര്‍ ഗ്യാരന്റി നല്‍കിയതാണ്. ധനപ്രതിസന്ധിക്ക് പ്രധാനകാരണം കിഫ്ബിയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കിഫ്ബിയ്ക്ക് പൂട്ട് 

കിഫ്ബിക്ക് പൂട്ടിടാനുള്ള ശുപാർശകളുമായി വിദഗ്ധസമിതി റിപ്പോർട്ട്.  പൊതുവിപണിയിൽ നിന്ന് കടമെടുക്കാൻ  അനുവദിക്കരുത്. ഇന്ധന സെസിന്റേയും മോട്ടോർ വാഹന നികുതിയുടെയും ഒരു ഭാഗം നൽകുന്നത് നിർത്തലാക്കണം. നിലവിൽ നടപ്പാക്കുന്ന പദ്ധതികൾ അതാത് വകുപ്പുകൾ ഏറ്റെടുത്ത് പൂർത്തിയാക്കണം. ജീവനക്കാരെ പുനർവിന്യസിക്കണം. കിഫ്ബിയുടെ 10 വർഷത്തെ പ്രവർത്തനങ്ങൾ പൂർണ ഓഡിറ്റിന് വിധേയമാക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

വികസന പദ്ധതികൾക്ക് ഫണ്ട് സമാഹരിക്കാനും പദ്ധതികൾ നടപ്പാക്കാനുള്ള സംവിധാനമായി കിഫ്ബിയെ നിലനിർത്തരുത് എന്നാണ് മുൻ കേന്ദ്ര ധനകാര്യ സെക്രട്ടറി സുധ പിള്ള അധ്യക്ഷയായ അഞ്ചംഗ വിദഗ്ദ്ധ സമിതി റിപ്പോർട്ടിന്റെ രത്നച്ചുരുക്കം. റിപ്പോർട്ട് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു. പൊതുവിപണിയിൽ നിന്ന് കടമെടുക്കാൻ കിഫ്ബിയെ അനുവദിക്കരുത് എന്നാണ് റിപ്പോർട്ടിലെ സുപ്രധാന ശുപാർശ. ഇതിനായി കിഫ്ബി നിയമത്തിലെ 8,9 വകുപ്പുകൾ ഭേദഗതി ചെയ്യണം. ഇന്ധന സെസിന്റേയും മോട്ടോർ വാഹന നികുതിയുടെയും ഒരു ഭാഗം ഇഷ്ടിക്ക് അനുവദിക്കാനുള്ള ഉത്തര പുറത്താക്കണമെന്നാണ് മറ്റൊരു സുപ്രധാന ശുപാർശ. ഈ രണ്ടു ശുപാർശകളും നടപ്പായാൽ കിഫ്ബിയുടെ വരുമാനസ്രോതസ്സ് പൂർണമായും അടയും. കിഫ്ബി നിലവിൽ നടപ്പാക്കുന്ന വികസന പദ്ധതികൾ അതാത് വകുപ്പുകൾ ഏറ്റെടുത്ത് പൂർത്തിയാക്കണം. 

ഇതിനായി വാർഷിക ബജറ്റിൽ പണം വകയിരുത്തണം. കിഫ്ബിയുടെ വായ്പ ബാധ്യതകൾ സർക്കാർ ഏറ്റെടുത്ത് തീർക്കണം. ഇതിനും ബജറ്റിൽ ഫണ്ട് വകയിരുത്തണം. ഉയർന്ന പലിശയുള്ള വായ്പകൾ പുനക്രമീകരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. കിഫ്ബിയുടെ ജീവനക്കാരെ പുനർ വിന്യസിക്കാനും പുനഃസംഘടിപ്പിക്കാനും വിശദമായ നിർദ്ദേശങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്. കരാർ ജീവനക്കാരെ കാലാവധി കഴിയുന്നത് വരെ നിലനിർത്താം. പദ്ധതി വിലയിരുത്താനും നിരീക്ഷിക്കാനുമുള്ള ജീവനക്കാരെ ആസൂത്രണ ബോർഡിലേക്ക് മാറ്റണം. 

ഫിനാൻസ് ഇൻഫ്രസ്ട്രക്ചർ വിഭാഗത്തെ ധനവകുപ്പിലേക്ക് മാറ്റണം. ഡെപ്യൂട്ടേഷനിലുള്ള ജീവനക്കാരെ മാതൃ വകുപ്പുകളിലേക്ക് മടക്കി അയക്കണം. സ്വന്തം നിലക്ക് നിയമനം നടത്താൻ അധികാരം നൽകുന്ന വകുപ്പ് ഭേദഗതി ചെയ്യണം. കൺസൾട്ടൻസി ഉപസ്ഥാപനമായ കിഫ്കോണിനെ ആസൂത്രണ ബോർഡിന് കീഴിൽ ആക്കണന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. ഈ ശുപാർശകൾ നടപ്പാക്കിയാൽ  കിഫ്ബിയുടെ സ്വതന്ത്ര അധികാരങ്ങൾ എല്ലാം  ഇല്ലാതാകും. ധനവകുപ്പിന് കീഴിലെ സാധാരണ ഏജൻസിയായി കിഫ്ബി മാറും.

അതേസമയം, കിഫ്ബി റിപ്പോര്‍ട്ട് രാഷ്ട്രീയ ആയുധമെന്ന് മുന്‍ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. കിഫ്ബി പൂട്ടരുത്. കിഫ്ബി മൂലമുണ്ടായ നേട്ടം കണ്ടില്ലെന്ന് നടിക്കരുതെന്നും ബാലഗോപാല്‍ പറഞ്ഞു. കിഫ്ബി നിര്‍ത്തുന്നത് ആഘാതമാകുമെന്ന് മുന്‍മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസകും പറഞ്ഞു. ബജറ്റുവഴി വികസനപദ്ധതി നടപ്പാകില്ല. പ്രഖ്യാപിച്ച പദ്ധതികള്‍  പ്രതിസന്ധിയിലാകും. കിഫ്ബിയുടെ  30000 കോടി ക്യാഷ് ഡെപ്പോസിറ്റായി ഉണ്ട്. അതാണ് മുഖ്യമന്ത്രി വി.ഡി.സതീശന്‍ ലക്ഷ്യമിടുന്നതെന്നും ഐസക് ആരോപിച്ചു.

ENGLISH SUMMARY:

KIIFB corruption investigation reveals massive financial irregularities, excessive interest burdens, and land acquisition scandals as announced by the Chief Minister. The expert committee recommends halting public market borrowings and restructuring the controversial infrastructure board to address the mounting state fiscal crisis.