PTI

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി സെന്‍ട്രല്‍ പാര്‍ക്കില്‍ സിജെപി നാളെ തിരംഗമാര്‍ച്ച് നടത്തും. എത്താനാകാത്തവര്‍ അവര്‍ ഉള്ള സ്ഥലത്ത് പതാക ഉയര്‍ത്തണം. എല്ലാവിഭാഗങ്ങളും അണിനിരക്കണമെന്ന് സിജെപി കൺവീനർ  അഭിജീത് ദിപ്കെ ആഹ്വാനം ചെയ്തു. 

 

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരെ ജയിലിലടയ്ക്കുകയാണെന്നും തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ഉറപ്പുണ്ടെങ്കിൽ പിന്നെ എന്തിനാണ് അദ്ദേഹത്തിന് സംരക്ഷണം നൽകുന്നതെന്നും ദീപ്കെ ചോദിച്ചു

 

Also read: സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം: നടന്‍ ഇമ്രാന്‍ ഖാനോട് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേടിത്തൊണ്ടനെന്ന് വിശേഷിപ്പിച്ച ദീപ്കെ, രാജ്യത്ത് അടിയന്തരാവസ്ഥയാണെങ്കിൽ അത് ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യവും ലോകവും മോദിയുടെ യഥാർഥ മുഖം തിരിച്ചറിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

ആർഎസ്എസ് ശാഖകളിൽ ഇതുവരെ ദേശീയപതാക ഉയർത്തിയിട്ടില്ലെന്ന ആരോപണം ഉന്നയിച്ച ദീപ്കെ, അതുകൊണ്ടാണ് തെരുവുകളിൽ ദേശീയപതാകയേന്തിയുള്ള പ്രതിഷേധങ്ങൾ തടയുന്നതെന്നും ആരോപിച്ചു. പ്രധാനമന്ത്രി മോദിക്ക് ദേശീയപതാകയേക്കാൾ പ്രാധാന്യം ഗ്യാനേഷ് കുമാറിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

അതേസമയം, പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് എസ്‌എഫ്‌ഐ ദേശീയ ജനറല്‍ സെക്രട്ടറി ഐഷി ഘോഷ്. വോട്ട് കൊള്ള നടത്തുന്നവർക്ക് ജനാധിപത്യത്തിന്റെ മൂല്യം മനസ്സിലാകില്ലെന്ന് അവർ ആരോപിച്ചു. പ്രതിഷേധക്കാരുടെ കൈകളിലുള്ള ദേശീയപതാകയെ ആക്രമിച്ച് അവരുടെ പോരാട്ടം തടയാനാകില്ലെന്നും ഐഷി ഘോഷ് വ്യക്തമാക്കി. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം തുടരുമെന്നും ജനാധിപത്യത്തിനും വോട്ടവകാശത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഐഷി ഘോഷ് പറഞ്ഞു.

 

അതേസമയം, ഡല്‍ഹിയില്‍ സി.ജെ.പി., ഇടത് യുവജനസംഘടന സംയുക്ത വാര്‍ത്താസമ്മേളനത്തിനിടെ ബഹളം. ചോദ്യം ചോദിച്ച് ബഹളംവച്ച ഒരു ചാനലിന്റെ റിപ്പോര്‍ട്ടമാരെ പുറത്തിറക്കി. ഇവരെ പ്രസ് ക്ലബ് പരിസരത്തുനിന്ന് നീക്കി. വാര്‍ത്താസമ്മേളനത്തില്‍ ഗോദി മീഡിയ ഡൗണ്‍ വിളികള്‍ ഉയര്‍ന്നു.

ENGLISH SUMMARY:

Malayala Manorama Online News provides the latest updates on the CJP Tiranga March in Delhi demanding the resignation of Chief Election Commissioner Gyanesh Kumar. The protest, led by Abhijit Dipke and supported by student leaders like Aishe Ghosh, highlights ongoing political tensions in the capital.