cm-vdsatheesan

കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായാണ് പ്രവര്‍ത്തിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍.  ചട്ടങ്ങളും നിയമങ്ങളും  ലംഘിച്ചു. ധനവകുപ്പിനെ കിഫ്ബി  നോക്കുകുത്തിയാക്കി.    സംസ്ഥാനത്തിന്‍റെ വായ്പാ പരിധി കുറഞ്ഞു. കിഫ്ബിയുടെ പേരില്‍ നടന്നത് ധൂര്‍ത്തായിരുന്നു. 396 കോടി രൂപ ഒരു വര്‍ഷം അധികപലിശ നല്‍കേണ്ടി വന്നു. 1250 കോടിയുടെ അധികചെലവും മസാല ബോണ്ട് നഷ്ടം 183 കോടിയും സംഭവിച്ചെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

 

കിഫ്ബിക്ക് പൂട്ടിടണമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കിഫ്ബി പുനഃസംഘടനയുമായി ബന്ധപ്പെട്ട വിദഗ്ധസമിതി റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു.  പൊതുവിപണിയില്‍ നിന്ന് കടമെടുക്കാന്‍ അനുവദിക്കരുതെന്നും വിദഗ്ധസമിതി. 10 വര്‍ഷത്തെ പ്രവര്‍‍ത്തനം ഓഡിറ്റിന് വിധേയമാക്കണമെന്നും നിലവിലെ പദ്ധതികള്‍ മുന്‍ഗണനാപ്രകാരം പൂര്‍ത്തിയാക്കണമെന്നും റിപ്പോര്‍ട്ട്.

 

Also read: കിഫ്ബിക്ക് പൂട്ടിടണം; വിദഗ്ധസമിതി റിപ്പോര്‍ട്ട് നിയമസഭയില്‍

കിഫ്ബി പ്രവർത്തനം അവലോകനം ചെയ്യുന്ന റിപ്പോർട്ട്  മന്ത്രിസഭ അംഗീകരിച്ചിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കിഫ്ബി പ്രവർത്തനം സംബന്ധിച്ച് സർക്കാർ തീരുമാനിക്കും. മുൻ കേന്ദ്ര ധനകാര്യ സെക്രട്ടറി സുധാപിള്ള അധ്യക്ഷയായ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്. എല്‍ഡിഎഫ് സർക്കാർ കിഫ്‌ബിയെ സർക്കാരിന് സമാന്തര സംവിധാനമാക്കി എന്ന വിമർശനമാണ് യുഡിഎഫ് ഉയർത്തിയിരുന്നത്.

 

അതേസമയം, കിഫ്ബി റിപ്പോര്‍ട്ട് രാഷ്ട്രീയ ആയുധമെന്ന് മുന്‍ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. കിഫ്ബി പൂട്ടരുത്. കിഫ്ബി മൂലമുണ്ടായ നേട്ടം കണ്ടില്ലെന്ന് നടിക്കരുതെന്നും ബാലഗോപാല്‍ പറഞ്ഞു. കിഫ്ബി നിര്‍ത്തുന്നത് ആഘാതമാകുമെന്ന് മുന്‍മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസകും പറഞ്ഞു. ബജറ്റുവഴി വികസനപദ്ധതി നടപ്പാകില്ല. പ്രഖ്യാപിച്ച പദ്ധതികള്‍  പ്രതിസന്ധിയിലാകും. കിഫ്ബിയുടെ  30000 കോടി ക്യാഷ് ഡെപ്പോസിറ്റായി ഉണ്ട്. അതാണ് മുഖ്യമന്ത്രി വി.ഡി.സതീശന്‍ ലക്ഷ്യമിടുന്നതെന്നും ഐസക് ആരോപിച്ചു.

ENGLISH SUMMARY:

KIIFB controversy highlights serious allegations of rule violations and financial mismanagement within Kerala's infrastructure fund. The recent expert committee report has sparked a major political debate between the ruling front and the opposition.