എല്ലാ വർഷവും മഞ്ഞുകാലം തുടങ്ങുമ്പോൾ, ചുവന്ന കുപ്പായമിട്ട ആ ചിരിക്കുന്ന അപ്പൂപ്പൻ സമ്മാനങ്ങളുമായി വരുന്നത് കാത്ത് കുട്ടികൾ ആകാംക്ഷയോടെ കാത്തിരിക്കും. സാന്താക്ലോസ് പണ്ടുകാലം മുതലേ ഇങ്ങനെയൊക്കെ തന്നെയാണോ? അല്ല. ഇന്നു നമ്മൾ കാണുന്ന ഈ രൂപം നൂറ്റാണ്ടുകൾക്ക് മുമ്പ് രൂപപ്പെട്ടതല്ല, മറിച്ച് ഒരു ബിസിനസ് പരസ്യത്തിലൂടെ ജനപ്രീതി നേടിയതാണ്.
പഴയ യൂറോപ്യൻ നാടോടിക്കഥകളിൽ സെന്‍റ് നിക്കോളാസ് എന്ന പുണ്യപുരുഷനെക്കുറിച്ചാണ് പറയുന്നത്. എന്നാൽ അദ്ദേഹം ഇന്നത്തെപ്പോലെ തടിച്ചുരുണ്ട ഒരു വൃദ്ധനായിരുന്നില്ല. നീളം കൂടിയ, മെലിഞ്ഞ ഒരു സന്യാസിയെപ്പോലെയായിരുന്നു.അദ്ദേഹത്തിന്‍റെ വസ്ത്രങ്ങൾ പച്ച, തവിട്ട്, നീല, മഞ്ഞ എന്നീ നിറങ്ങളിലായിരുന്നു. ചിലപ്പോൾ പേടിപ്പെടുത്തുന്ന ലുക്കുള്ള ഒരു കുഞ്ഞൻ രൂപമായും സാന്താക്ലോസിനെ ചിത്രീകരിച്ചിരുന്നു.
1930-കളിൽ അമേരിക്കയിലെ സാമ്പത്തിക മാന്ദ്യകാലത്താണ് സാന്താക്ലോസിന്‍റെ രൂപത്തിൽ വലിയ മാറ്റം വരുന്നത്. കൊക്ക ക്കോള കമ്പനിക്ക് വേനൽക്കാലത്ത് നല്ല കച്ചവടം കിട്ടിയിരുന്നെങ്കിലും തണുപ്പുകാലത്ത് ആളുകൾ അത് വാങ്ങിയിരുന്നില്ല. ശൈത്യകാലത്തും തങ്ങളുടെ പാനീയം വിൽക്കാനായി അവർ ക്രിസ്മസിനെ ഒരു ആയുധമാക്കി. 1931-ൽ കൊക്കക്കോള കമ്പനി ഹാഡൺ സൺബ്ലോം എന്ന ചിത്രകാരനെ സാന്താക്ലോസിന്‍റെ പുതിയ രൂപം വരയ്ക്കാൻ ഏൽപ്പിച്ചു.
പേടിപ്പെടുത്തുന്ന രൂപങ്ങൾക്ക് പകരം, ചുവന്ന തുടുത്ത കവിളുകളും നിറഞ്ഞ താടിയും, സ്നേഹം തുളുമ്പുന്ന കണ്ണുകളുമുള്ള ഒരു മുത്തശ്ശന്‍റെ രൂപം അദ്ദേഹം വരച്ചു.
കൊക്കക്കോളയുടെ ബ്രാൻഡ് നിറമായ ചുവപ്പും വെള്ളയും ചേർന്ന കുപ്പായം അദ്ദേഹം സാന്താക്ലോസിന് നൽകി.തന്‍റെ ഒരു സുഹൃത്തിനെ മാതൃകയാക്കിയാണ് സൺബ്ലോം ഈ രൂപം തയ്യാറാക്കിയത്.
അതിന് മുന്‍പും ചുവന്ന കുപ്പായമിട്ട സാന്താക്ലോസിന്‍റെ ചിത്രങ്ങൾ നിലവിലുണ്ടായിരുന്നു എന്ന് ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു. എങ്കിലും, കൊക്കക്കോളയുടെ പരസ്യങ്ങളിലൂടെയാണ് ഇന്ന് ലോകമെമ്പാടും കാണുന്ന സാന്താക്ലോസ് എന്ന നമ്മുടെ ക്രിസ്മസ് പാപ്പയുടെ രൂപം എല്ലാവരുടെയും മനസ്സിൽ പതിഞ്ഞത്