ക്രിസ്മസ്- ന്യൂഇയർ ആഘോഷങ്ങളോടനുബന്ധിച്ച് ജനത്തിരക്കിൽ ഫോർട്ട് കൊച്ചി. ക്രിസ്മസ് ട്രീ ആയി അണിയിച്ചൊരുക്കിയ കൂറ്റൻ മഴമരം കാണാൻ വൈകുന്നേരങ്ങളിൽ ഫോർട്ട് കൊച്ചിയിൽ എത്തുന്നത് ആയിരങ്ങൾ. വാഹനങ്ങൾ കുരുക്കിൽപ്പെട്ട് മണിക്കൂറോളം കുരുങ്ങിക്കിടക്കുന്ന നിലയിലാണ്.
ക്രിസ്മസ് ദിനത്തിൽ, മഞ്ഞനിറത്തിൽ മഴമരം തെളിഞ്ഞതുമുതൽ റീലുകളിലും പോസ്റ്റുകളിലും ഈ കാഴ്ച തന്നെ. വെളി മൈതാനത്തെ കൂറ്റൻ ക്രിസ്മസ് ട്രീ നേരിട്ട് കാണാൻ പതിവിലധികം ആളുകൾ ഫോർട്ട് കൊച്ചിയിലേക്ക്. സാധാരണ ഡിസംബർ 25, 31 തീയതികളിൽ ആണ് ഫോർട്ട് കൊച്ചിയുടെ വീഥികൾ ഇത്രമാത്രം ജനങ്ങളെ കൊണ്ട് നിറയാറുള്ളൂ.
പാപ്പാഞ്ഞിയെ കത്തിക്കുന്ന പുതുവത്സര രാത്രിയിൽ, ഈ തിരക്ക് പത്തിരട്ടിയിലധികം വർദ്ധിക്കാം. ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള നടപടികൾ ഇപ്പോഴേ തുടങ്ങിയാലേ കാര്യമുള്ളൂ. നിലവിൽ, വെളി മൈതാനത്തേക്ക് പ്രവേശിക്കുന്നതും പുറത്തിറങ്ങുന്നതും ഒരേ കവാടങ്ങളിലൂടെയാണ്. ഉള്ളതിനേക്കാൾ കൂടുതൽ തിരക്ക് അനുഭവപ്പെടാൻ കാരണവും ഇതുതന്നെ. കഴിഞ്ഞ രണ്ടുദിവസമായി, പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കും ഉണ്ട്. അഞ്ചു മണിക്കൂറിലധികം വാഹനങ്ങൾ ബ്ലോക്കിൽ പെട്ടു. ബിനാലെ നടക്കുന്ന ആസ്പിൻ വാളിന് മുൻപിനും വാഹനത്തിരക്കുണ്ട്.