AI Generated Images
പലതരം കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ ഉണ്ടെങ്കിലും മിലേനിയലുകളും ജെന്‍സികളും അമിതമായി ചിന്തിക്കാന്‍ സമയം കണ്ടെത്തുന്നു. പ്രത്യേകിച്ച് ഭക്ഷണത്തിനായി എന്ന് പഠനങ്ങള്‍ പറയുന്നു. 'ഇന്ത്യ ഓവർതിങ്കിംഗ്' എന്ന പേരിൽ സെന്റർ ഫ്രഷും യൂഗവും ചേർന്ന് നടത്തിയ സർവേയിലാണ് ഈ കണ്ടെത്തലുകൾ.
ഇന്ത്യയിൽ ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നതിനേക്കാൾ കൂടുതൽ സമയം ആളുകൾ ഒരു നേരത്തെ ഭക്ഷണം തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു. അതായത് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗംപേരും ഒരു ദിവസം കൂടുതലായി ചിന്തിക്കുന്നത് എന്ത് കഴിക്കണമെന്നാണ്.
ഹോട്ടലിൽ ഏത് വിഭവം ഓർഡർ ചെയ്യണം, വീട്ടിൽ പാചകക്കാരനോട് എന്ത് ഉണ്ടാക്കാൻ പറയണം, അല്ലെങ്കിൽ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളിൽ നിന്ന് എന്ത് വാങ്ങണം എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങൾ ഒരേ സമയം അവരുടെ ചിന്തകളിലൂടെ കടന്നുപോകുന്നു. ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നത് പോലും ഇത്ര ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമല്ലെന്നാണ് ഈ സർവേ റിപ്പോര്‍ട്ടില്‍ പറയുന്നത്.
2,010 പേരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ 63 ശതമാനം പേരും ഒരു റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം തിരഞ്ഞെടുക്കുന്നതാണ് രാഷ്ട്രീയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനേക്കാൾ കൂടുതൽ സമ്മർദ്ദമുണ്ടാക്കുന്ന കാര്യമാണെന്നാണ് അഭിപ്രായപ്പെട്ടത്.
എന്നാല്‍ ദക്ഷിണേന്ത്യയിലേക്കെത്തുമ്പോള്‍ ഈ കണക്ക് 69 ശതമാനം വരെ ഉയരുന്നു.സര്‍വേ നടത്തിയവരില്‍ ഭൂരിഭാഗംപേരും അമിതമായി ചിന്തിച്ചുകൊണ്ടിരിക്കുന്നവരാണ്. എന്നാല്‍ ഈ ചിന്തയെ മറികടക്കാന്‍ അവരില്‍ പലരും ഗൂഗിള്‍, ചാറ്റ് ജിപിടി എന്നിവയെയാണ് ഉപയോഗിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.