tuna-fish

TOPICS COVERED

മലയാളികളുടെ തീൻമേശയിലെ പ്രിയപ്പെട്ട മത്സ്യ ഇനങ്ങളിൽ ഒന്നാണല്ലോ ചൂര (Tuna) . രുചിയിൽ മാത്രമല്ല, പോഷകഗുണത്തിലും മുൻപന്തിയിലാണ് ഈ മത്സ്യം. ലോകമെമ്പാടും വൻതോതിൽ ഉപയോഗിക്കപ്പെടുന്ന ചൂര, ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകളുടെയും ഒമേഗ-3 ഫാറ്റി ആസിഡുകളുടെയും കലവറയാണ്.നോക്കാം ചൂരയുടെ ചില ഗുണങ്ങൾ

ചൂരയോട് yes പറഞ്ഞാൽ...

ഹൃദയാരോഗ്യം വർധിപ്പിക്കുന്നതിനും ബുദ്ധിശക്തി വർധിപ്പിക്കുന്നതിനും ചൂരയിലെ ഒമെഗാ 3 ഫാറ്റി ആസിഡുകൾ സഹായിക്കും. ഇതിലുള്ള ഉയർന്ന അളവിലെ പ്രോട്ടീൻ പേശികളുടെ വളർച്ചക്ക് ഉത്തമമാണ്. അതുകൊണ്ടാണ് കായികതാരങ്ങളുടെയും ബോഡി ബിൽഡർമാരുടെയും ഭക്ഷണത്തിലെ പ്രധാന വിഭവമായി ചൂര ഇടംപിടിക്കുന്നത്. കണ്ണുകളുടെ ആരോഗ്യത്തിനും അത്യുത്തമം. മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തും. വിഷാദം, ഉത്കണ്ഠ എന്നിവ കുറയ്ക്കാനും സാധിക്കും. ചൂരയിൽ അടങ്ങിയിരിക്കുന്ന സെലിനിയം എന്ന ആന്റിഓക്‌സിഡന്റ് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കും. അങ്ങനെ, ചൂര കഴിച്ചാൽ പലതുണ്ട് കാര്യം.

No പറയേണ്ടത് ആരൊക്കെ?

ഗുണകരമാണെങ്കിലും, ചൂര കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ചില ലോഹാംശങ്ങളും മറ്റ് ഘടകങ്ങളും ചിലപ്പോൾ ദോഷകരമായേക്കാം. വലിയ ഇനം ചൂരകളിൽ മെർക്കുറിയുടെ അളവ് കൂടുതലായിരിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഗർഭിണികളും കുട്ടികളും ചൂര അമിതമായി കഴിക്കുന്നത് ഒഴിവാക്കി മിതമായ അളവിൽ ഉപയോഗിക്കുന്നതാണ് ഉചിതം.

നിന്നാൽ മരിച്ചു പോകും

ജീവൻ നിലനിർത്താൻ ജീവിതകാലം മുഴുവനും നിർത്താതെ നീന്തേണ്ട അവസ്ഥയാണ് ചൂരകൾക്ക്. കാരണം, വായ തുറന്ന് വേഗത്തിൽ നീന്തുമ്പോഴാണ് ഓക്സിജൻ അടങ്ങിയ വെള്ളം അവയുടെ ചെകിളകളിലൂടെ (Gills) കടന്നുപോകുന്നത്. അതുകൊണ്ട് ജനനം മുതൽ മരണം വരെ ഇവ നിർത്താതെ നീന്തിക്കൊണ്ടിരിക്കും.

കടലിലെ വേഗക്കാർ

കടലിലെ ഏറ്റവും വേഗമേറിയ മീനുകളിൽ ഒന്നാണ് ചൂര. മണിക്കൂറിൽ 70 മുതൽ 75 കിലോമീറ്റർ വേഗതയിൽ വരെ നീന്താൻ ഇവയ്ക്ക് സാധിക്കും.

ഉഷ്ണരക്തമുള്ള മീൻ

മീനുകൾ മിക്കതും ശീത രക്തമുള്ളവരാണ് (Cold-blooded). എന്നാൽ ചൂരയ്ക്ക് അവയുടെ ശരീരതാപനില ചുറ്റുമുള്ള വെള്ളത്തേക്കാൾ ഉയർത്തി നിർത്താൻ കഴിയും. ഇത് തണുത്ത വെള്ളത്തിലും വേഗത്തിൽ നീന്താൻ അവയെ സഹായിക്കുന്നു.

ദീർഘദൂരയാത്രക്കാർ

ചൂരകൾ വലിയ ദൂരം സഞ്ചരിക്കുന്നവരാണ്. പസഫിക് സമുദ്രം മുറിച്ചുകടക്കാൻ ഇവയ്ക്ക് വെറും മാസങ്ങൾ മതി. കൂട്ടമായാണ് സഞ്ചാരം.

ENGLISH SUMMARY:

Tuna fish offers significant health benefits, being a rich source of protein and omega-3 fatty acids, which are crucial for heart and brain health. However, it's important to consume it in moderation due to potential mercury levels in larger varieties, especially for pregnant women and children.