Ai Generated Images
വിവിധ സംസ്കാരങ്ങളാല്‍ സമ്പന്നമാണ് ഇന്ത്യ. കാലാകാലങ്ങളായി പിന്തുടര്‍ന്ന് പോരുന്ന ആചാരങ്ങള്‍ക്കൊപ്പം അധികം കേട്ടുകേള്‍വിയില്ലാത്ത വിചിത്ര ആചാരങ്ങളും ഇന്ത്യയില്‍ ഇന്നും നിലനിന്നുപോരുന്നുണ്ട്. അതിന് ഉത്തമ ഉദാഹരണമാണ് അടുത്തിടെ ഒരു കുടുംബത്തിലെ സഹോദരങ്ങള്‍ ഒരേ വധുവിനെ വിവാഹം കഴിച്ച സംഭവം. ഹിമാചല്‍ പ്രദേശിലെ ട്രാന്‍സ്-ഗിരി മേഖലയിലെ ഹട്ടി ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ചരിത്രപരമായി പിന്തുടരുന്ന ഒരു ആചാരമാണിത്. വിചിത്രമായ പല ആചാരങ്ങളും കാലഹരണപ്പെട്ടു തുടങ്ങിയ ഈ കാലത്ത് ഇത്തരമൊരു വിവാഹം നടന്നത് ചൂടന്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും കാരണമായി.
സുനിത ചൗഹാന്‍ എന്ന യുവതിയെയാണ് സഹോദരങ്ങളായ പ്രദീപും കപില്‍ നേഗിയും വിവാഹം ചെയ്തത്. 3 ദിവസം നീണ്ടുനിന്ന വിവാഹച്ചടങ്ങുകളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം വാര്‍ത്തയായി മാറിയത്. പോളിയാൻഡ്രി എന്നാണ് ഇത്തരം വിവാഹങ്ങളെ വിശേഷിപ്പിക്കുന്നത്. രണ്ടോ അതിലധികമോ സഹോദരങ്ങള്‍ ചേര്‍ന്ന് ഒരു യുവതിയെ വിവാഹം ചെയ്യുന്ന ഈ ആചാരം ജോഡിദാര എന്ന പേരിലും അറിയപ്പെടുന്നു. ഇത്തരത്തില്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന മറ്റു വ്യത്യസ്തവും വിചിത്രവുമായ ആചാരങ്ങളെക്കുറിച്ച് അറിയാം.
തക്കാളി എറിയുക
വരന്‍ വിവാഹ പന്തലിലേക്ക് എത്തുമ്പോള്‍ പുഷ്പവൃഷ്ടി നടത്തുന്നതിന് പകരം തക്കാളി എറിയുന്ന ആചാരം ഇന്നും ഇന്ത്യയില്‍ നിലനില്‍ക്കുന്നു. ഉത്തര്‍പ്രദേശിലെ ഒരു ഗോത്രവര്‍ഗക്കാര്‍ക്കിടയിലാണ് ഈ ചടങ്ങ് ഇന്നും ആചരിച്ചുപോരുന്നത്. ഭാര്യയ്ക്കും ഭര്‍ത്താവിനും ഇടയില്‍ ആഴത്തിലുള്ള സ്‌നേഹവും വാത്സല്യവും വളരുമെന്ന വിശ്വാസം അടിസ്ഥാനമാക്കിയാണ് വിചിത്രമായ ഈ ആചാരം അവര്‍ പിന്തുടരുന്നത്.
സപ്തപടി
ഹിന്ദു ബംഗാളി വിവാഹങ്ങളിലെ ഒരു സുപ്രധാന ആചാരമാണ് സപ്തപടി. സപ്തം എന്നാല്‍ ഏഴ്. വധുവും വരനും ചേര്‍ന്ന് അഗ്നിയെ സാക്ഷിയാക്കി ഏഴ് പ്രതിജ്‍ഞകള്‍ എടുക്കുന്ന ആചാരമാണ് സപ്തപടി. വിവാഹച്ചടങ്ങുകളിലെ സുപ്രധാന ചടങ്ങായ സപ്തപടിയില്‍ വധുവിന്റെയും വരന്റെയും അമ്മമാര്‍ പങ്കെടുക്കാറില്ല. വരന്‍റെയും വധുവിന്‍റെയും അമ്മയുടെ സാന്നിധ്യം വധൂവരന്‍മാരുടെ ദാമ്പത്യജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന വിശ്വാസമാണ് ഇതിന് കാരണം
ജയ്മാല
ഹിന്ദുവിവാഹത്തിലെ പ്രധാന ചടങ്ങാണ് താലികെട്ടലും സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തലും. എന്നാല്‍ ആസാമിലെ വിവാഹാഘോഷത്തിലേക്ക് വരുമ്പോള്‍ ജയ്മാല എന്ന ചടങ്ങ് കഴിഞ്ഞാല്‍ വിവാഹം കഴിഞ്ഞു എന്നാണ് അര്‍ഥം. എന്താണ് ജയ്മാല? വരനും വധുവും പരസ്പരം പുഷ്പഹാരം അണിയിക്കുന്ന ചടങ്ങാണിത്. ഇതോടുകൂടി അവര്‍ ഔദ്യോഗികമായി വിവാഹിതരായതായി കണക്കാക്കപ്പെടുന്നു. ചടങ്ങ് അവസാനിക്കുന്നത് വിപുലമായ വിരുന്നോടുകൂടിയായിരിക്കും.
കുംഭ വിവാഹം
ജാതകത്തിൽ മംഗള ദോഷം ഉള്ളവർക്കായി നടത്തുന്ന ഒരു പ്രത്യേക ചടങ്ങാണ്. ഈ ദോഷം ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കും എന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ ഒരു പുരുഷനെ വിവാഹം കഴിക്കും മുന്‍പ് ഒരു ആല്‍മരത്തെയോ വാഴയെയോ കുടത്തെയോ വിവാഹം കഴിക്കാന്‍ നിര്‍ദേശിക്കും. ഇതിലൂടോ ദോഷങ്ങളെല്ലാം ഇല്ലാതാകും എന്നാണ് വിശ്വാസം. ഈ ചടങ്ങ് അനുഷ്ഠിച്ചില്ലെങ്കില്‍ അത് വധുവിന്റെയോ വിവാഹം കഴിക്കുന്ന പുരുഷന്റെയോ മരണത്തിലേക്ക് നയിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. സാധാരണ വിവാഹം പോലെ തന്നെ പൂജാദികര്‍മങ്ങളുടെ അകമ്പടിയോടെ തന്നെയാണ് കുംഭ വിവാഹവും നടത്തുന്നത്. ഇതിനു ശേഷം മാത്രമേ ഒരു പുരുഷനുമായുളള വിവാഹം നടത്തുകയുളളു.
വരനെ മൂലയൂട്ടുക
ചില രാജസ്ഥാനി വിവാഹച്ചടങ്ങുകളില്‍ ഇന്നും നിലനില്‍ക്കുന്ന ഒരു പ്രത്യേക സാംസ്‌കാരികപരമായ ചടങ്ങാണ് വരനെ മുലയൂട്ടുക എന്നത്. മകന്‍ ഒരു പുതുജീവിതത്തിലേക്ക് കടക്കുംമുന്‍പ് അവസാനമായി അവന് അമ്മ മുലയൂട്ടുന്നു. ഇത് മാതൃത്വത്തിന്‍റെ ആഴവും പരപ്പും പ്രകടമാക്കുന്ന ഒരു തരം ചടങ്ങാണ്. വിവാഹപ്പന്തലിലേക്ക് വരന്‍ യാത്രയാകുന്നതിന് തൊട്ടുമുന്‍പാണ് ഈ ചടങ്ങ് നടത്താറ്.
ന്ഗാ-തബാ
മണിപ്പൂരി വിവാഹച്ചടങ്ങിലെ ഒരു പ്രത്യേക ആചാരമാണിത്. വരനും വധും ചേര്‍ന്ന് ഒരു ജോഡി മത്സ്യക്കുഞ്ഞുങ്ങളെ ഒരു കുളത്തിലേക്ക് ഇറക്കി വിടുന്നു. ഈ മത്സ്യക്കുഞ്ഞുങ്ങള്‍ ഒരേ ദിശയില്‍ സഞ്ചരിച്ചാല്‍ വിവാഹജീവിതം പ്രശ്‌നങ്ങളില്ലാതെ പോകുമെന്നാണ് വിശ്വാസം. ചിലയിടങ്ങളില്‍ ഈ മല്‍സ്യക്കുഞ്ഞുങ്ങളെ കുളത്തിലേക്ക് ഒഴുക്കുന്നത് വരന്‍റെയും വധുവിന്‍റെയും അടുത്ത ബന്ധുക്കളായ പെണ്‍കുട്ടികളായിരിക്കും. വരന്‍റെ ഭാഗത്ത് നിന്ന് 2 പേരും വധുവിന്‍റെ ഭാഗത്ത് നിന്ന് ഒരാളും ചേര്‍ന്ന് ഈ ചടങ്ങ് നടത്തും. ഒരു ചെറിയ പാത്രത്തില്‍ 5 മുതല്‍ 10 വരെ ചെറുമല്‍സ്യങ്ങളെ എടുത്ത് വയക്കും ഇവയില്‍ നിന്നും ഏറ്റവും നല്ല 2 മീന്‍കുഞ്ഞുങ്ങളെ വരന്‍റെ ബന്ധുക്കളായ പെണ്‍കുട്ടികള്‍ തിരഞ്ഞെടുക്കണം. ശേഷം തൊട്ടടുത്തുളള കുളത്തിലോ പുഴയിലോ ഈ മീന്‍ കുഞ്ഞുങ്ങളെ ഒഴുക്കിവിടണം. മൂന്നാമത്തെ പെണ്‍കുട്ടിയാണ് ഈ മീനുകള്‍ ഒരുമിച്ചാണോ മുന്നോട്ടുപോകുന്നത് എന്ന് നിരീക്ഷിക്കേണ്ടത്.