കഴിഞ്ഞ ഫെബ്രുവരി 26-നാണ് തെലുങ്ക്സൂപ്പര്‍താരം വിജയ് ദേവരകൊണ്ട തന്‍റെ ദീര്‍ഘകാല സുഹൃത്തും നടിയുമായ രശ്മിക മന്ദാനയെ വിവാഹം ചെയ്തത്. മാർച്ച് 4 ന് ദമ്പതികള്‍ ഹൈദരാബാദിൽ അടുത്ത സുഹൃത്തുക്കൾക്കായി ഒരു വിരുന്നും സംഘടിപ്പിച്ചിരുന്നു. താരവിവാഹത്തിന്‍റെ ആഘോഷങ്ങൾക്കിടയില്‍ ഒരു കുട്ടി ആരാധിക  വിജയിയോട് ഒരു ചോദ്യവുമായെത്തി. എന്തുകൊണ്ടാണ് രശ്മികയുമായുള്ള വിവാഹത്തിന് തന്നെ ക്ഷണിക്കാതിരുന്നത് എന്നായിരുന്നു ആ ചോദ്യം. രസകരമായ ആ വിഡിയോ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെയാണ് താരം തന്നെ തന്‍റെ കുഞ്ഞ് ആരാധികയ്ക്ക് മറുപുടിയുമായെത്തിയത്.

‘ഞാനും നിങ്ങളുടെ ആരാധികയല്ലേ? ഞങ്ങള്‍ക്ക് ഒന്നുമില്ലേ?’ എന്നായിരുന്നു കുട്ടി ആരാധികയുടെ വിജയ് ദേവരകൊണ്ടയോടുള്ള ചോദ്യം. ‘മോളേ, ഞാൻ നിന്നെ ഉച്ചഭക്ഷണത്തിന് വീട്ടിലേക്ക് ക്ഷണിക്കാം.. നിനക്ക് ഇഷ്ടപ്പെട്ട ഭക്ഷണവും മധുരപലഹാരങ്ങളും ഏതൊക്കെയാണെന്ന് എന്നോട് പറയൂ, എല്ലാം വീട്ടിൽ ഉണ്ടാക്കാൻ പറഞ്ഞ് നമുക്ക് നന്നായി കഴിക്കാം.’ - എന്നായിരുന്നു പോസ്റ്റിന്‍റെ കമന്‍റ് സെക്ഷനില്‍ അവള്‍ക്ക് മറുപടിയായി താരം കുറിച്ചത്.  വിജയിയുടെ തെലുങ്കിലുള്ള മറുപടി ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. 

തങ്ങളുടെ വിവാഹശേഷം ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ മധുരം വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ വിജയ്‌യും രശ്മികയും ചേർന്ന് നടത്തിയത് ശ്രദ്ധേയമായിരുന്നു. ‘ഈ രാജ്യത്തെ മനോഹരമായ മനുഷ്യർക്ക്, നിങ്ങൾ എല്ലായ്പ്പോഴും ഞങ്ങളുടെ യാത്രകളുടെയും സ്നേഹത്തിന്‍റെയും ഭാഗമാണ്. ഞങ്ങളുടെ വിവാഹം നിങ്ങളോടൊപ്പം ആഘോഷിക്കുന്നതിൽ ഞങ്ങൾ അങ്ങേയറ്റം സന്തോഷിക്കുന്നു. ഇന്ത്യ എങ്ങനെയാണ് എന്തും ആഘോഷിക്കാറുള്ളത്? മധുരപലഹാരങ്ങളും ഭക്ഷണവും നൽകിക്കൊണ്ടല്ലേ.’ എന്നായിരുന്നു താരങ്ങള്‍ എക്സില്‍ കുറിച്ചത്. ‘അതുകൊണ്ട് ഞങ്ങളുടെ ജീവിതത്തിലെ ഈ വലിയ നിമിഷം നിങ്ങളുമായി പങ്കിടുന്നതിനായി രാജ്യത്തുടനീളം സ്നേഹവും മധുരപലഹാരങ്ങളും നിറഞ്ഞ ട്രക്കുകൾ ഞങ്ങൾ അയക്കുകയാണ്. കൂടാതെ, രാജ്യത്തെ വിവിധ ക്ഷേത്രങ്ങളിൽ ഞങ്ങൾ 'അന്നദാനവും' നടത്തും. എല്ലാവരുടെയും അനുഗ്രഹങ്ങൾ തേടുന്നു’ എന്നും താരദമ്പതികള്‍ കുറിപ്പില്‍ പങ്കുവെച്ചു.

ഹൈദരാബാദ്, മഹബൂബ് നഗർ, കരീംനഗർ, ഡൽഹി, ചണ്ഡീഗഡ്, നോയിഡ, ഗാസിയാബാദ്, അഹമ്മദാബാദ്, ഭോപ്പാൽ, മുംബൈ, ജയ്പൂർ, വൈസാഗ്, വിജയവാഡ, പുട്ടപർത്തി, കൊച്ചി, മൈസൂർ, കുർഗ്, ബാംഗ്ലൂർ, കോയമ്പത്തൂർ, ചെന്നൈ, പോണ്ടിച്ചേരി തുടങ്ങി നിരവധി നഗരങ്ങളിൽ താരവിവാഹത്തോടനുബന്ധിച്ച് മധുരപലഹാരങ്ങൾ വിതരണം ചെയ്തിരുന്നു . ഇനി രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന 'രണബാലി' (Ranabaali) എന്ന ചിത്രത്തിൽ  ഒരുമിച്ച് അഭിനയിക്കാൻ ഒരുങ്ങുകയാണ് വിജയ് ദേവരകൊണ്ടയും രശ്മികയും.

Vijay Deverakonda and Rashmika Mandanna's Wedding: Fan Interaction Steals the Show:

Vijay Deverakonda and Rashmika Mandanna's wedding has generated significant buzz, with fans eagerly following every detail. The couple's recent wedding and subsequent celebrations have captured the attention of their massive fanbase, highlighting their endearing interactions and philanthropic gestures