Image Credit : Instagram

ഒന്നാം വിവാഹവാര്‍ഷികം ആഘോഷമാക്കുന്നതിനൊപ്പം വന്‍താരയിലെ മൃഗങ്ങള്‍ക്ക് ഗംഭീര വിരുന്നൊരുക്കി അനന്ത്–രാധിക ദമ്പതികള്‍. കഴിഞ്ഞ ദിവസമായിരുന്നു റിലയൻസ് ഇൻഡസ്ട്രീസിന്‍റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ ഇളയ മകനുമായ അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റേയും ആദ്യവിവാഹ വാർഷികം. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളില്‍ തന്‍റെ പ്രിയപ്പെട്ട വന്‍താരയിലെ അരുമകളെ ചേര്‍ത്ത് പിടിക്കുകയാണ് അനന്ത് അംബാനി. ഇരുവരും ചേര്‍ന്ന് വന്‍താരയിലെ മൃഗങ്ങള്‍ക്കൊരുക്കിയ വിരുന്നിന്‍റെ ചിത്രങ്ങള്‍ സൈബറിടത്ത് കയ്യടികള്‍ ഏറ്റുവാങ്ങുകയാണ്.

3,000 ഏക്കർ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന വന്‍താര അനന്ത് അംബാനിയുടെ സ്വപ്ന പദ്ധതിയാണ്. വന്യമൃ​ഗ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങി, വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അനന്ത് തന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത്. ഗുജറാത്തിലെ ജാംന​ഗറിലാണ് റിലയൻസ് ഫൗണ്ടേഷന്റെ വൻതാര സ്ഥിതിചെയ്യുന്നത്. ഏകദേശം 25000ലധികം ഇനങ്ങളില്‍പ്പെട്ട ഒന്നര ലക്ഷത്തോളം മൃഗങ്ങള്‍ക്കാണ് വന്‍താര പദ്ധതി അഭയം നല്‍കിയിരിക്കുന്നത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുളള മൃഗങ്ങളെ രക്ഷപ്പെടുത്തി പുനരധിവസിപ്പിക്കുന്ന സ്ഥലമാണ് വൻതാര. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെയും വന്‍താരയില്‍ സംരക്ഷിച്ചുപോരുന്നുണ്ട്. 2,100 ജീവനക്കാരാണ് വന്‍താരയില്‍ പ്രവര്‍ത്തിക്കുന്നത്.

കൂടാതെ മൃഗങ്ങള്‍ക്കുളള ചികില്‍സ, ശസ്ത്രക്രിയകള്‍, എന്നിവയെല്ലാം വന്‍താര പദ്ധതിയിലൂടെ നടപ്പാക്കുന്നുണ്ട്. ടാര്‍സന്‍ എന്ന ആനയ്ക്ക് ശസ്ത്രക്രിയയിലൂടെ കാഴ്ച്ച തിരിച്ചുനല്‍കിയ സംഭവം വലിയ വാര്‍ത്തായായിരുന്നു. ആനകള്‍ മാത്രമല്ല, സിംഹം, പുലി, കടുവ, കുരങ്ങുകള്‍, പാമ്പുകള്‍, വിവിധയിനം പക്ഷികള്‍ എന്തിനേറെ പറയുന്നു മുതലകള്‍ വരെ വന്‍താരയിലെ അന്തേവാസികളാണ്. ഇവയ്ക്ക് എന്തെങ്കിലും തരത്തിലുളള ആരോഗ്യപ്രശ്നങ്ങള്‍ വന്നാല്‍ ഉടനടി പരിഹാരിക്കാനായി ഉയര്‍ന്ന സാങ്കേതിക സൗകര്യങ്ങളുളള ലാബുകളും, എംആര്‍ഐ, എക്സറേ ഉപകരണങ്ങളടക്കമുളള സൗകര്യങ്ങളും അനന്തിന്‍റെ വന്‍താരയിലുണ്ട്. 

ഇപ്പോഴിതാ ഒന്നാം വിവാഹ വാര്‍ഷികത്തിലും പ്രിയപ്പെട്ട വന്‍താരയിലെ അരുമകള്‍ക്ക് വിരുന്നൊരുക്കാന്‍ അനന്ത് അംബാനി മറന്നില്ല. വിവിധയിനം പഴവര്‍ഗങ്ങള്‍ നിരത്തിയ ഗംഭീര വിരുന്ന് തന്നെയാണ് മൃഗങ്ങള്‍ക്കായി അനന്ത് അംബാനി ഒരുക്കിയത്. ഇതിന്‍റെ ചിത്രങ്ങള്‍ വന്‍താരയുടെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുമുണ്ട്. നിരവധിപേരാണ് അനന്തിന്‍റെ മൃഗസ്നേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. അതേസമയം ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, രണ്‍വീര്‍ സിങ്,  എന്നവരെല്ലാം അനന്ത് രാധിക ദമ്പതികളുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് വിവാഹാശംസകള്‍ നേര്‍ന്നത്. 

ENGLISH SUMMARY:

Simple Yet Beautiful: Anant Ambani and Radhika Celebrate First Anniversary with Grand Feast for Animals