Image Credit : Youtube

മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ആട് 3 വൺ ലാസ്റ്റ് റൈഡ്; പാര്‍ട്ട് 1 എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ ആദ്യ വിഡിയോ ഗാനം പുറത്ത്. വിനായകനും തെന്നിന്ത്യന്‍ താരം വേദികയും ഒന്നിച്ചിരിക്കുന്ന നൃത്തരംഗത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സുല്‍ത്താന്‍ എന്നാണ് പാട്ടിന് പേരിട്ടിരിക്കുന്നത്. പാട്ടില്‍ അസ്സല്‍ സുല്‍ത്താന്‍റെ ലുക്കിലും മട്ടിലുമാണ് വിനായകന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസും കാവ്യാ ഫിലിം കമ്പനിയും ചേര്‍ന്നാണ്. ജയസൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം തികച്ചും ഒരു കോമഡി ഫാന്‍റസി ത്രില്ലര്‍ വിഭാഗത്തിലാകും പുറത്തിറങ്ങുക.

ഷാൻ റഹ്മാൻ ആണ് സുല്‍ത്താന്‍ എന്ന ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. മനു മഞ്ജിത്തിന്‍റേതാണ് വരികള്‍. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എത്തുന്ന മൂന്നാം ഭാഗം കാണാന്‍ വലിയ ആവേശത്തിലാണ് ആരാധകര്‍. ജയസൂര്യയ്ക്കും വിനായകനും പുറമെ ധർമജൻ ബോൾഗാട്ടി, ഇന്ദ്രൻസ്, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ, ഉണ്ണി രാജന്‍ പി ദേവ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. 

പൊട്ടിച്ചിരിപ്പിക്കുന്ന ഒത്തിരി മൂഹൂര്‍ത്തങ്ങളും സംഭവബഹുലമായ രംഗങ്ങളും കോര്‍ത്തിണക്കിയുളള ഒരുഗ്രന്‍ വിഷ്വല്‍ ട്രീറ്റാകും ചിത്രമെന്നാണ് ട്രെയ്​ലര്‍ കണ്ടവരുടെ അഭിപ്രായം. ചിത്രം 2026 മാർച്ച് 19 ന് ഈദ് റിലീസായി തിയറ്ററുകളിലെത്തും. 

ENGLISH SUMMARY:

Aadu 3 One Last Ride's first video song 'Sultan' is out, featuring Vinayakan and Vedhika. The song and the lead actors' performance are receiving great responses.