മദ്യപിച്ച് പാട്ടുപാടിയെന്ന് ആരോപിച്ച് പൊതുവേദിയില്‍ പ്രശസ്ത ബോളിവുഡ് ഗായകന്‍ ദേലര്‍ മെഹന്ദിയെ അപമാനിച്ച് ഉത്തരാഖണ്ഡ് മന്ത്രി. കാബിനറ്റ് മന്ത്രി സുബോധ് ഉനിയലാണ് മെഹന്ദിയെ അധിക്ഷേപിക്കുകയും ഗാനമേള നിര്‍ത്തിവയ്പ്പിക്കുകയും ചെയ്തത്. ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലെ കുഞ്ജാപുരി ഫെയറിനിടെ ഇന്നലെയായിരുന്നു സംഭവം. നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് മെഹന്ദിയുടെ പരിപാടി സംഘടിപ്പിച്ചത്. ദുര്‍ഗാ ദേവിക്ക് സമര്‍പ്പിച്ച പരിപാടിയാണിതെന്നും മദ്യത്തിന്റെ സ്വാധീനത്തില്‍ അത്തരമൊരു വേദിയില്‍ നില്‍ക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു മൈക്ക് പിടിച്ച് വാങ്ങിയ ശേഷം ഉനിയലിന്റെ വാക്കുകള്‍. 'നവരാത്രിയില്‍ ദുര്‍ഗാദേവിക്ക് വേണ്ടി നടത്തുന്ന പരിപാടിയാണിത്. മദ്യപിച്ച് എത്തിയ ശേഷം അത്തരമൊരു ചടങ്ങില്‍ പാടാമെന്നാണോ കരുതിയത്. അത് ശരിയല്ല'- മെഹന്ദിയെ വേദിയില്‍ നിര്‍ത്തി മന്ത്രി പറഞ്ഞു.

ജനങ്ങള്‍ക്ക് സന്തോഷമാകട്ടെ എന്ന് കരുതിയാണ് ഗായകനെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും പക്ഷേ വേണ്ടായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'നിങ്ങള്‍ ഞങ്ങളെയൊക്കെ വിഡ്ഢികളാക്കി. ഇത് ശരിയല്ല, നിങ്ങള്‍ക്ക് വലിയ പേരുണ്ടാകാം. വലിയ ആളായിരിക്കാം, ഞങ്ങള്‍ അത് ബഹുമാനിക്കുന്നു അംഗീകരിക്കുന്നു. പക്ഷേ ഇനി പാടേണ്ടതില്ല' എന്നും പറഞ്ഞു. എന്നാല്‍ മന്ത്രിയോട് ദയവ് ചെയ്ത് വേദി വിടണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നുവെന്ന് മെഹന്ദി പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു മന്ത്രി. അതേസമയം, മെഹന്ദി രണ്ട് പാട്ടുകള്‍ പാടിയ ശേഷമാണ് മന്ത്രി വേദിയില്‍ കയറി ബഹളം വയ്ക്കാന്‍ തുടങ്ങിയതെന്നും മൂന്നാമത്തെ പാട്ടിന് മുന്‍പ് ഡബ്ബ് ചെയ്ത ശബ്ദം ബാക്ഗ്രൗണ്ടില്‍ പ്ലേ ചെയ്തിരുന്നു. ഇതോടെയാണ് മന്ത്രി കുപിതനായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആളുകള്‍ മെഹന്ദി നേരിട്ട് പാടുന്നത് കേള്‍ക്കാനാണ് വന്നിരിക്കുന്നതെന്നും ഇത് ജനങ്ങളെ അപമാനിക്കലാണെന്നും അദ്ദേഹം പറഞ്ഞു. ഒടുവില്‍ പൊലീസുകാരും പരിപാടിയുടെ സംഘാടകരും ഇടപെട്ടാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

ENGLISH SUMMARY:

Bollywood singer Daler Mehndi was publicly confronted by Uttarakhand Cabinet Minister Subodh Uniyal, who accused him of performing under the influence of alcohol and stopped his concert at the Kunjapuri Fair in Tehri district. The event was organised as part of the Navratri celebrations and dedicated to Goddess Durga, prompting the minister to object to what he considered inappropriate conduct at a religious programme. According to media reports, the confrontation occurred after Mehndi had performed two songs and a dubbed backing vocal was played before the third, angering the minister, who said the audience deserved to hear the singer perform live.