സുഹൃത്തുക്കളെ കാണാനോ അല്ലെങ്കിൽ ക്ലയന്റുകളെ മീറ്റ് ചെയ്യാനോ ഏതെങ്കിലും റെസ്റ്റോറന്റുകളിലോ കഫെകളിലോ പോയി ഇരിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, ഇനി അങ്ങനെ ചുമ്മാ പോയി ഇരിക്കാൻ വരട്ടെ, ഓരോ മണിക്കൂറിനും പണം ഈടാക്കാനാണ് ബെംഗളൂരു ഇന്ദിര നഗറിലുള്ള ഒരു പ്രമുഖ കഫേ തീരുമാനിച്ചിരിക്കുന്നത്. 

'ജോലിചെയ്യാനിരിക്കുന്ന സ്ഥല വാടകയായി 99 രൂപ' എന്ന ഒരു ബോർഡ് ഇവർ വച്ചിട്ടുണ്ട്. ഈ ചിത്രം ഓൺലൈനിൽ പ്രചരിച്ചതോടെ, 'വർക്ക് സ്‌പേസ് ഫീ' എന്ന ആശയം ഇന്റർനെറ്റിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ഒരു വിഭാഗം ആളുകൾ കഫേ ഉടമകളുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നു. ഒരൊറ്റ കപ്പ് കാപ്പി മാത്രം വാങ്ങി മണിക്കൂറുകളോളം വൈഫൈ ഉപയോഗിക്കാൻ വരുന്നവരെ നിയന്ത്രിക്കാനും, ആ സമയം ഭക്ഷണം കഴിക്കാനെത്തുന്ന കസ്റ്റമറെ നഷ്ടപ്പെടാതിരിക്കാനുമാണ് കഫേ ഉടമകൾ ഈയൊരു തീരുമാനം കൈക്കൊണ്ടത്. കാരണം, നിസ്സാര തുകയ്ക്ക് ഒരു ടേബിൾ തന്നെ കൈയ്യടക്കി വെക്കുമ്പോൾ വ്യാപാരികൾക്ക് ഉണ്ടാകുന്നത് കനത്ത സാമ്പത്തിക നഷ്ടമാണെന്ന് അവർ വാദിക്കുന്നു.   

മറുഭാഗത്ത്, ഇതൊരു തെറ്റായ സമീപനമാണെന്നും, കഫേ വൈബ് തന്നെ ഇല്ലാതാക്കുന്ന നടപടിയാണെന്നും ചിലർ ചൂണ്ടിക്കാട്ടി. ഉടമകൾക്ക് വേണമെങ്കിൽ ഒരു മിനിമം ഓർഡർ തുക നിശ്ചയിക്കാം. അതിന് പകരം ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ആളുകളെ കഫേകളിൽ നിന്ന് അകറ്റും. 

എന്തായാലും, ബെംഗളൂരു പോലുള്ള നഗരങ്ങളിൽ 'വർക്ക് ഫ്രം കഫേ' സംസ്‌കാരം വ്യാപകമായതോടെ ബിസിനസ്സ് നിലനിർത്തലും ഉപഭോക്തൃ സംതൃപ്തിയും തമ്മിലുള്ള ഈ പോരാട്ടം കഫേ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ENGLISH SUMMARY:

Work from cafe policies are becoming a hot topic, with a cafe in Indira Nagar, Bangalore, deciding to charge hourly for seating. This has sparked debate about the balance between business needs and customer experience in the growing work-from-cafe culture.