AI Generated Images
മിക്കയിടങ്ങളിലും, പ്രത്യേകിച്ച് ഇന്ത്യയില്‍ ഭക്ഷണത്തില്‍ നിന്ന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് അരി. ഒരു കിലോ അരിക്ക് നൂറുരൂപയില്‍ താഴെയായിരിക്കും സാധാരണ വില. എന്നാല്‍ വിലയില്‍ റെക്കോര്‍ഡ് കുറിച്ച അരിയെക്കുറിച്ച് കേട്ടിട്ടുണ്ടോ.
കിലോയ്ക്ക് പതിനയ്യായിരം രൂപയാണ് വില. വിലയുടെ കാര്യത്തില്‍ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച കിന്‍മെമൈ പ്രീമിയം. അതാണ് ലോകത്തെ ഏറ്റവും വിലയുള്ള അരി. രുചിയിലും പോഷകമൂല്യത്തിലും മുന്നിട്ടുനില്‍ക്കുന്നതിനാലാണ് അരിക്ക് ഇത്രയും വില വരാന്‍ കാരണം.
ജപ്പാനിലെ ടോയോ റൈസ് കോർപ്പറേഷനാണ് ഈ അരി ഉത്പാദിപ്പിക്കുന്നത്. കഴുകാതെ തന്നെ വേവിക്കാം എന്നതാണ് പ്രത്യേകത. സാധാരണ പോളിഷ് ചെയ്തുവരുന്ന അരിയില്‍ നിന്ന് ഒട്ടേറെ പോഷകങ്ങള്‍ നഷ്ടപ്പെടാറുണ്ട്. ഇത്തരത്തില്‍ കൈമോശം വരുന്ന വിറ്റാമിൻ B1, B6, E, ഫോളിക് ആസിഡ്, ഡയറ്ററി ഫൈബർ എന്നിവ കിന്‍മെമൈ അരിയില്‍ ധാരാളമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ലിപ്പോപോളിസാക്കറൈഡ്‌സ് എന്ന ഘടകവും സാധാരണ അരിയെ അപേക്ഷിച്ച് 6 മടങ്ങ് കൂടുതലുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. പോഷകവസ്തുക്കള്‍ നഷ്ടപ്പെടാതിരിക്കാനായി റൈസ് ബഫ്ഫിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇതിന്റെ സംസ്കരണം നടത്തുന്നത്.
സാധാരണ അരിയെ അപേക്ഷിച്ച് കിന്‍മെമൈ പ്രീമിയത്തിന് ഭാരം കുറവാണ്. അതിനാല്‍ത്തന്നെ ദഹിക്കാനും എളുപ്പം. പാചകം ചെയ്യാനും എളുപ്പമാണെന്ന് കമ്പനി അവകാശപ്പെടുന്നു. വിവിധ രാജ്യങ്ങളിലെ ആഡംബര വിപണികളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലുമാണ് ഈ അരി വില്‍പ്പന നടത്തുന്നത്. പ്രീമിയം ഉപഭോക്താക്കളെയും കർശനമായി ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്ന ആളുകളെയുമാണ് കമ്പനി ലക്ഷ്യമിടുന്നത്.