സിൽവർ ജൂബിലി ആഘോഷം ലോക റെക്കോർഡാക്കി ബെംഗളുരുവിലെ ഒരു പള്ളിയും ഇടവക കൂട്ടവും. ഏറ്റവും കുറവ് സമയത്തിനുള്ളിൽ ബൈബിൾ മുഴുവനായി എഴുതി തീർത്താണ് ബാബുസ് പാളയ സെന്റ് ജോസഫ് പള്ളി റെക്കോർഡ് പുസ്തകത്തിൽ ഇടം നേടിയത്.
ഒരേ മനസോടെ ഇടവക അംഗങ്ങൾ ഒന്നിച്ചിരുന്നപ്പോൾ എക്കാലവും ഓർക്കാവുന്ന റെക്കോർഡ്. മലയാളികൾ നേതൃത്വം നൽകുന്ന ബാബുസ് പാളയ സെന്റ് ജോസഫ് പള്ളി 25ന്റെ നിറവിലാണ്. ആഘോഷങ്ങളിൽ വ്യത്യസ്ത ആഗ്രഹിച്ച ഇടവക അംഗങ്ങൾ ഏറെ നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് ബൈബിൾ പകർത്തിയെഴുതാമെന്ന തീരുമാനത്തിൽ എത്തിയത്. അതും ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ. ഒരാൾ ഒരു പേജ് വീതം എഴുതിയപ്പോൾ എഴുത്തു കൂട്ടത്തിലുള്ളവരുടെ എണ്ണം 1250 കടന്നു
44മിനിറ്റാണ് ഒരു പേജ് പകർത്തിയെഴുതാൻ എടുത്തത്. മാസങ്ങൾ നീണ്ട പരിശീലനത്തിലൂടെയാണ് നേട്ടത്തിലേക്ക് എഴുതിയടുത്തത്. ഏറ്റവും വേഗത്തിൽ ബൈബിൾ കയ്യെഴുത്തു പ്രതി തയാറാക്കിയ നേട്ടത്തിന് ഇതിനകം ബെസ്റ് ഓഫ് ഇന്ത്യ റെക്കോർഡ് നേടിയ പള്ളി വൈകാതെ ഗിന്നസ് ബുക്കിലും ഇടം പിടിക്കുമെന്ന പ്രതീക്ഷയിലാണ്.