ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള അരി കയറ്റുമതിക്ക് അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഏറ്റവും പുതിയ മുന്നറിയിപ്പ് ഇന്ത്യൻ അരി കയറ്റുമതിയെ, പ്രത്യേകിച്ച് ബസുമതി അരിയുടെ കയറ്റുമതിയെ കാര്യമായി ബാധിക്കാന്‍ ഇടയില്ല. പകരം ട്രംപ് പുതിയ ഭീഷണിയുമായി മുന്നോട്ടുപോയാല്‍ അത് അധിക ഭാരമാവുക ബസുമതി അരിയുടെ അമേരിക്കന്‍ ഉപഭോക്താക്കള്‍ക്കു തന്നെയായിരിക്കുമെന്ന് വിദദ്ധര്‍ പറയുന്നു. ഇന്ത്യന്‍ അരി അമേരിക്കന്‍ വിപണിയിലേക്ക് തള്ളരുതെന്നും അത് താന്‍ കൈകാര്യം ചെയ്യുമെന്നുമായിരുന്നു വൈറ്റ് ഹൗസിൽ കർഷകരുടെയും കാർഷിക മേഖലയിലെ പ്രതിനിധികളുടെയും യോഗത്തിൽ ട്രംപിന്‍റെ പരാമര്‍ശം. വിയറ്റ്നാം, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ത്താണ് ട്രംപ് ഇന്ത്യയ്ക്കെതിരെ തീരുവ ഭീഷണി നടത്തിയത്. ട്രംപ് പരാമർശിക്കുന്നത് ബസുമതി ഇതര അരിയാണെന്ന് വ്യക്തമാകുന്നെങ്കിലും ബസുമതി ഇതര അരി കയറ്റുമതിയെക്കാൾ അഞ്ചിരട്ടി കൂടുതലാണ് യുഎസിലേക്കുള്ള ബസുമതി അരിയുടെ കയറ്റുമതി.
ഇന്ത്യ യുഎസിലേക്ക് എത്ര അരി കയറ്റുമതി ചെയ്യുന്നു?
2024-2025 സാമ്പത്തിക വർഷത്തിൽ 337.10 മില്യൺ ഡോളറിന്‍റെ ബസുമതി അരിയാണ് അമേരിക്കയിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്തത്. മൊത്തം 274,213.14 മെട്രിക് ടൺ (എംടി). ഇന്ത്യൻ റൈസ് എക്‌സ്‌പോർട്ടേഴ്‌സ് ഫെഡറേഷന്‍റെ (ഐആർഇഎഫ്) ഡാറ്റ പ്രകാരം ഇത് ഇന്ത്യൻ ബസുമതി അരിയുടെ നാലാമത്തെ വലിയ വിപണിയായി യുഎസിനെ മാറ്റി. അതേ കാലയളവിൽ 54.64 മില്യൺ ഡോളർ വിലമതിക്കുന്ന ബസുമതി ഇതര അരിയും ഇന്ത്യ കയറ്റുമതി ചെയ്തു. അതായത് 61,341.54 മെട്രിക് ടൺ. ഇത് യുഎസിനെ ബസ്മതി ഇതര അരിയുടെ 24-ാമത്തെ വലിയ വിപണിയാക്കി. യുഎസിലേക്കുള്ള ഇന്ത്യൻ അരി കയറ്റുമതിയുടെ മൂല്യം ഏകദേശം 390 മില്യൺ ഡോളറാണ്, അതായത് ഏകദേശം 3,510 കോടി രൂപ.
ഇന്ത്യൻ അരിക്ക് നിലവിലുള്ള താരിഫ്
അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ താരിഫ് വർധനയ്ക്ക് മുമ്പ്, ഇന്ത്യൻ അരിക്ക് യുഎസ് വിപണിയിൽ 10 ശതമാനം തീരുവ ഉണ്ടായിരുന്നു. 50 ശതമാനം തീരുവ ചുമത്തിയതിന് ശേഷം താരിഫ് 40 ശതമാനമായി ഉയർന്നു. ഇതൊക്കെയാണെങ്കിലും, കയറ്റുമതിയിൽ വലിയ തടസ്സമുണ്ടായിരുന്നില്ല. കാരണം ചെലവ് വർദ്ധനയുടെ ഭൂരിഭാഗവും ഉയർന്ന റീട്ടെയിൽ വിലയിലൂടെ ഉപഭോക്താക്കൾക്ക് കൈമാറി. അതുകൊണ്ട് തന്നെ ഇന്ത്യയിലെ കർഷകർക്കും കയറ്റുമതിക്കാർക്കും സ്ഥിരമായ വരുമാനം ലഭിച്ചുവെന്ന് ഐആർഇഎഫ് ഡാറ്റ വ്യക്തമാക്കുന്നു.
അമേരിക്കൻ ഉപഭോക്താക്കൾക്കുമേലുള്ള താരിഫ് ആഘാതം
ഉപഭോക്തൃമേഖലയില്‍ ഉല്‍പ്പന്നത്തിന്‍റെ അവശ്യസ്വഭാവം പ്രതിഫലിക്കുന്നതിനാല്‍ ഇന്ത്യയിൽ നിന്നുള്ള അരി ഇറക്കുമതിയില്‍ ട്രംപിന്‍റെ പുതിയ താരിഫ് ആഘാതം പക്ഷേ അമേരിക്കന്‍ ഉപഭോക്താക്കളെ വലിയ തോതില്‍ ബാധിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യയുടെ ബസുമതി അരി കയറ്റുമതിയില്‍ യു.എസ് ഒരു പ്രധാന വിപണി ആണെങ്കിലും ആഗോളവിപണിയിലുടനീളം ഇന്ത്യ അരി കയറ്റുമതി ചെയ്യുന്നുണ്ട്. അതേസമയം യു.എസില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ബസുമതി അരി ഇന്ത്യന്‍ ബസുമതിക്ക് പകരമാകില്ല. ഇന്ത്യന്‍ ബസുമതിയുടെ രുചിയും ഘടനയും വേറിട്ട സൗരഭ്യവും അതിന് വിപണിയില്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ഇന്ത്യ മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര പങ്കാളിത്തം ആഴത്തിലാക്കുകയും പുതിയ വിപണികളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നതിനാൽ ഇന്ത്യൻ അരി കയറ്റുമതി വ്യവസായം പ്രതിരോധശേഷിയുള്ളതും ആഗോളതലത്തിൽ മത്സരാധിഷ്ഠിതവുമാണ്. അതുകൊണ്ടുതന്നെ ട്രംപിന്‍റെ ഭീഷണി ഇന്ത്യന്‍ അരിക്ക് പുതിയ വിപണികള്‍ തുറന്നുകിട്ടാന്‍ കാരണമായേക്കും. ഏതായാലും ട്രംപിന്‍റെ പുതിയ തീരുവ മുന്നറിയിപ്പ് ഇരു വ്യാപാര പങ്കാളികളുമായുള്ള ചര്‍ച്ചകള്‍ നീണ്ടുനില്‍ക്കുമെന്നതിന്‍റെ സൂചന തന്നെയാണ്.