Image: Instagram/dehradun_wale_official
ഉത്തരാഖണ്ഡില്‍ സുരക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് നേടിയിട്ടുള്ള രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ചുരം റോഡില്‍ വെച്ചാണ് ടാറ്റ നെക്‌സോണും മാരുതി സുസുക്കി വിക്ടോറിസും കൂട്ടിയിടിച്ചത്. ഇതോടെ ഇരുവാഹനങ്ങളുടേയും സുരക്ഷ എത്രത്തോളമാണ് എന്നതിലും ഈടുനില്‍ക്കുന്നതിന്‍റേയും കാര്യത്തിലും ചര്‍ച്ച ആരംഭിച്ചു.
ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട വിഡിയോയില്‍ അൽമോറ മേഖലയിൽ ഉണ്ടായ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ കാണാം. ആദ്യം വിക്ടോറിസിനെയാണ് കാണിക്കുന്നത്. തുടർന്ന് നെക്സോണിന്‍റെ ദൃശ്യങ്ങളും. നെക്‌സോണിന്റെ പ്രീ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് അപകടത്തില്‍പ്പെട്ടത്. ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റ്, ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റ് എന്നിവയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് നേടിയിട്ടുള്ള വാഹനമാണിത്. അപകടത്തില്‍ വാഹനത്തിന്‍റെ മുന്നിലെ ബമ്പര്‍, ഹെഡ്‌ലാമ്പ്, ഫെന്‍ഡര്‍, ഫോഗ് ലാമ്പുകൾ, മെക്കാനിക്കല്‍ പാര്‍ട്‌സുകള്‍ എന്നിവയ്ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ബോണറ്റിൽ അപകടത്തിന്‍റെ ആഘാതം എത്രത്തോളമാണ് എന്നതിന്‍റെ അടയാളങ്ങള്‍ കാണാം. മുന്‍വശത്തെ ടയറും പൊട്ടിയിട്ടുണ്ടെന്നാണ് സൂചനകള്‍.
നെക്സോണിനെ പോലത്തെന്നെ ഭാരത് എന്‍ക്യാപ്, ഗ്ലോബല്‍ എന്‍ക്യാപ് എന്നീ ക്രാഷ് ടെസ്റ്റുകളെ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് ലഭിച്ച വാഹനമാണ് മാരുതി സുസുക്കി വിക്ടോറിസും. വിഡിയോയില്‍ ഇത്രത്തോളം തന്നെ കേടുപാടുകള്‍ വിക്ടോറിസിലും ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാണ്. എന്നിരുന്നാലും അപകടത്തെ നെക്സോണിനെ അപേക്ഷിച്ച് അതിജീവിച്ചത് വിക്ടോറിസ് ആണെന്നാണ് നെറ്റിസണ്‍സിന്‍റെ അഭിപ്രായം. വിക്ടോറിസിലും മുന്നിലെ ബമ്പര്‍, ഹെഡ്‌ലാമ്പ്, ഫെന്‍ഡര്‍ എന്നിവയ്ക്കാണ് കേട്പാടുകള്‍. എന്നാല്‍ ടയറുകള്‍ കേടുകൂടാതെയുണ്ട്. ഫ്രെയിമിനും കേടുപാട് സംഭവിച്ചിട്ടില്ലെന്നാണ് സൂചന. കൂട്ടിയിടി ഉണ്ടായിട്ടും വിക്ടോറിസ് പ്രവർത്തനക്ഷമമായ അവസ്ഥയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
സുരക്ഷയില്‍ കരുത്ത് തെളിയിച്ച വാഹനങ്ങളാണ് ഇവ രണ്ടും എന്ന് കൂടി ഓര്‍ക്കണം അതുകൊണ്ടു തന്നെ ഈ ഒരൊറ്റ അപകടം കൊണ്ട് നെക്‌സോൺ സുരക്ഷിതമല്ലെന്ന് കണക്കാക്കാനാകില്ലെന്നാണ് വാഹനപ്രേമികളുടെ അഭിപ്രായം. സാധാരണമായി നെക്‌സോൺ മോഡലുകൾ കൂട്ടിയിടികളെ നന്നായി നേരിടാൻ കഴിവുള്ളവയാണ്. ദൃശ്യമായ കേടുപാടുകളും കുറവാണ്. വിക്ടോറിസ് പുതിയതും കൂടുതൽ പരിഷ്കരിച്ചതുമായതിനാൽ നെക്സണേക്കാള്‍ ഘടനാപരമായ സുരക്ഷ കൂടുതലാണെന്ന വാദവുമുണ്ട്. എന്നിരുന്നാലും രണ്ട് വാഹനങ്ങളും രാജ്യത്തെ ശക്തവും സുരക്ഷിതവുമായ മോഡലുകളായി കണക്കാക്കപ്പെടുന്നത്. മാത്രമല്ല സമീപ വർഷങ്ങളിൽ എല്ലാ വാഹന നിര്‍മ്മാതാക്കളും തങ്ങളുടെ വാഹനങ്ങളുടെ ഘടനാപരമായ സുരക്ഷ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയിട്ടുണ്ട്.