കടപ്പാട്: എക്സ്
ഇലോണ്‍ മസ്‌കുമായുള്ള പോര് മുറുകുന്നതിനിടെ തന്‍റെ ടെസ്‌ല കാര്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വാൾ സ്ട്രീറ്റ് ജേണലാണ് ട്രംപ് ടെസ്‌ല മോഡല്‍ എസ് വില്‍ക്കാനൊരുങ്ങുന്ന വിവരം റിപ്പോർട്ട് ചെയ്തത്. വൈറ്റ് ഹൗസിന്‍റെ ഗാരേജില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ചുവന്ന നിറത്തിലുളള ടെസ്‌ല മോഡല്‍ എസ് ആണ് വില്‍ക്കാനൊരുങ്ങുന്നത്. ടെസ്ലക്കെതിരെയും മസ്കിനെകിരെയും വ്യാപക പ്രതിഷേധങ്ങളും ഓഹരിവിപണിയിലെ ഇടിവും നേരിടുന്ന സമയത്ത് മസ്കിന് പിന്തുണയറിയിച്ചുകൊണ്ടാണ് ട്രംപ് ഈ കാറ് വാങ്ങിയത്. എന്നാല്‍ ട്രംപ് മസ്ക് തര്‍ക്കം രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തില്‍ ടെസ്‌ല വില്‍ക്കാനൊരുങ്ങുന്നത് ഇരുവരും തമ്മിലുളള ബന്ധം അവസാനിപ്പിക്കുന്നതിന്‍റെ സൂചനയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വര്‍ഷം ആദ്യമാണ് ട്രംപ് ചുവന്ന ടെസ്‌ല എസ് വാങ്ങിയത്. ഡ്യുവൽ-മോട്ടോർ ഓൾ-വീൽ ഡ്രൈവ് സംവിധാനമാണുള്ള വാഹനമാണിത്. 98.0 kWh ബാറ്ററി പായ്ക്കുള്ള വാഹനമാണിത്. അതുകൊണ്ടുതന്നെ ഒറ്റ ചാർജിൽ ഏകദേശം 524 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാകും. ട്രംപിന്റെ തീരുവയുദ്ധത്തോട് ഉൾപ്പടെ തന്റെ എതിർപ്പ് പരസ്യമാക്കി മസ്ക് രംഗത്തുവന്നതോടെയാണ് ട്രംപ് മസ്ക് സൗഹൃദത്തിന് വിളളല്‍ വീണത്. കാറ് വില്‍ക്കുന്നതിനെ കുറിച്ചോ അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും നല്‍കുന്നതിനെ കുറിച്ചോ ട്രംപ് ആലോചിക്കുന്നുണ്ടെന്ന് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്.
ഇലോണ്‍ മസ്‌കുമായുള്ള എല്ലാ ബന്ധവും അവസാനിച്ചുവെന്നാണ് ഏറ്റവും ഒടുവിൽ ട്രംപ് പ്രതികരിച്ചത്. ഇരുവരും അടിച്ചുപിരിഞ്ഞു എന്നുളള വാര്‍ത്തകളും അടുത്തിടെ പുറത്തുവന്നിരുന്നു. മസ്കിന്‍റെ കാറും ഇനി തനിക്ക് വേണ്ട എന്ന ട്രംപിന്‍റെ നിലപാടാണോ കാറ് വില്‍ക്കാനൊരുന്നതിന് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2024ലെ തെരഞ്ഞെടുപ്പിൽ ട്രംപിനെ സഹായിക്കാൻ 295 മില്യൺ യുഎസ് ഡോളറാണ് മസ്‌ക് ചെലവഴിച്ചത്. അതേസമയം മക്‌സ് - ട്രംപ് പോര് അനുനയിപ്പിക്കാനും നീക്കങ്ങള്‍ നടക്കുന്നുണ്ട്.