modi-trumpN

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും ഇന്ത്യ–യുഎസ് വ്യാപാരക്കരാര്‍ ധാരണകളില്‍ ദുരൂഹത തുടരുന്നു . തീരുവ 18 ശതമാനമാക്കുമെന്നും റഷ്യന്‍ എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്നുമാണ് ട്രംപിന്റെ പ്രഖ്യാപനം.  അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ലഭിക്കുന്ന ഇളവുകളിലും വ്യക്തതയില്ല. വ്യാപാരകരാറില്‍ ഇന്ത്യന്‍ കാര്‍ഷികമേഖല തുറന്നുനല്‍കിയതായി  സൂചന നല്‍കി യു.എസ്. കാര്‍ഷിക സെക്രട്ടറി  . അതേ സമയം തീരുവ കുറച്ച നിലപാടില്‍  ട്രംപിന് നന്ദി പറയുകയാണ്  പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭിനന്ദിച്ച് എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടിയും രംഗത്തെത്തി. വ്യാപാര കരാറില്‍ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. മോദി ഒടുവില്‍ ട്രംപിന് കീഴടങ്ങിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് എത്തി

 

യു.എസുമായുള്ള വ്യാപാര കരാര്‍ നയതന്ത്ര വിജയമെന്ന് എന്‍.ഡി.എ എം.പിമാരോട് പ്രധാനമന്ത്രി പറഞ്ഞു. ക്ഷമ എപ്പോഴും ഫലംകാണുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. എന്‍.ഡി.എ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം 

 

Also Read: വ്യാപാര യുദ്ധത്തിന് വിരാമം: ഇന്ത്യയുമായി കരാറിലെന്ന് ട്രംപ്; തീരുവ 18 ശതമാനമായി കുറച്ചു


പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള സൗഹൃദത്തിന്റെയും ബഹുമാനത്തിന്റെയും അടിസ്ഥാനത്തിൽ, അദ്ദേഹത്തിന്റെ അഭ്യർത്ഥനപ്രകാരം ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ യുഎസും 

ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാറിൽ ധാരണയിലെത്തുകയായിരുന്നു. മോദിയുമായി ട്രംപ് ഫോണില്‍ സംസാരിച്ചെന്ന ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറിന്റെ അറിയിപ്പിന് പിന്നാലെയാണ് ട്രംപ് വ്യാപാരക്കരാര്‍ ധാരണയായെന്ന് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിച്ചത്. 

 

ഇന്ത്യക്ക് മേൽ ചുമത്തിയിരുന്ന പകരം തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കും. ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്ന തീരുവ പൂജ്യമായി കുറയ്ക്കുമെന്നും ട്രംപ് കുറിച്ചു. ഊർജ്ജം, സാങ്കേതികവിദ്യ, കൃഷി, കൽക്കരി തുടങ്ങിയ മേഖലകളിൽ 500 ബില്യൺ ഡോളറിലധികം യുഎസ് ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും മോദി സമ്മതമറിയിച്ചെന്നും ട്രംപ് വ്യക്തമാക്കി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താനും പകരം യുഎസില്‍ നിന്നും, ഒരുപക്ഷേ വെനസ്വേലയിൽ നിന്നും വാങ്ങാനും മോദി സമ്മതിച്ചെന്നും യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഇത് സഹായകരമാകുമെന്നും ട്രംപ് വ്യക്തമാക്കി. വ്യപാരകരാറിനെക്കുറിച്ചുള്ള വാര്‍ത്തയില്‍ അതിയായ സന്തോഷമുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് അനന്തമായ സാധ്യതകളാണുള്ളതെന്നും യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോര്‍ ട്വീറ്റ് ചെയ്തു.

ENGLISH SUMMARY:

India US trade deal negotiations are underway with both sides expressing optimism about potential agreements. However, clarity remains elusive regarding specific terms and conditions of the proposed trade pact, leading to speculation and political debate within India.