kaziah-liz-mejo-miss-universe

Image Credit: KaziahMejo/ Instagram

ലോകസുന്ദരിപ്പട്ടത്തിനായുള്ള മല്‍സരവേദിയിൽ വീണ്ടും കേരളത്തെയും ഇന്ത്യയെയും വാനോളം ഉയർത്തി ഇന്ത്യയുടെ മിസ് യൂണിവേഴ്സ് പ്രതിനിധി കെസിയ ലിസ് മെജോ. നവംബർ 24 ന് നടക്കുന്ന മിസ് യൂണിവേഴ്സ് ഫൈനലിന് മുന്നോടിയായുള്ള നാഷണൽ കോസ്റ്റ്യൂം ഡേയിലാണ് കേരളത്തിന്റെയും ഇന്ത്യയുടേയും തനിമയും പാരമ്പര്യവും തന്റെ വസ്ത്രത്തിലൂടെ കെസിയ വേദിയിലെത്തിച്ചത്.

മിസ് യൂണിവേഴ്സ് മല്‍സരത്തിൽ പങ്കെടുക്കുന്ന ആദ്യ മലയാളി കൂടിയായ കെസിയയുടെ വസ്ത്രം, കേരളത്തനിമ നിറഞ്ഞതും ഒപ്പം ഇന്ത്യയുടെയും പ്യൂർട്ടോ റിക്കോയുടെയും സംസ്കാരങ്ങളുടെ ഒരു സങ്കലനവുമായിരുന്നു. ഇന്ത്യൻ പരമ്പരാഗത ആഭരണങ്ങളിൽ ഏറെ പ്രചാരമുള്ള മണിയുടെ ആകൃതിയിലുള്ള കമ്മലായ ജിമിക്കിയുടെ (Jhumka) വലിയ മാതൃക കെസിയയുടെ ഇരുവശങ്ങളിലും ഞാന്നു കിടക്കുന്നതായിരുന്നു പ്രധാന ആകർഷണം.

കേരളത്തിന്റെ കസവു സാരിയെ ഓർമ്മിപ്പിക്കുന്ന ഓഫ് വൈറ്റ്, ക്രീം, ഗോൾഡ് കളറും ഒപ്പം ഇന്ത്യയുടെ കടും നിറങ്ങളും കെസിയയുടെ വസ്ത്രത്തിലുണ്ടായിരുന്നു. ഒപ്പം ഇന്ത്യൻ വസ്ത്രശൈലിയുടെ പ്രധാന ആകർഷണമായ സാരി ഞൊറിയും. തലയിൽ തൂവലുകൾ കൊണ്ട് തീർത്ത കിരീടവും ഇരുവശങ്ങളിലും പച്ചിലകളുടെ മാതൃകയുമുണ്ടായിരുന്നു. മെടഞ്ഞിട്ട മുടിയും പരമ്പരാഗത ആഭരണങ്ങളും കേരളത്തിന്റെയും ഇന്ത്യയുടെ സംസ്കാരത്തെ വിളിച്ചോതുന്നതായിരുന്നു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച വൈവിധ്യമാർന്ന തുണിത്തരങ്ങളാണ് ഈ വേഷത്തിൽ ഉപയോഗിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വൈവിധ്യം, കരകൗശല മികവ്, നൂറ്റാണ്ടുകൾ പഴക്കമുള്ള തുണിനിർമാണ പാരമ്പര്യം എന്നിവ പ്രതിഫലിപ്പിക്കുന്നു. പരമ്പരാഗത ഇന്ത്യൻ സൗന്ദര്യശാസ്ത്രത്തിനൊപ്പം ലാറ്റിൻ സംസ്കാരത്തിന്റെ ഊർജവും ചേർന്ന് രണ്ട് സംസ്കാരങ്ങളുടെ സങ്കലനമായി മാറിയ വസ്ത്രമണിഞ്ഞ് കെസിയ എത്തിയപ്പോൾ കേരളത്തിന്റെ പേര് വേദിയിൽ മുഴങ്ങി.

തലയുടെ പിൻഭാഗത്ത് കേരളത്തിന്റെ പ്രകൃതിഭംഗി, വാസ്തുവിദ്യാ പൈതൃകം, സാംസ്കാരിക തനിമ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട നിരവധി ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. തെങ്ങും ഹൗസ്ബോട്ടും കായലും ഉൾപ്പെടയുള്ളവ അതിൽ കാണാം. താൻ സ്വന്തം നാടെന്ന് വിളിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തെയും ദൃശ്യഭംഗിയെയും അന്താരാഷ്ട്ര വേദിയിലേക്ക് എത്തിക്കുന്നതിന്റെ പ്രതീകമാണിതെന്ന് ചിത്രങ്ങൾ പങ്കുവെച്ച് കെസിയ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

miss-universe-malayali

പ്യൂർട്ടോറിക്കോയിലെ സാൻ ഹുവാനിൽ നടക്കുന്ന മിസ് യുണിവേഴ്‌സ് വേദിയിൽ നേരത്തെയും കെസിയ തന്റെ വേഷവിധാനം കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. പേഴ്സണൽ ഇന്റർവ്യൂ റൗണ്ടിൾ കേരളത്തിന്റെ പരമ്പരാഗത കസവുസാരിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഗൗൺ ധരിച്ചാണ്‌ കെസിയ എത്തിയത് ഒപ്പം മുല്ലപ്പൂവും. 'എന്റെ നാടിന്റെ ഒരംശം, എന്റെ ചരിത്രത്തിന്റെ കുറച്ചുഭാഗം. ഒപ്പം എന്റെ യാത്രയിലെ ഓരോ ഘട്ടവും' എന്ന കുറിപ്പോടെയാണ് ആ ചിത്രങ്ങൾ കെസിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ആലപ്പുഴ മാവേലിക്കര സ്വദേശിയാണ് കെസിയ.

ENGLISH SUMMARY:

Kaziah liz Mejo proudly showcased Kerala's rich heritage and cultural traditions on the international stage during the Miss Universe National Costume round. Her stunning outfit beautifully blended Indian craftsmanship with traditional elements, making the nation proud.