ഇത്തവണത്തെ വിശ്വസുന്ദരി കിരീടം ഒരു മലയാളിപ്പെൺകൊടിയുടെ നിറുകയിലിരിക്കുമോയെന്ന ആകാംക്ഷയിലാണല്ലോ നമ്മൾ. മിസ്സ് യൂണിവേഴ്സ് ഇന്ത്യയായ കെസിയ ലിസ് മെജോ അതിനുള്ള തീവ്രപരിശ്രമത്തിലുമാണ്. റാംപിൽ സുന്ദരിമാരുടെ നടത്തം ശ്രദ്ധിച്ചിട്ടില്ലേ? ഓരോ ചുവടിലും ആത്മവിശ്വാസവും കൃത്യതയും പുലർത്തുന്ന Cat Walk!. ഇത് വെറുമൊരു നടത്തമല്ല. അതിന് പിന്നിൽ ദിവസങ്ങളുടെയും മാസങ്ങളുടെയും പരിശീലനമുണ്ട്!
അത്ര എളുപ്പമല്ല പൂച്ചനടത്തം: ക്യാറ്റ്വാക്ക് എന്നത് വെറുതെ മുന്നോട്ട് നടക്കുന്നതല്ല. എങ്ങനെ കാലുകൾ വെക്കണം, എത്ര ദൂരം ചുവടുവെക്കണം, ശരീരം എങ്ങനെ ബാലൻസ് ചെയ്യണം, എങ്ങോട്ട് നോക്കണം, കൈകൾ എങ്ങനെ ചലിപ്പിക്കണം, എവിടെ നിർത്തണം, എപ്പോൾ തിരിയണം... അങ്ങനെ കൃത്യമായ രീതികളുണ്ട്.
ചുവടുകളിലെ കണക്ക്: റാംപിലൂടെ നടക്കുമ്പോൾ കാലുകൾ തമ്മിലുള്ള അകലം, ചുവടുകളുടെ വേഗം, ശരീരത്തിന്റെ ബാലൻസ് എന്നിവയെല്ലാം പ്രധാനമാണ്. പ്രത്യേകിച്ച് ഹൈഹീൽസ് ധരിച്ച് നടക്കുമ്പോൾ ശരീരത്തിന്റ ഗുരുത്വകേന്ദ്രത്തിലുണ്ടാകുന്ന മാറ്റം നിയന്ത്രിക്കേണ്ടതുണ്ട്. പുറംനിവർത്തി, തോളുകൾ അയച്ചിട്ട്, തല ഉയർത്തിപ്പിടിച്ച് നടക്കുന്നതും പരിശീലനത്തിന്റെ ഭാഗമാണ്.
നോട്ടത്തിലുണ്ടാവണം ആത്മവിശ്വാസം: ക്യാറ്റ്വാക്കിൽ കണ്ണുകൾക്കും വലിയ പങ്കുണ്ട്. താഴേക്ക് നോക്കാതെ മുന്നിലുള്ള ഒരു പോയിന്റിലേക്ക് നോട്ടം ഉറപ്പിച്ചാണ് നടത്തം. വേദിയിലെത്തുമ്പോൾ പ്രേക്ഷകരെയും ജഡ്ജസിനെയും നോക്കാനും ക്യാമറയോട് സംവദിക്കാനും മത്സരാർത്ഥികൾ പരിശീലിക്കുന്നുണ്ട് . മുഖത്തെ ഭാവങ്ങളും പുഞ്ചിരിയും ആത്മവിശ്വാസത്തിന്റെ ഭാഗമാണ്. ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ ഡിസൈനും ഭംഗിയും ഒട്ടും ചോരാതെ , അതിന് ഇണങ്ങുന്ന രീതിയിൽ വേദിയിലൂടെ നടക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.
തിരിയുന്നതിലെ ടെക്നിക്! റാംപിന്റെ അറ്റത്തെത്തിയാൽ പെട്ടെന്ന് തിരിഞ്ഞുനടക്കുകയല്ല ചെയ്യുന്നത്. അവിടെ ഒരു ചെറിയ പോസും കൃത്യമായ തിരിയലുമുണ്ടാകും. വസ്ത്രത്തിന്റെ ഭംഗി ക്യാമറയിലും പ്രേക്ഷകരിലും ഒരുപോലെ എത്തിക്കാൻ ഈ പോസുകൾ സഹായിക്കുന്നു. ഓരോ തിരിയലും ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടാതെയായിരിക്കണം.
ഹൈഹീൽസ് എന്ന വെല്ലുവിളി! : ഹൈഹീൽസ് ധരിച്ച് ദീർഘനേരം നടക്കുന്നത് അത്ര എളുപ്പമല്ല. കാലുകളുടെ പേശികൾക്ക് ശക്തിയും കണങ്കാലിന് ബാലൻസും ആവശ്യമാണ്. വേദിയിലെ സംഗീതത്തിന് അനുസരിച്ചു ആയിരിക്കണം നടത്തം. മുഖത്ത് ഭയമോ അമിതമായ ഗൗരവമോ പാടില്ല. സ്വാഭാവികമായ പുഞ്ചിരി എപ്പോഴും വേണം. മുഖത്തെ ആത്മവിശ്വാസം ഒരിക്കലും അഹങ്കാരമായി തോന്നുകയുമരുത്.
കഠിനമായ പരിശീലനം: ഹൈഹീൽസ് ധരിച്ച്, താഴേക്ക് നോക്കാതെ നടക്കാനും തിരിയാനും കഠിനമായ പരിശീലനം കൂടിയേ തീരു.
ആദ്യമായി റാംപിൽ കയറുമ്പോൾ തോന്നുന്ന ഭയം മാറ്റിയെടുക്കാനും പരിശീലനം വേണം.കണ്ണാടിക്ക് മുന്നിലെ പരിശീലനം, വീഡിയോ റെക്കോർഡ് ചെയ്ത് നടത്തത്തിലെ പിഴവുകൾ കണ്ടെത്തൽ, പരിശീലകരുടെ നിർദേശങ്ങൾക്കനുസരിച്ചുള്ള തിരുത്തലുകൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. അർദ്ധരാത്രി എല്ലാവരും ഉറങ്ങിയ ശേഷം ഹോസ്റ്റലിന്റെ വരാന്തയിലൂടെ താൻ നടന്നു പരിശീലിച്ചിരുന്ന കഥ കെസിയ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
അപ്പോൾ ഇനി കാത്തിരിക്കാം, നവംബർ 24ന് പ്യൂർട്ടോ റിക്കോയിലെ റാംപിൽ ആത്മവിശ്വാസത്തോടെ ആര് കിരീടത്തിലേക്ക് നടന്നടുക്കുമെന്ന്.