Image Credit: Instagram account/ kaziahmejo
മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം നേടുന്ന ആദ്യ മലയാളിയായി മാറിയിരിക്കുകയാണ് കെസിയ ലിസ് മെജോ. ആലപ്പുഴ മാവേലിക്കര സ്വദേശിയായ കെസിയ ജയ്പുരിൽ നടന്ന ഫൈനൽ മത്സരത്തിൽ 53 മത്സരാർഥികളെ പിന്തള്ളിയാണ് കിരീടം സ്വന്തമാക്കിയത്. നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ കെസിയ ഇന്ത്യയെ പ്രതിനിധീകരിക്കും.
മുൻ ജേതാവ് മാണിക വിശ്വകർമയാണ് കെസിയയെ അഴകിന്റെ തിലകം ചാർത്തിയത്. സുസ്മിത സെൻ, ഉർവശി റൗട്ടേല, സെലീന ജെയ്റ്റ്ലി തുടങ്ങിയ പ്രമുഖരടങ്ങിയ വിധി നിർണയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. വേരുകൾ മാവേലിക്കരയിലാണെങ്കിലും അബുദാബിയിലായിരുന്നു 19 കാരിയായ കെസിയ പഠിച്ചതും വളർന്നതും. എമിറേറ്റ്സ് നാഷണൽ സ്കൂൾ, സെന്റ് ജോസഫ്സ് സ്കൂൾ, അബുദാബി ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു കെസിയയുടെ വിദ്യാഭ്യാസം.
നിലവിൽ ബെംഗളൂരുവിൽ നിയമവിദ്യാർഥിയായ കെസിയ, സൗന്ദര്യമത്സര രംഗത്തും ഫാഷൻ ലോകത്തും ഇതിനോടകം തന്റെ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. 2024ൽ മിസ് ടീൻ ദിവ കിരീടമണിഞ്ഞാണ് കാസിയ റാംപിലേക്ക് ചുവടുവയ്ക്കുന്നത്. 2025ൽ നടന്ന മിസ് ടീൻ രാജ്യാന്തര മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഫസ്റ്റ് റണ്ണറപ്പായി ശ്രദ്ധ നേടി. ഇതിന്റെ തുടർച്ചയായി ഈ വർഷം മിസ് യൂണിവേഴ്സ് കേരള കിരീടം നേടിയാണ് ജയ്പുരിലെ ദേശീയ വേദിയിലേക്ക് എത്തിയത്.
2020-ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം 'ഷൈലോക്ക്' എന്ന മലയാളം സിനിമയിലൂടെ കെസിയ അഭിനയരംഗത്തേക്കും കടന്നുവന്നിട്ടുണ്ട്. അജയ് വാസുദേവ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മമ്മൂട്ടി, രാജ്കിരൺ, മീന, സിദ്ദിഖ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മത്സരത്തിൽ തമിഴ്നാടിന്റെ വൈഷ്ണവി ഗണേഷ് ഫസ്റ്റ് റണ്ണറപ്പായും ഗുജറാത്തിന്റെ അനുശ്രീ സതാവ്ലേക്കർ സെക്കൻഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു.