miss-grand-winner

77 രാജ്യങ്ങളില്‍ നിന്നുളള അതിസുന്ദരിമാര്‍ അണിനിരന്ന പ്രൗഢ ഗംഭീര മല്‍സരവേദി. 'മിസ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷ്ണല്‍ 2025'. അഴകളവിനും മുഖസൗന്ദര്യത്തിനുമപ്പുറം ബുദ്ധിശക്തിയും വിവേകവും മാറ്റുരച്ച മല്‍സരരാവിന് സാക്ഷ്യം വഹിച്ചത് തായ്​ലന്‍ഡിലെ ബാങ്കോക് നഗരം. ഈ വര്‍ഷത്തെ മിസ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷ്ണല്‍ കിരീടം ശിരസിലേറ്റുന്നത് ആരെന്നറിയാന്‍ ലോകം ശ്വാസം അടക്കിപ്പിടിച്ചുനിന്ന മണിക്കൂറുകള്‍. ഒടുവില്‍ 77 സുന്ദരിമാരില്‍ നിന്നും രണ്ടേ രണ്ടുപേര്‍ മാത്രം വിജയകിരീടത്തിരികെ... ആകാംക്ഷകള്‍ക്ക് വിരാമമിട്ട് വേദിയില്‍ ആ പേര് മുഴങ്ങി....മിസ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷണല്‍‍ 2025 മിസ് ഫിലിപ്പീന്‍സ്....അതേ 29കാരി എമ്മ മേരി ടിഗ്ലാവുവിലൂടെ ആ സുവര്‍ണകിരീടം വീണ്ടും ഫിലിപ്പീന്‍സിന് സ്വന്തം.

'ഈ സ്വപ്നം യാഥാർത്ഥ്യമായി എന്ന് വിശ്വസിക്കാൻ എനിക്കിപ്പോഴും കഴിയുന്നില്ല. ഈ യാത്ര നമ്മുടെ കഥയായത് നിങ്ങളുള്ളതുകൊണ്ടാണ്. ഞാനെന്‍റെ ഹൃദയത്തില്‍ നിന്നും നന്ദി പറയുന്നു'...സുവര്‍ണകിരീടം ശിരസിലേറ്റിയതിന് പിന്നാലെ തന്‍റെ രാജ്യത്തെ ജനങ്ങള്‍ക്കും അവര്‍ നല്‍കിയ പിന്തുണയ്ക്കും നന്ദി പറഞ്ഞ് എമ്മ മേരി ടിഗ്ലാവു സമൂഹമാധ്യമത്തില്‍ കുറിച്ച വാക്കുകകളാണിത്.' 77 രാജ്യങ്ങളില്‍ നിന്നെത്തിയ സൗന്ദര്യറാണിമാരെ പിന്തളളിയാണ് എമ്മയുടെ കീരീടനേട്ടം. സ്വിം സ്യൂട്ട്, നാഷണല്‍  കോസ്റ്റ്യൂം , ഈവനിംങ് ഗൗണ്‍ റൗണ്ടുകളിലും, വിജയകിരീടത്തിലേക്കുള്ള അവസാനചോദ്യത്തിലും മികവ് പുലര്‍ത്തി എമ്മ. Country's Power of the Year പുരസ്കാരവും എമ്മയ്ക്ക് തന്നെയായിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്ന എമ്മയ്ക്ക് ഏറ്റവും വലിയ വെല്ലുവിളിയായത്  സാമ്പത്തിക പരാധീനതകളായിരുന്നു.  പഠനത്തിന് പണം കണ്ടെത്താന്‍ പാര്‍ട്ട് ടൈമായി  മോഡലിങ് ചെയ്തു. ഒടുവില്‍ ഇന്‍റര്‍നാഷ്ണല്‍ ടൂറിസം മാനേജ്മെന്‍റില്‍ നല്ല മാര്‍ക്കോടെ ബിരുദം. മാധ്യമ പ്രവര്‍ത്തക, അവതാരക, മോഡല്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചു. തന്‍റെ കഴിവുകളെ തിരിച്ചറിഞ്ഞ് വെല്ലുവിളികളെ അതിജീവിച്ച് 29ാം വയസില്‍  എമ്മ എത്തിയത് മിസ് ഗ്രാന്‍ഡ് വേദിയിലേക്ക്. 

അവസാന റൗണ്ടിലെത്തിയ 5 പേര്‍. മിസ് ഫിലിപ്പീന്‍സ്, മിസ് തായ്​ലന്‍ഡ്, മിസ് സ്പെയിന്‍ , മിസ്  ഘാന, മിസ് വെനസ്വേല. ഒരൊറ്റ ചോദ്യം. 5 ഉത്തരം. അതുവരെയുളള കണക്കുകളെല്ലാം മാറിമറിയുന്ന അവസാനഘട്ടം. ചോദ്യം ഇങ്ങനെ..ഓണ്‍ലൈന്‍ തട്ടിപ്പൊരു ആഗോളഭീഷണിയായി മാറിയിരിക്കുകയാണ്. പലപ്പോഴും മനുഷ്യക്കടത്തുമായി ബന്ധമുള്ളതും ആഗോള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതുമായ ഒരുതരം യുദ്ധമുറയാണത്. ദക്ഷിണ കൊറിയ, യുഎസ്എ തുടങ്ങിയ രാജ്യങ്ങൾ കർശനമായ നടപടികള്‍ ഓമ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ സ്വീകരിച്ചുകഴിഞ്ഞു. ഓണ്‍ലൈന്‍ തട്ടിപ്പ് തടയാന്‍  സഹായിക്കുന്ന എന്ത് ശിക്ഷാ നടപടികളാണ് നിങ്ങൾ നിർദ്ദേശിക്കുന്നത്? എമ്മയുടെ ഉത്തരം ഇങ്ങനെ.. കബളിപ്പിക്കപ്പെടാതിരിക്കാന്‍  നമ്മള്‍  സ്വയം ബോധവല്‍ക്കരിക്കപ്പെടണം. ഒപ്പം വിദ്യാസമ്പന്നരുമാകണം.  തട്ടിപ്പുകാരെ അഴിക്കുള്ളിലാക്കി  നിയമനടപടികള്‍ക്ക് വിധേയരാക്കാന്‍ നീതിന്യായ വ്യവസ്ഥ ശക്തിപ്പെടേണ്ടതുമുണ്ട് .അത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ്. അതിജീവനത്തിനായി ആരും ആരെയും വഞ്ചിക്കാത്ത, ശാന്തവും സമാധാനവുമുള്ള ഒരു ലോകത്ത്  ഒരുനാള്‍ ജീവിക്കാനാകുമന്ന്  ഞാൻ പ്രതീക്ഷിക്കുന്നു. എമ്മ പറഞ്ഞ് നിര്‍ത്തിയതും കൈയ്യടികളുയര്‍ന്നു.

അധികം വൈകിയില്ല. അവസാന 5 മല്‍സാര്‍ഥികളില്‍ നിന്നും മിസ് ഫിലിപ്പീന്‍സും മിസ് തായ്​ലന്‍ഡും കിരീടത്തിനരികെ...ശ്വാസമടക്കിപ്പിടിച്ച് ലോകം കാതോര്‍ത്തു. മിസ് ഗ്രാന്‍ഡ് 2025 മിസ് ഫിലിപ്പീന്‍സ്. മുന്‍ വര്‍ഷത്തെ വിജയി മിസ് ഫിലിപ്പീന്‍സ് സി ജെ ഒപ്പിയാസ തന്‍റെ പിന്‍ഗാമി എമ്മയെ സുവര്‍ണകീരീടം അണിയിച്ചു.

ഫിലിപ്പീന്‍സിനിത് മധുരപ്രതികാരം

2024 മിസ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷ്ണല്‍ കിരീടം അപ്രതീക്ഷിതമായി കൈവന്നപ്പോള്‍ സന്തോഷത്തിനൊപ്പം അല്‍പ്പം കളിയാക്കലുകളും നേരിടേണ്ടിവന്നു ഫിലിപ്പീന്‍സിന്. പൊരുതി നേടിയ വിജയമല്ലെന്നും ഒരാളുപേക്ഷിച്ചുപോയ കിരീടം നേടുന്നത് യഥാര്‍ത്ഥ നേട്ടമല്ലെന്നും പരിഹാസങ്ങളുയര്‍ന്നു. എന്നാലിത്തവണ ഫിലിപ്പീന്‍സ് ആ സുവര്‍ണകിരീടം പൊരുതിത്തന്നെ നേടിയെടുത്തു. ഒരു മധുരപ്രതികാരമെന്നോണം.  2024 ലെ മിസ് ഗ്രാന്‍ഡ് കിരീടം ആദ്യമായി ഇന്ത്യയ്ക്ക് സമ്മാനിച്ചത് 20കാരി റേച്ചല്‍ ഗുപ്തയായിരുന്നു. എന്നാലാ ചരിത്രനേട്ടത്തിന്‍റെ സന്തോഷം  അധികനാള്‍ നീണ്ടുനിന്നില്ല. മത്സരസംഘാടകരിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും മോശം പെരുമാറ്റവും തുറന്നുപറഞ്ഞുകൊണ്ട് രംഗത്തെത്തിയ റേച്ചല്‍ ഗുപ്ത താന്‍ കിരീടം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ റേച്ചൽ ഗുപ്തയെ പുറത്താക്കിയതാണെന്നും കിരീടം റദ്ദാക്കിയതായും അറിയിച്ച് മിസ് ഗ്രാൻഡ് ഇൻ്റർനാഷണല്‍ സംഘടനയും രംഗത്തെത്തി. വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കാതെ മല്‍സര സംഘാടകര്‍ വലിയൊരു ചടങ്ങ് സംഘടിപ്പിച്ച് 2024 മിസ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷ്ണല്‍ കിരീടം രണ്ടാം സ്ഥാനക്കാരിയായ ഫിലിപ്പീനി സുന്ദരി സി ജെ ഒപ്പിയാസയെ അണിയിച്ചു. ഇപ്പോഴിതാ തൊട്ടുടുത്ത വര്‍ഷം 77 സുന്ദരിമാരെ പിന്നാലാക്കി ഫിലിപ്പീന്‍സ് ആ സുവര്‍ണകിരീടം ചൂടിയിരിക്കുന്നു. അടുത്ത പിന്‍ഗാമിയെ കണ്ടെത്തും വരെ ഒരു വര്‍ഷക്കാലത്തോളം കിരീടം ഫിലിപ്പീനി സുന്ദരി എമ്മയ്ക്ക് മാത്രം സ്വന്തം. 

ENGLISH SUMMARY:

Miss Grand International 2025 was won by Miss Philippines, Emma Mary Tiglao. The 29-year-old impressed the judges with her intelligence and grace, ultimately securing the coveted crown for her nation.