സ്ഥലം ഹൈദരാബാദിലെ ഹിറ്റെക്സ് എക്സിബിഷൻ സെന്‍റര്‍ . ലോകസുന്ദരിയെ കണ്ടെത്താനൊരുക്കിയ വേദിയിലേക്ക് ലോകം ചുരുങ്ങിയ മണിക്കൂറുകള്‍. ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരയ്ക്കാന്‍ നാലുപേര്‍. മിസ് ഇത്യോപ്യ, മിസ് തായ്ലന്റ്, മിസ് പോളണ്ട് , മിസ് മാര്‍ട്ടിനീക്. അവസാന റൗണ്ടിലെ ഒരേയൊരു ചോദ്യം ..അതിന് ബുദ്ധിയും വിവേകവും ആത്മവിശ്വാസവും നിറഞ്ഞൊരു മറുപടി. അതായിരിക്കും മിസ് വേള്‍ഡ് 2025 ആരെന്ന് നിര്‍ണയിക്കുക. ആകാംക്ഷാഭരിതാമായ നിമിഷങ്ങള്‍ക്കൊടുവില്‍ മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ സിഇഒ ജൂലിയ മോര്‍ലി വിജയിയെ പ്രഖ്യാപിച്ചു. മിസ് വേള്‍ഡ് 2025 ...മിസ് തായ്ലന്ഡ്. 72ാമാത് ലോകസുന്ദരിപ്പട്ടം തായ്ലന്‍ഡിന്റെ ഒപല്‍ സുചത ചുങ്ശ്രീയ്ക്ക് സ്വന്തം. അതിജീവനത്തിന്‍റെയും പ്രത്യാശയുടെയും കഥ പറഞ്ഞ് അഴകിലും അറിവിലും ആത്മവിശ്വാസത്തിലും മുന്നിട്ട് നിന്ന് ലോകസുന്ദരി കീരീടം ചൂടിയ ഒപലിനെ കുറിച്ച് അറിയാം.
2003 സെപ്റ്റംബർ 30ന് തായ്‌ലൻഡിലെ ഫുക്കെറ്റിലാണ് സുചതുടെ ജനനം. പൊളിറ്റിക്സ് ആന്‍റഡ് ഇന്‍റര്‍നാഷ്ണല്‍ റിലേഷന്‍സില്‍ ബിരുദം. തായ്, ചൈനീസ്, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം നേടിയ ഒപല്‍ ഉക്കുലേലെ എന്ന സംഗീതോപകരണം വായിക്കുന്നതിലും കഴിവുതെളിയിച്ചിട്ടുണ്ട്. 18ാം വയസിലാണ് സൗന്ദര്യ മല്‍സരിങ്ങളിലേക്ക് ഒപല്‍ ചുവടുവയക്കുന്നത്. 2024ല്‍ മിസ് യൂണിവേഴ്സ് തായ്ലന്ഡ് കിരീടം ഒപല്‍ സ്വന്തമാക്കി. അതേവര്‍ഷം തന്നെ മിസ് യൂണിവേഴ്സ് മല്‍സരത്തില്‍ തേര്‍ഡ് റണ്ണറപ്പായും ഒപല്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോഴിതാ 2025ലെ ലോകസുന്ദരി കീരീടവും ഒപല്‍ ശിരസിലേറ്റി..നേട്ടങ്ങള്‍ക്ക് പിറകേ നേട്ടങ്ങളാണ് ഒപലിനെ തേടിയെത്തുന്നതെങ്കിലും അതിന് പിന്നീല്‍ വലിയൊരു അതിജീവനത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും പ്രത്യാശയുടെ കഥ പറയാനുണ്ട് ഈ 21കാരിക്ക്.
ഒരു കൗമാരക്കാരിയുടെ സ്വപ്നങ്ങളെയാകെ തച്ചുടച്ചുകൊണ്ടാണ് പതിനാറാം വയസില്‍ സ്താനാര്‍ബുദം ഒപലിനെ തേടിയെത്തിയത്. കടുത്ത വേദനയിലും ഒപലിന്‍റെ ഭയം മുഴുവന്‍ തന്‍റെ ഭാവിയെയും സ്വപ്നങ്ങളെയും കുറിച്ച് മാത്രമായിരുന്നു. ആ ഭയമാണ് തന്‍റെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവായതെന്നും ഒപല്‍ പറയുന്നു. ശസ്ത്രക്രിയയ്ക്കും മരുന്നിനുമൊപ്പം ആത്മവിശ്വാസം കൂടി ചേര്‍ന്നതോടെ ട്യൂമര്‍ കീഴടങ്ങി. അതോടെ ഒപല്‍ ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്കൊരു പ്രചോദനമായി മാറി. 'ഒപല്‍ ഫോര്‍ ഹെര്‍' എന്നൊരതിജീവന പദ്ധതിക്കും അവര്‍ തുടക്കമിട്ടു. സ്തനാർബുദം സംബന്ധിച്ച് സ്ത്രീകൾക്കിടയിൽ ബോധവത്കരണം നടത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കാന്‍സര്‍ ബോധവല്‍ക്കരണവും ചികില്‍സയുടെ പ്രാധാന്യവുമെല്ലാം ജനങ്ങളിലേക്കെത്തിക്കുന്ന ഒപല്‍ ഫോര്‍ ഹെറിനെ ആ കൗമാരക്കാരി മുന്നില്‍ നിന്ന് നയിച്ചു. എത്രയും നേരത്തെ രോഗനിര്‍ണയം നടത്തുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും മനോധൈര്യം കൈവിടാതെ ജീവിതത്തെ എങ്ങനെ തിരികെ പിടിക്കാം എന്നതിനെ കുറിച്ചും അവള്‍ വേദികള്‍ തോറും സംസാരിച്ചു ചികില്‍സാച്ചിലവിന് വലയുന്നവര്‍ക്ക് ഫണ്ട് റെയ്സിങ് പരിപാടി വഴിയും തന്‍റെ സമ്പാദ്യത്തിലെ ഒരു പങ്ക് എത്തിച്ചുനല്‍കിയും ഒപല്‍ ആശ്വാസമായി മാറി.
ഇനിയും ഏറെ മുന്നോട്ട് പോകണം , മറ്റുളളവര്‍ക്ക് പ്രത്യാശ പകരണം ഇതായിരുന്നു ലോകസൗന്ദര്യ മല്‍സരവേദിയിലേക്ക് ചുവടുവെക്കാന്‍ ഒപലിനെ പ്രേരിപ്പിച്ച പ്രധാന ഘടകവും. ലോകം ഉറ്റുനോക്കുന്ന ഇത്തരം വേദികള്‍ ബോധവത്കരണ പരിപാടികളിലൂടെ ജനങ്ങളിൽ കൂടുതൽ സ്വാധീനം ചെലുത്താൻ സഹായിക്കുമെന്ന് ഒപല്‍ പറയുന്നു. 2025ലെ ലോകസുന്ദരിപ്പട്ടത്തില്‍ സൗന്ദര്യം എന്ന വാക്കിനപ്പുറം ഒപല്‍ കാണുന്ന സ്വപ്നവും അതുതന്നെ...
വേദിയിലെ ഒപല്‍ തിളക്കം :
തിളക്കമുളള സ്വരോസ്കി കല്ലുകള്‍ പതിപ്പിച്ച വെളള ഗൗണണിഞ്ഞാണ് ഒപല്‍ മിസ് വേള്‍ഡ് മല്‍സരത്തിന്‍റെ അവസാന റൗണ്ടിലെത്തിയത്. ആ വസ്ത്രത്തിനുമുണ്ടായിരുന്നു പ്രത്യേകതകള്‍. മാറ്റത്തിന്‍റെയും കരുത്തിന്‍റെയും പ്രത്യാശയുടെയും പ്രതീകമാണ് തന്‍റെ വെളുത്ത ഗൗണ്‍ എന്ന് ഒപല്‍ പറയുന്നു. ഒപല്‍ ഫോര്‍ ഹെര്‍ എന്ന തന്‍റെ സ്വപ്ന പദ്ധതിയുടെ യാത്രയും അതിന്‍റെ പരിശുദ്ധിയുമെല്ലാമാണ് ഈ ഗൗണില്‍ പ്രതിഫലിക്കുന്നത്. ഒരു വസ്ത്രം എന്നതിനപ്പുറം സ്വപ്നം കാണാന്‍ ധൈര്യപ്പെടുന്ന ലോകത്തെ എല്ലാ സ്ത്രീകള്‍ക്കുമുളള ആദരവാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ഒപല്‍ രത്നം പോലെ 'അവളുടെ പ്രഭാവലയത്തില്‍ അവള്‍ തിളങ്ങട്ടെ' എന്ന സന്ദേശവും വസ്ത്രം മുന്നോട്ടു വയ്ക്കുവെന്നും തന്‍റെ ഒപല്‍ പറയുന്നു.
കിരീടത്തിലേക്ക് നയിച്ച ഉത്തരം:..ഇതുവരെയുളള നിങ്ങളുടെ യാത്ര, നിങ്ങളെ പഠിപ്പിച്ച ഉത്തരവാദിത്വങ്ങളും സത്യങ്ങളും നിങ്ങളുടെ ജീവിതത്തെ രൂപപ്പെടുത്തിയെടുക്കാന്‍ എങ്ങനെ സഹായിച്ചു ? ഒപലിന്‍റെ മറുപടി ഇങ്ങനെ..എന്‍റെ അനുഭവങ്ങളിൽ നിന്ന് ഞാൻ പഠിച്ച ഏറ്റവും ഗൗരവമേറിയ പാഠങ്ങളിലൊന്നാണ് സത്യം എങ്ങനെ അവതരിപ്പിക്കപ്പെടുന്നു എന്നതിൽ നമ്മൾ വഹിക്കുന്ന ഉത്തരവാദിത്തെക്കുറിച്ചാണ്. മറ്റുളളവര്‍ക്ക് നല്ല മാതൃകയായി നിലകൊളളുക. ‘നിങ്ങളാരാണെന്നതിലോ നിങ്ങൾക്ക് എത്ര വയസ്സുണ്ടെന്നതിലോ ഏതു പദവിയിലിരിക്കുന്ന വ്യക്തിയാണെന്നതിലോ കാര്യമില്ല. എപ്പോഴും നിങ്ങളെ ശ്രദ്ധിക്കുന്ന ആരെങ്കിലും ചുറ്റിലുമുണ്ടാകും. അത് ചിലപ്പോൾ ഒരു കുട്ടിയാകാം, യുവാവാകാം, അല്ലെങ്കിൽ മാതാപിതാക്കള്‍ തന്നെയായിരിക്കാം. ആരുമായിക്കോട്ടെ, നിങ്ങളുടെ പ്രവൃത്തിയിലൂടെ അവർ നന്മയിലേക്കു നയിക്കപ്പെടുന്നെങ്കിൽ അതാണ് നമുക്ക് മറ്റുള്ളവര്‍ക്കു വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം’. നിങ്ങളുടെ പ്രവര്‍ത്തി വാക്കുകളെക്കാള്‍ ഉച്ചത്തില്‍ പ്രതിഫലിക്കട്ടെ...ഒപല്‍ പറഞ്ഞു തീര്‍ന്നതും വിധികര്‍ത്താക്കളും കാണികളും ഒരു പോലെ കയ്യടിച്ചു.
പിന്നീട് നടന്നത് ചരിത്രം. ലോകത്തെ സാക്ഷിയാക്കി 72ാമത് ലോകസുന്ദരി കിരീടം കഴിഞ്ഞ വര്‍ഷത്തെ വിജയി ചെക് സുന്ദരി ക്രിസ്റ്റീന ഫിസ്കോവ ഒപല്‍ സുചതയുടെ ശിരസില്‍ അണിയിച്ചു. തായ്ലന്‍ഡിന്റെ ചരിത്രത്തിലെ ആദ്യ മിസ് വേള്‍ഡ് കിരീടമാണ് ഒപല്‍ സ്വന്തമാക്കിയത്.