വീസ നിയമങ്ങൾ കർശനമാക്കിയതോടെ യു.എസ്, ബ്രിട്ടന്‍ സര്‍വകലാശാലകളിലേക്കുള്ള വിദേശ വിദ്യാര്‍ഥികളുടെ ഒഴുക്ക് കുറയുന്നു. ബ്രിട്ടനിൽ 19 ശതമാനവും യു.എസിൽ 13 ശതമാനവുമാണ് കുറവ്. പകരം യൂറോപ്പിലേയും ഏഷ്യയിലേയും സര്‍വകലാശാലകളെയാണ് വിദ്യാര്‍ഥികള്‍ പരിഗണിക്കുന്നത്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കര്‍ശന കുടിയേറ്റ നിയമമാണ് വിദേശ വിദ്യാര്‍ഥികള്‍ യുഎസ് സര്‍വകലാശാലകളെ ഒഴിവാക്കാന്‍ കാരണം. നെതർലൻഡ്സ് ആസ്ഥാനമായി വിദ്യാർഥികളെ റിക്രൂട്ട് ചെയ്യുന്ന സ്റ്റഡിപോർട്ടൽസ്, രാജ്യാന്തര വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്ന യുഎസ് ആസ്ഥാനമായ നാഫ്‌സ, ഓക്സ്ഫഡ് യൂണിവേഴ്‌സിറ്റി പ്രസിന്റെ  ഓക്സ്ഫഡ് ടെസ്റ്റ് ഓഫ് ഇംഗ്ലിഷ് എന്നീ സംഘടനകള്‍ 63 രാജ്യങ്ങളിലെ 437 സർവകലാശാലകളിൽ നടത്തിയ സർവേ ഫലങ്ങളാണ് പുറത്തുവിട്ടത്.

മുൻവർഷത്തെ അപേക്ഷിച്ച് ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ബിരുദപഠനത്തിന് എത്തുന്ന വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ ബ്രിട്ടനിൽ 19 ശതമാനവും യുഎസിൽ 13 ശതമാനവും കുറവുണ്ടായി. കാനഡയിലും ഓസ്ട്രേലിയയിലും ഡിമാൻഡ് കുറഞ്ഞപ്പോൾ ഏഷ്യയിലെയും യൂറോപ്പിലെയും സർവകലാശാലകളിൽ പ്രവേശനം കൂടിയെന്നും റിപ്പോർട്ട് പറയുന്നു.

യുഎസിലെ മൂന്നിലൊന്ന് സര്‍വകലാശാലകളിലും വിദേശവിദ്യാര്‍ഥികളുടെ എണ്ണം വരും വര്‍ഷങ്ങളില്‍ കുറയും. കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി ബ്രിട്ടനും വിദ്യാർഥി വീസ നിയമങ്ങൾ കർശനമാക്കിയിരുന്നു. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം നേടിയെങ്കിലും, വീസ നിയമങ്ങളിൽ പ്രസിഡന്റിന് എക്സിക്യൂട്ടീവ് അധികാരം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സർവേ നടത്തിയത്.

ENGLISH SUMMARY:

International student enrollment in the United States and the United Kingdom has declined sharply due to tightened visa and immigration regulations, dropping by 13 percent and 19 percent respectively. A global survey conducted across 437 universities in 63 countries by Studyportals, NAFSA, and Oxford University Press reveals that students are increasingly turning toward universities in Europe and Asia instead.