സൈന്യത്തെ മൊത്തം നിയന്ത്രിക്കേണ്ടയാളെ ഒരു സാധാരണ സൈനികന് ശാസിക്കുന്നു. സൈനികന് കയ്യടിച്ച് സോഷ്യല്‍ മീഡിയ. യുഎസില്‍ നിന്ന് പുറത്തുവരുന്ന ദൃശ്യം കണ്ടാല്‍ ആര്‍ക്കുമൊന്ന് ബഹുമാനം തോന്നിപ്പോകും ആ സാധാരണ സൈനികനോട്.
യുഎസിലെ സൈനികസ്മാരകങ്ങളില് ഏറ്റവും പ്രമുഖമാണ് അര്‍ലിങ്ടണ്‍ നാഷണല്‍ സെമിത്തേരിയിലെ അജ്ഞാതനായ സൈനികന്റേത്. വിമുക്തഭടന്മാരെയും യുദ്ധത്തില്‍ മരിച്ച സൈനികരെയും ആദരിക്കുന്ന ദിനമാണ് വെറ്ററന്‍സ് ഡേ. ഈ ദിനം സെമിത്തേരി സന്ദര്‍ശിക്കാനെത്തിയതായിരുന്നു യുഎസ് വാര് സെക്രട്ടറിയായ പീറ്റ് ഹെഗ്സെത്ത്. എന്നാല്‍ സെമിത്തേരിയില്‍ എത്തിയ ഹെഗ്സെത്തിന്റെ പെരുമാറ്റം വിചിത്രമായിരുന്നു. ഏറെ നിശബ്ദതയോടെയും ബഹുമാനത്തോടെയും പെരുമാറേണ്ടിടത്ത് ചിരിച്ചും തന്റെ ഒപ്പമുള്ളവരോട് തമാശ പറഞ്ഞും ഫോട്ടോ സെഷന് പോസ് ചെയ്തുമായിരുന്നു ഹെഗ്സെത്ത് പെരുമാറിയത്. ഇതിനിടെ സ്മാരകത്തിന്റെ സൂക്ഷിപ്പുകാരനായ സൈനികന് ഇതുവഴി പരേഡ് ചെയ്യുന്നുണ്ടായിരുന്നു.
ഹെഗ്സെത്തിന്റെയും സംഘത്തിന്റെയും പെരുമാറ്റം ശ്രദ്ധിച്ച സൈനികന് തന്റെ പരേഡ് നിര്‍ത്തി സംഘത്തിന് നേരെ തിരിഞ്ഞ് ‘എല്ലാ സന്ദർശകരും എല്ലായ്പ്പോഴും നിശബ്ദതയുടെയും ബഹുമാനത്തിന്റെയും അന്തരീക്ഷം നിലനിർത്തണം’ എന്നുറക്കെ വിളിച്ചുപറയുകയായിരുന്നു. യുഎസ് വാര് സെക്രട്ടറിയും സംഘവും തോക്കും പിടിച്ച് നില്ക്കുന്ന സൈനികന്റെ ശാസനെ കേട്ട് ഞെട്ടുകയും ഉടന്‍ തന്നെ ഫോട്ടോഷൂട്ട് പൂര്‍ത്തിയാക്കി തടിതപ്പുകയുമായിരുന്നു.
യുഎസ് ജനപ്രതിനിധിസഭയിൽ ഇംപീച്ച്മെന്റ് ശ്രമത്തിൽ നിന്ന് ഹെഗ്സെത്ത് കഷ്ടിച്ച് രക്ഷപ്പെട്ടതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ സംഭവം. വിഡിയോ പുറത്തുവന്നതോടെ ഹെഗ്സെത്തിനെ വിമര്‍ശിച്ചും സൈനികനെ പ്രശംസിച്ചും ഒട്ടേറെപ്പേരാണ് രംഗത്തുവന്നത്. യുഎസ് പ്രതിരോധസേനയുടെ ആസ്ഥാനമായ പെന്റഗണ്‍ ഉപദേഷ്ടാവായ ഷോണ്‍ പാര്‍നെല്ലും സൈനികനെ ശക്തമായി പിന്തുണച്ച് രംഗത്തുവന്നു. സൈനികന് തന്റെ ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്യുകയാണ് ചെയ്തത്. ഇത്തരം സ്മാരകത്തില്‍ ആളുകള്‍ പാലിക്കേണ്ട മര്യാദയുടെ അന്തരീക്ഷം അയാള്‍ നിലനിര്‍ത്തി എന്ന് ഷോണ്‍ കൂട്ടിച്ചേര്‍ത്തു.
വിർജീനിയയിൽ സ്ഥിതി ചെയ്യുന്ന ആർലിംഗ്ടൺ നാഷണൽ സെമിത്തേരി, അമേരിക്കൻ യുദ്ധങ്ങളിൽ വീരമൃത്യു വരിച്ച നാല് ലക്ഷത്തിലധികം സൈനികരെയും പ്രമുഖരെയും അടക്കം ചെയ്തിരിക്കുന്ന ഏറ്റവും പ്രശസ്തമായ ദേശീയ സൈനിക സെമിത്തേരിയാണ്. 1864-ൽ ആഭ്യന്തരയുദ്ധ സമയത്ത് സ്ഥാപിതമായ ഈ സെമിത്തേരിയുടെ പ്രത്യേകതകളില്‍ ഒന്ന് 24 മണിക്കൂറും സൈനിക കാവലുള്ള അജ്ഞാത സൈനികന്റെ ശവകുടീരവും (Tomb of the Unknown Soldier), അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ ശവകുടീരത്തിലെ കെടാവിളക്കുമാണ്. കർശനമായ യോഗ്യതാ മാനദണ്ഡങ്ങളുള്ള ഇവിടെ, രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സൈനികർക്കും പരമോന്നത ബഹുമതികൾ ലഭിച്ചവർക്കും മാത്രമാണ് പ്രധാനമായും അന്ത്യവിശ്രമത്തിന് അനുമതി ലഭിക്കുന്നത്.