pmshri

രാജ്യത്തെ സ്കൂള്‍ വിദ്യാഭ്യാസത്തിന്‍റെ ഗുണമേന്‍മ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതിയാണ് പി.എം.ശ്രീ. ഇന്ത്യയിലാകെ 14,500 സ്കൂളുകളെ പി.എം.ശ്രീക്ക് കീഴില്‍കൊണ്ടുവരികയാണ് ലക്ഷ്യം. ദേശീയ വിദ്യാഭ്യാസ നയത്തിലൂന്നി ആധുനിക രീതിയിലുള്ള പഠനം ഉറപ്പാക്കുമെന്നാണ് കേന്ദ്രം പറയുന്നത്. 40:60 അനുപാത്തില്‍കേന്ദ്രവും സംസഥാനങ്ങളും ഫണ്ടു കണ്ടെത്തണമെന്നാണ് വ്യവസ്ഥ. 2022  മുതല്‍ 2027 വരെയാണ് പദ്ധതിയുടെ കാലാവധി. 

കേരളവും പി.എം.ശ്രീയും 

2022 മുതലാണ് കേന്ദ്രം കേരളത്തിനോട് പദ്ധതിയുടെ ഭാഗമാകാന്‍ ആവർത്തിച്ച് ആവശ്യപ്പെടുന്നത്. കേരളത്തിന് അംഗീകരിക്കാനാവാത്ത പലതും പദ്ധതിയിലുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന് അറിയാമായിരുന്നു. അതില്‍ ഏറ്റവും പ്രധാനം ദേശീയ വിദ്യാഭ്യാസ നയവും അതിനെ അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതിയും. ബിജെപി ഇതര സംഥാനങ്ങളെല്ലാം ഇതിനെ എതിര്‍ത്തു. ഏകപക്ഷീയമായ നിലപാടുകള്‍ അടിച്ചേൽപിക്കുന്നു, ചരിത്രം തിരുത്തുന്നു, തെറ്റായ വിവരങ്ങള്‍ ഉൾപ്പെടുത്തുന്നു ഇങ്ങനെ ഒരു കൂട്ടം പരാതികളാണ് എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളെ സംബന്ധിച്ച് ഉയര്‍ന്ന പരാതികള്‍. സംഘപരിവാര്‍ അജന്‍ഡ ഒളിച്ചുകടത്താനാണോ ഇതെല്ലാം എന്നാണ് പ്രതിപക്ഷ പാർട്ടികളും അക്കാദമിക്ക് വിദഗ്ധരും ഉയര്‍ത്തിയ വിമര്‍ശനം. 

പദ്ധതിവരുന്ന വഴി

ഏതായാലും 2023 ആയതോടെ പദ്ധതി സംബന്ധിച്ച കൂടിയാലോചനകള്‍ ചൂടുപിടിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ സമ്മര്‍ദം, പദ്ധതിയുടെ ഭാഗമായില്ലെങ്കില്‍ കേന്ദ്ര ഫണ്ട് കിട്ടില്ലെന്നസ്ഥിതി - ഇവ ചേർന്നപ്പോൾ കേരള സർക്കാരും പി എം ശ്രീയെ കുറിച്ച് ഗൗരവമായി ആലോചിച്ചു തുടങ്ങി. 2024 ൽ ഇതിനെ കുറിച്ച് പഠിക്കാൻ ഉന്നതതല സമിതി വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ കീഴിൽ നിലവിൽ വന്നു . 2025 ൽ രണ്ടാം പിണറായി സർക്കാർ കേന്ദ്രവുമായി ധാരണാ പത്രം ഒപ്പിട്ടു. ഇരുചെവി അറിയാതെ നടത്തിയ ഈ നീക്കത്തിനെതിരെ സി പി ഐ രംഗത്തു വന്നു. തുടർന്ന് ഉണ്ടായ രാഷ്ട്രീയ കോലാഹലത്തിനൊടുവിൽ പദ്ധതി താൽക്കാലികമായി മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു.

pinarayi-vijayan

യുഡിഎഫും പി എം ശ്രീയും

പ്രതിപക്ഷത്തിരുന്നപ്പോൾ പി എം ശ്രീയെയും അത് നടപ്പാക്കാൻ സർക്കാർ രഹസ്യസ്വഭാവത്തിൽ  നടത്തിയ നീക്കത്തെയും എതിർത്തവരാണ് യുഡിഎഫ്. എന്നാൽ അധികാരത്തിൽ വന്നപ്പോൾ പി എം ശ്രീ തുടരുമെന്നും മുൻസർക്കാർ ഒപ്പിട്ട കരാറിൽ നിന്ന് പിൻമാറുക സാധ്യമല്ലെന്നും യു ഡി എഫ് വാദിക്കുന്നു.  കേരളത്തിന് അർഹതയുള്ള കേന്ദ്രഫണ്ട് വാങ്ങും , അത് ആരുടെയും ഔദാര്യമല്ല കേരളത്തിന്റെ അവകാശമാണെനാണ് സർക്കാർ ശക്തിയുക്തം പറയുന്നത്. എന്നാൽ എൻ.സി.ഇ.ആർ.ടി പാഠ പുസ്തകം കേരളത്തിൽ പഠിപ്പിക്കില്ലെന്നും  ഏത് സ്‌കൂളുകളെ പദ്ധതിയുടെ കീഴിൽ കൊണ്ടുവരണമെന്ന് സർക്കാർ തീരുമാനിക്കുകയും ചെയ്യുമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. കാതലായ കാര്യം കേരളത്തിന് കേന്ദ്രഫണ്ട് എത്ര നിർണായകമാണെന്നുള്ളതാണ് . പക്ഷെ പി എം ശ്രീയോടുള്ള രാഷ്ട്രീയമായ എതിർപ്പിൽ മറ്റം വരുത്തില്ലെന്നും സർക്കാർ പറയുന്നു.

vd-satheesan-02

കോൺഗ്രസിനോ ലീഗിനോ ദേശീയ വിദ്യാഭ്യാസ നയവും അത് നടപ്പാക്കുന്ന രീതിയും അംഗീകരിക്കാനാവില്ല. 1500 കോടി വേണ്ടെന്നു വെക്കാനും പറ്റില്ല. കേരളത്തിലെ പാഠ്യപദ്ധതി സംസ്ഥാനം തന്നെ തീരുമാനിക്കും, പി.എം ശ്രീയിൽ ഏതു സ്കൂളുകൾ വരണമെന്നും സംസ്ഥാന സർക്കാർ തീരുമാനിക്കും എന്നാണ് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പറയുന്നത്. ഈ നിബന്ധനകൾ കേന്ദ്രം തള്ളിയാൽ പി.എം ശ്രീ കോടതി കയറും. മന്ത്രി സഭാ ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും സർക്കാരിന്റെ തുടർ നടപടികൾ. സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം പി.എം ശ്രീ ഉപയോഗിക്കുമെന്നു മാത്രമല്ല, യു ഡി എഫ് സംസ്ഥാനത്തെ പറ്റിച്ചു എന്നു കൂടി വിമർശിക്കും. ഏതായാലും പി എം ശ്രീ ഉയത്തുന്ന രാഷ്രീയ വിവാദങ്ങൾ ഉടനൊന്നും തീരില്ലെന്ന് ഉറപ്പായി.

ENGLISH SUMMARY:

PM SHRI, the Centre's flagship school education programme aligned with the National Education Policy, has become a major political issue in Kerala. While the state seeks to secure central funding, concerns over NEP implementation, NCERT textbooks, and state autonomy continue to fuel debate. Here's an in-depth look at what PM SHRI is, why Kerala initially resisted it, and why the controversy remains far from over.