എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
കാത്തുകാത്തിരുന്നാണ് മെയ് 13ന് സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷ ഫലം വന്നത്. സിബിഎസ്ഇ ആദ്യമായി നടപ്പിലാക്കുന്ന ഡിജിറ്റൽ മൂല്യനിർണ്ണയ സംവിധാനമായ ഓണ്‍ സ്ക്രീന്‍ മാര്‍ക്കിങ് സിസ്റ്റത്തിലെ സാങ്കേതിക തകരാറാണ് ഫലം വൈകാന്‍ കാരണമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. എന്നാല്‍ സിബിഎസ്ഇ ഇത് സമ്മതിച്ചിരുന്നില്ല. ഫലം വന്നപ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3.19% കുറഞ്ഞ് 85.20% ആയിരുന്നു വിജയം. ഇതിന് പുറമെ ഫിസിക്സ്, കെമിസ്ട്രി, കണക്ക് പോലുള്ള വിഷയങ്ങള്‍ക്ക് പ്രതീക്ഷിച്ച മാര്‍ക്ക് ലഭിച്ചില്ലെന്ന പരാതികളുമായി നിരവധി വിദ്യാര്‍ഥികള്‍ രംഗത്തെത്തി. ഇതോടെ വിവാദമായിരിക്കുകയാണ് സിബിഎസ്ഇയുടെ ഓണ്‍ സ്ക്രീന്‍ മാര്‍ക്കിങ് സംവിധാനം.
എന്താണ് ഒഎസ്എം? (On-Screen Marking)
ഡിജിറ്റൽ മൂല്യനിർണ്ണയ പ്രക്രിയയാണ് ഓണ്‍ സ്ക്രീന്‍ മാര്‍ക്കിങ്. വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ ആദ്യം ഡിജിറ്റലായി സ്കാൻ ചെയ്യുകയും, തുടർന്ന് അധ്യാപകർ കമ്പ്യൂട്ടർ സ്ക്രീനിലൂടെ പരിശോധിച്ച് മൂല്യനിർണ്ണയം നടത്തുകയും ചെയ്യുന്ന രീതിയാണിത്. ഭൗതികമായി ഉത്തരക്കടലാസുകൾ കൈകാര്യം ചെയ്യുന്നതിന് പകരം, ഒരു സോഫ്റ്റ്‌വെയർ സംവിധാനത്തിലൂടെ പരിശോധന നടത്തുന്നു.
ഓൺ-സ്ക്രീൻ മാർക്കിങ് പ്രക്രിയ എങ്ങനെ?
സിബിഎസ്ഇ അവകാശപ്പെടുന്ന ഗുണങ്ങള്‍
വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആശങ്കകൾ
സിബിഎസ്ഇയുടെ മറുപടി
സിബിഎസ്ഇ 2014ല്‍ കൊണ്ടുവന്ന ഒഎസ്എം സംവിധാനം കൂടുതല്‍ മികവുറ്റതാക്കിയാണ് ഇത്തവണ നടപ്പാക്കിയത് എന്നാണ് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ അവകാശപ്പെടുന്നത്. സാങ്കേതിക സാഹചര്യങ്ങളും സൗകര്യങ്ങളും അപര്യാപ്തമായതിനാലാണ് പദ്ധതി നേരത്തെ നടക്കാതെ പോയത്. രാജ്യത്ത് നിരവധി സര്‍വകലാശാലകള്‍ ഈ സംവിധാനം നടപ്പിലാക്കുന്നുണ്ട്. രഹസ്യാത്മകത, നീതി, കൃത്യത എന്നിവ ഉറപ്പാക്കിയാണ് മൂല്യനിര്‍ണയം എന്നും അതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും സിബിഎസ്ഇയും വിശദീകരിച്ചു. അതേസമയം, തന്നെ മൂല്യനിര്‍ണയ പ്രക്രിയക്കിടയിലുണ്ടായ ചില പ്രശ്നങ്ങള്‍ വിദ്യാഭ്യാസമന്ത്രാലയവും സിബിഎസ്ഇയും സമ്മതിക്കുന്നുമുണ്ട്.
98 ലക്ഷത്തോളം ഉത്തരക്കടലാസുകളാണ് രാജ്യത്തൊട്ടാകെ പരിശോധിച്ചത്. ഇതില്‍ 13,000 ഉത്തരപേപ്പറുകൾ സ്കാനിങില്‍ തെളിഞ്ഞിരുന്നില്ല. വിദ്യാര്‍ഥികള്‍ ഉപയോഗിച്ച നേര്‍ത്ത മഷിയാണ് ഇതിന് കാരണം. ഇത്തരം ഉത്തരകടലാസുകള്‍ മാനുവൽ ആയി പരിശോധിച്ച് സിസ്റ്റത്തിലേക്ക് ചേർത്ത് പ്രശ്നം പരിഹരിച്ചെന്നാണ് വിശദീകരണം. ഒഎസ്എം സംവിധാനത്തിൽ അധ്യാപകർക്ക് വേണ്ട പരിശീലനം നൽകിയിരുന്നു എന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കുന്നു. ഗുണനിലവാര മാനദണ്ഡങ്ങൾ നിലനിർത്തുന്നതിനായി, മൂല്യനിർണ്ണയത്തിന് ശേഷം അസിസ്റ്റന്റ് ഹെഡ് എക്സാമിനർമാരും (AHE) ഹെഡ് എക്സാമിനർമാരും (HE) ഉത്തരക്കടലാസുകൾ പരിശോധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഉത്തരക്കടലാസ് പരിശോധനയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചിട്ടില്ലെന്നും ഓട്ടോമേറ്റഡ് സ്കോറിങ്ങല്ല, മറിച്ച് മനുഷ്യ മൂല്യനിർണയത്തിനുള്ള ഡിജിറ്റൽ ഇന്റർഫേസാണ് ഒഎസ്എം എന്നും സിബിഎസ്ഇ വ്യക്തമാക്കി. ആശങ്കകള്‍ പരിഹരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് പുനർമൂല്യനിർണ്ണയം സാധ്യമാണെന്നും വിദ്യാഭ്യാസ മന്ത്രാലയവും സിബിഎസ്ഇയും ആവര്‍ത്തിക്കുന്നു.
പുനർമൂല്യനിർണ്ണയം സാധ്യമോ?
ഒഎസ്എം സിസ്റ്റത്തിന് കീഴിൽ പുനർമൂല്യനിർണ്ണയമോ പരിശോധനാ പ്രക്രിയയോ സിബിഎസ്ഇ ഒഴിവാക്കിയിട്ടില്ല. നിലവിലെ ബോർഡ് നിയമങ്ങൾ അനുസരിച്ച് മാർക്ക് പരിശോധിക്കുന്നതിനും, ഉത്തരക്കടലാസുകളുടെ പകര്‍പ്പ് ലഭിക്കുന്നതിനും, പുനർമൂല്യനിർണ്ണയത്തിനും അപേക്ഷിക്കാവുന്നതാണ്. പുനർമൂല്യനിർണ്ണയത്തിനായി ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത പകർപ്പ് ലഭിക്കാനും മാര്‍ക്ക് പുനപരിശോധിക്കാനും ഒരു വിഷയത്തിന് 100 രൂപ വീതമായി ഫീസ് കുറച്ചിട്ടുണ്ട്. തിരുത്തല്‍ ആവശ്യപ്പെടാനുള്ള ഫീസ് ഒരു ചോദ്യത്തിന് 25 രൂപയാക്കി. മാർക്കിൽ വർധനവ് ഉണ്ടായാൽ മുഴുവൻ തുകയും തിരിച്ചു നൽകും. ഉത്തരകടലാസിന്റെ പകര്‍പ്പിനായി നാളെ മുതല്‍ 22ന് രാത്രി 11.59വരെ സിബിഎസ്ഇ വെബ്സൈറ്റിലൂടെ അപേക്ഷ നല്‍കാം. മാര്‍ക്ക് പുനപരിശോധനക്കും തിരുത്തലിനും 26 മുതല്‍ 29ന് രാത്രി 11.59 വരെ അപേക്ഷ നല്‍കാം.
വിദ്യാർത്ഥികളുടെ പരാതികൾ പരിഹരിക്കുന്നതിനായി സി.ബി.എസ്.ഇ പ്രത്യേക ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ നമ്പർ (1800-11-8004) ആരംഭിച്ചിട്ടുണ്ട്.