മലയാളത്തിനും കണക്കിനുമെന്നപോലെ വായനയ്ക്കും ഒരു പിരിയഡ് മാറ്റിവെച്ചിരിക്കുകയാണ് കോഴിക്കോട് ലോയോള സ്കൂള്‍. കുട്ടികളില്‍ വായനാശീലം വളര്‍ത്തുകയാണ് ലക്ഷ്യം. വായനാ പിരിയഡില്‍ ഇഷ്ടമുള്ള ഏത് പുസ്തകവും കുട്ടികള്‍ക്ക് വായിക്കാം.
ഈയൊരു ബെല്ലോടുകൂടി സ്കൂള്‍ നിശബ്ദമാക്കും. പിന്നീട് ഇരുന്നും നടന്നും ഡെസ്ക്കില്‍ കിടന്നുമെല്ലാം വായനയാണ്. റസ്കിന്‍ ബോണ്ടും എംടിയും എല്ലാം വായനയില്‍ നിറയും. കഥയോ കവിതയോ അങ്ങനെ എന്തുപുസ്തകവും ഗോള്‍ഡന്‍ അവര്‍ എന്നുപേരിട്ട പിരിയഡില്‍ വായിക്കാം. എല്ലാ വ്യാഴാഴ്ചയുമാണ് ഗോള്‍ഡന്‍ അവര്‍. വായന തുടങ്ങിയതോടെ ഒഴിവുവേളകളില്‍ കുട്ടികളുടെ ചര്‍ച്ചയും പുസ്തകങ്ങളെ കുറിച്ചായി.
വിദ്യാര്‍ഥികള്‍ മാത്രമല്ല അധ്യാപകരും അനധ്യാപകരും ഉള്‍പ്പെടെ എല്ലാ സ്റ്റാഫും പുസ്തകം വായിക്കണം. ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ എടുക്കുന്ന കുട്ടികളുടെ എണ്ണവും കൂടി. ഈ അധ്യയന വര്‍ഷമാണ് പദ്ധതിക്ക് തുടക്കമിട്ടത്. വായിച്ചു വളരാമെന്ന് കുട്ടികളും തീരുമാനിച്ചതോടെ വരും വര്‍ഷങ്ങളിലും പദ്ധതി വിജയകരമായി തുടരനാണ് തീരുമാനം